ബാഴ്സലോണ: ഫുട്ബാളിൽ എതിർ താരത്തെ ഫൗൾ ചെയ്യുന്നത് സാധാരണ സംഭവമാണ്. അതിന്റെ വ്യാപ്തിക്കും ഗൗരവത്തിനുമനുസരിച്ച് റഫറി നടപടിയുമെടുക്കും. എന്നാൽ, ഗാലറിയിലിരിക്കുന്നവരടക്കം സ്ഥിരമായി ഒരാളെത്തന്നെ ലക്ഷ്യമിടുന്നത് ഫുട്ബാളിന്റെ ഭംഗിയെയും സ്പിരിറ്റിനെയും ബാധിക്കുമെന്ന് തെളിയിക്കുകയാണ് റയൽ മഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയറിനുണ്ടായിക്കൊണ്ടിരിക്കുന്ന ദുരനുഭവങ്ങൾ. സ്ഥിരമായി കളത്തിലും പുറത്തും വംശീയാധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന 22 കാരനുമായി ബന്ധപ്പെട്ട് നാണക്കേടിന്റെയും ക്രൂരതയുടെയും റെക്കോഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് എതിർ ടീമിൽ കളിക്കുന്നവർ.
കഴിഞ്ഞ ദിവസം വിസിറ്റ് മയോർക സ്റ്റേഡിയത്തിൽ നടന്ന മയോർക-റയൽ മഡ്രിഡ് സ്പാനിഷ് ലാ ലീഗ മത്സരത്തിൽ പത്തു തവണയാണ് വിനീഷ്യസിനെ ഫൗൾ ചെയ്തത്. ഇത് ലാലീഗ റെക്കോഡാണ്. മത്സരത്തിൽ ആകെ 43 ഫൗൾ (മയോർക 29, റയൽ 14) നടന്നു. ഇരുടീമിലെയും താരങ്ങൾ അഞ്ചു വീതം മഞ്ഞക്കാർഡും കണ്ടു. സീസണിൽ ഇതുവരെ 79 പ്രാവശ്യം ഫൗളിനിരയായ താരം സീസണിൽ യൂറോപ്പിൽത്തന്നെ ഇക്കാര്യത്തിൽ ഏറ്റവും മുന്നിലാണ്. ഫ്രഞ്ച് ലീഗ് വൺ ടീമായ പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറും (59), ലാലീഗയിലെ റയോ വലേകാനോയുടെ സ്പാനിഷ് വിങ്ങർ ഇസി പലാസൻ (52) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
പല തവണ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ട് വിനീഷ്യസ്. 2021 നവംബറിൽ ബാഴ്സലോണ, 2022 സെപ്റ്റംബറിൽ അത്ലറ്റികോ മഡ്രിഡ്, ഡിസംബറിൽ വല്ലഡോലിഡ് ടീമുകൾക്കെതിരെ കളിച്ചപ്പോൾ ഇത് രൂക്ഷമായിരുന്നു. കുരങ്ങെന്ന് വിളിച്ചും മോശമായ ചിത്രങ്ങൾ കാണിച്ചും ഗാലറിയിലിരുന്ന് എതിർ ടീം ആരാധകർ താരത്തെ പരമാവധി പ്രകോപിപ്പിക്കും. ഗോളിലൂടെ തിരിച്ചടിക്കുന്ന വിനീഷ്യസ് സ്വതഃസിദ്ധമായ ശൈലിയിൽ നൃത്തംവെച്ചും മറുപടി കൊടുക്കും. വിനീഷ്യസ് തന്റെ ആഘോഷങ്ങളിൽ എതിരാളികളെ ബഹുമാനിക്കുന്നില്ലെന്നാണ് ഇത്തരക്കാരുടെ ആരോപണം. നൃത്തം നിർത്തില്ല എന്നും യൂറോപ്പിൽ വിജയിച്ച ഒരു കറുത്ത ബ്രസീലുകാരന്റെ സന്തോഷം പലരെയും അലട്ടുന്നുവെന്നും പറഞ്ഞ് വിനീഷ്യസ് മുമ്പ് വിദ്വേഷത്തിനും വംശീയതക്കുമെതിരെ വിഡിയോ പുറത്തിറക്കിയിരുന്നു. വല്ലാഡോലിഡിൽ ഗാലറിയിൽനിന്ന് വസ്തുക്കൾ തനിക്കുനേരെ എറിഞ്ഞിട്ടും ലാലീഗ അധികൃതർ ഒന്നും ചെയ്തില്ലെന്ന് വിനീഷ്യസ് പരാതിപ്പെട്ടു.
കഴിഞ്ഞ ദിവസം ലാലീഗയിൽ തലപ്പത്തേക്ക് കയറാനുള്ള അവസാന വട്ട നീക്കങ്ങൾ തച്ചുടച്ചാണ് ഇത്തിരിക്കുഞ്ഞന്മാരായ മയോർക എതിരില്ലാത്ത ഒരു ഗോളിന് മഡ്രിഡുകാരെ തോൽപിച്ചത്. കളിക്കിടെ മയോർക മൈതാനത്ത് ആരാധകർ വിനീഷ്യസിനെ പരിഹസിക്കുക കൂടി ചെയ്തു. സമൂഹമാധ്യമം വഴി പുറത്തുവന്ന വിഡിയോയിൽ ബ്രസീൽ താരത്തെ കുരങ്ങെന്ന് വിളിക്കുന്നതും കേൾക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.