സമനിലയോടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ച് റയൽ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാംപാദ മത്സരത്തിൽ ജർമൻ ക്ലബ് ആർ.ബി ലെയ്പ്സിഷിനോട് സമനിലയിൽ കുരുങ്ങിയെങ്കിലും ആദ്യപാദത്തിലെ ഒരു ഗോൾ മുൻതൂക്കത്തിൽ ക്വാർട്ടറിലേക്ക് മുന്നേറി സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ്. യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെ അസിസ്റ്റിൽ വിനീഷ്യസ് ജൂനിയർ റയലിനായി ലക്ഷ്യം നേടിയപ്പോൾ നായകൻ വില്ലി ഓർബന്റെ വകയായിരുന്നു ലെയ്പ്സിഷിന്റെ സമനില ഗോൾ. ആദ്യ പാദത്തിൽ 2-1നായിരുന്നു റയലിന്റെ ജയം.

കനത്ത ആക്രമണവുമായി റയലിനെ വിറപ്പിച്ചാണ് ലെയ്പ്സിഷ് സമനിലയോടെ കളംവിട്ടത്. 20 ഷോട്ടുകൾ അവർ റയൽ ഗോൾമുഖത്തേക്ക് തൊടുത്തുവിട്ടപ്പോൾ റയലിന്റെ മറുപടി 11ൽ ഒതുങ്ങി. ആദ്യ പകുതിയിൽ ഇരുനിരയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഗോളൊഴിഞ്ഞുനിന്നു. 60ാം മിനിറ്റിൽ ടോണി ക്രൂസിന്റെ തകർപ്പൻ ഷോട്ട് എതിർ ഗോൾകീപ്പർ മുഴുനീള ഡൈവിലൂടെ തട്ടിയകറ്റിയത് ലീഡ് പിടിക്കാനുള്ള സുവർണാവസരം റയലിന് നഷ്ടമാക്കി.

എന്നാൽ, അഞ്ച് മിനിറ്റിനകം റയൽ ലീഡ് നേടി. ക്രൂസിൽനിന്ന് ലഭിച്ച പന്തുമായി സ്വന്തം പകുതിയിൽനിന്ന് ഒറ്റക്ക് മുന്നേറിയ ബെല്ലിങ്ഹാം അവസാനം വിനീഷ്യസിന് കൈമാറി. ബ്രസീലുകാരന്റെ ക്ലിനിക്കൽ ഫിനിഷ് എതിർ ഗോൾകീപ്പർക്ക് ഒരവസരവും നൽകിയില്ല. ഉടൻ തിരിച്ചടിക്കാൻ ലെയ്പ്സിഷിന് അവസരം ലഭിച്ചെങ്കിലും രണ്ടുതവണ റയൽ പ്രതിരോധ താരം റൂഡ്രിഗറുടെ കാലുകൾ തടസ്സംനിന്നു. എന്നാൽ, 68ാം മിനിറ്റിൽ അവർ ലക്ഷ്യം കണ്ടു. ഇടതു വിങ്ങിൽനിന്ന് റൗം നൽകിയ ക്രോസ് ഹെഡറിലൂടെ വില്ലി ഓർബൻ റയൽ വലയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ജയത്തിനായി ഇരുനിരയും ആക്രമിച്ച് കയറിയെങ്കിലും ഫലമുണ്ടായില്ല. 

Tags:    
News Summary - Real Madrid secured the Champions League quarter with a draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.