എക്സ്ട്ര ടൈമിൽ ചെൽസിയുടെ നെഞ്ച് തകർത്ത് ബെൻസേമ; റയൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ

മഡ്രിഡ്: ​നിലവിലെ ജേതാക്കളായ ചെൽസിയെ തോൽപിച്ച് സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ പ്രവേശിച്ചു. അധിക സമയത്തേക്ക് നീണ്ട രണ്ടാം പാദ സെമിയിൽ 3-2ന് വിജയിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോർ 5-4ന് ​ചെൽസിയെ പിന്നിലാക്കിയായിരുന്നു റയലിന്റെ മുന്നേറ്റം. രണ്ടാംപാദ മത്സരത്തിൽ 3-0ത്തിന് പിന്നിൽ നിന്ന ശേഷമായിരുന്നു റയലിന്റെ അത്യുഗ്രൻ തിരിച്ചുവരവ്. അധിക സമയത്ത് സൂപ്പർ താരം കരീം ബെൻസേമയാണ് ചെൽസിയുടെ ഹൃദയം തകർത്ത ഗോൾ നേടിയത്.

15ാം മിനിറ്റിൽ മേസൺ മൗണ്ടിന്റെ ഗോളിലൂടെ ചെൽസി മുന്നിലെത്തി. തിമോ വെർണറുടെ പാസിൽ നിന്നായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ 51ാം മിനിറ്റിൽ അന്റോണിയോ റൂഡിഗറിന്റെ ഗോളിലൂടെ ചെൽസി ലീഡ് ഉയർത്തിയതോ​ടെ അഗ്രിഗേറ്റ് സ്കോർ 3-3ന് സമനിലയിലായി.

63ാം മിനിറ്റിൽ ഡിഫൻഡറായ മാർകോസ് അലോൺസോ ചെൽസിക്കായി വലകുലുക്കിയെങ്കിലും ഗോൾ വാറില്‍നിഷേധിക്കപ്പെട്ടു. എന്നാൽ അധികം വൈകാതെ 76ാം മിനിറ്റില്‍ വെര്‍ണർ ലക്ഷ്യം കണ്ടതോടെ സ്കോർ 3-0 ആയി. മൊത്തം സ്കോർ 4-3. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് വിജയം ചെൽസി ആരാധകർ സ്വപ്നം കണ്ട നിമിഷം.

എന്നാൽ 80ാം മിനിറ്റിൽ ഗോളിനായുള്ള റയലിന്റെ കഠിന ശ്രമം ലക്ഷ്യത്തിലെത്തി. ലൂക്ക മോഡ്രിചിന്റെ അളന്നുമുറിച്ച പാസ് സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ റോഡ്രിഗോ വോളിയിലൂടെ അതിവിദഗ്ധമായി വലയിലാക്കി. ഇതോടെ അഗ്രിഗേറ്റ് സ്കോർ വീണ്ടും തുല്യമായി (4-4). നിശ്ചിത സമയത്തിന്റെ അവസാനം വരെ ഇരു ടീമുകളും വിജയ ഗോളിനായി പൊരുതി നോക്കി.

എന്നാല എക്സ്ട്രാ ടൈമിൽ ബെൻസേമ വിധി നിർണയിച്ചു. വിനീഷ്യസിന്റെ ക്രോസ് ഫ്രഞ്ച് താരം ഹെഡ് ചെയ്ത് വലയിലാക്കി. അഗ്രിഗേറ്റ് സ്കോറിൽ മുന്നിലെത്തിയതോടെ സ്വന്തം വലയിൽ പന്ത് വീഴാതിരിക്കാനുള്ള ​പ്രതിരോധ മാർഗമാണ് റയൽ പുറത്തെടുത്തത്. മാഞ്ചസ്റ്റർ സിറ്റി-അത്‍ലറ്റിക്കോ മഡ്രിഡ് മത്സരത്തിലെ വിജയിയാകും റയലിന്റെ സെമിയിലെ എതിരാളി.

മറ്റൊരു ക്വാർട്ടറിൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ തോൽപിച്ച് സ്പാനിഷ് ക്ലബ്ബ് വിയ്യാറയലും ​സെമിബെർത്ത് സ്വന്തമാക്കി. രണ്ടാം പാദ മത്സരം 1-1 എന്ന സമനിലയില്‍ അവസാനിച്ചെങ്കിലും അഗ്രിഗേറ്റ് സ്കോറിലായിരുന്നു 2-1 വിയ്യാറയലിന്റെ സെമി പ്രവേശം.

Tags:    
News Summary - Real Madrid into Champions League semi-final; Karim Benzema breaks Chelsea hearts with extra-time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.