മഡ്രിഡ്: ലാ ലിഗ കിരീടത്തിലേക്ക് ഏറെ ദൂരം സഞ്ചരിച്ചുകഴിഞ്ഞ അത്ലറ്റികോ മഡ്രിഡിനെ അവസാനം പിടിച്ച് റയൽ മഡ്രിഡ്. കാഡിസിനെതിരായ മത്സരം ഏകപക്ഷീയമായ മൂന്നു ഗോളിന് ജയിച്ചതോടെ പോയിന്‍റ് നിലയിൽ മഡ്രിഡ് ടീമുകൾ ഒപ്പമെത്തിയെങ്കിലും ഗോൾ ശരാശരിയിൽ റയൽ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.
റയൽ കൂടി പങ്കാളിയായ യൂറോപ്യൻ സൂപർ ലീഗ് പ്രഖ്യാപനവും വൈകാതെ അതിന്‍റെ തകർച്ചയും കണ്ട മൂന്നു ദിവസം കഴിഞ്ഞ് ടീമിന്‍റെ ആദ്യ മത്സരമാണ് വൻ മാർജിനിൽ ജയിച്ചത്. 30ാം മിനിറ്റിൽ െപനാൽറ്റി ഗോളാക്കി മാറ്റി ബെൻസേമയാണ് തുടക്കമിട്ടത്. മൂന്നു മിനിറ്റിനിടെ ഒഡ്രിയോസോള ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കുംമുമ്പ് വീണ്ടും ലക്ഷ്യംകണ്ട് ബെൻസേമ റയലിന്‍റെ വിജയം ഉറപ്പാക്കി.
യൂറോപ്യൻ സൂപർ ലീഗിനെതിരായ പ്രതിഷേധം കൂടി കണ്ടാണ് ബുധനാഴ്ച വേദിയുണർന്നത്. മൈതാനത്തിന് പുറത്ത് നൂറുകണക്കിന് ആരാധകർ കൊടി പിടിച്ച് മുദ്രാവാക്യവുമായി അണിനിരന്നു.
പക്ഷേ, ഒട്ടും കൂസാതെ മൈതാനം വാണ റയൽ 10 മിനിറ്റിനിടെ മൂന്നു ഗോളുകളുമായി വിജയവും ലാ ലിഗ ഒന്നാം സ്ഥാനവും പിടിച്ചെടുക്കുകയായിരുന്നു. തലപ്പത്തെത്തിയെങ്കിലും ബാഴ്സലോണയും അത്ലറ്റികോ മഡ്രിഡും കടുത്ത പോരാട്ടവുമായി ഒപ്പമുള്ളതിനാൽ കിരീട പോരാട്ടം അവസാനം വരെ കനക്കും. ജയത്തോടെ റയൽ അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കി.
ലീഗിൽനിന്ന് റയൽ ഇതുവരെയും പിന്മാറ്റം പ്രഖ്യാപിച്ചിട്ടില്ല. നാട്ടുകാരായ അത്ലറ്റികോ മഡ്രിഡാകട്ടെ, ഇതിനകം പിന്മാറ്റം പ്രഖ്യാപിച്ചുകഴിഞ്ഞു.
മറ്റു മത്സരങ്ങളിൽ സെവിയ്യ ലെവിയ്യയെയും (1-0) ഒസാസുന വലൻസിയയെയും (3-1) അലാവസ് വിയ്യാ റയലിനെയും (2-1) തോൽപിച്ചു.
റയലിനും അത്ലറ്റികോ മഡ്രിഡിനും 70 പോയിന്‍റ് വീതമുണ്ട്. രണ്ട് കളി കുറച്ചുകളിച്ച ബാഴ്സലോണക്ക് 65 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.