പാരിസ്: ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഫ്രഞ്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെക്ക് അന്ത്യശാസനം നൽകി പി.എസ്.ജി മാനേജ്മെന്റ്. ഭാവിയെ കുറിച്ച് തീരുമാനിക്കാന്‍ പത്ത് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. കരാര്‍ പുതുക്കുക, അല്ലെങ്കില്‍ ക്ലബ് വിടുക എന്നതാണ് പി.എസ്.ജി സി.ഇ.ഒ നാസർ അൽ ഖലൈഫി നൽകിയ നിർദേശം.
അഭ്യൂഹങ്ങൾക്കിടെ എംബാപ്പെ പി.എസ്.ജിയിലെത്തി പ്രീ സീസണ്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. ക്ലബിൽ തുടരാനുള്ള തീരുമാനം താരം പുതിയ പരിശീലകൻ ലൂയിസ് എൻറിക്വെയെ അറിയിച്ചതായും കരാർ സംബന്ധിച്ച് ചൊവ്വാഴ്ച ചർച്ച നടക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ചയാണ് പി.എസ്.ജിയുടെ പരിശീലന ക്യാമ്പിന് എംബാപ്പെ എത്തിയത്. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ട്. നെയ്മറും എംബാപ്പെയും ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
ചാമ്പ്യന്‍സ് ലീഗ് കിരീടം ലഭിക്കാതായതോടെയാണ് കരാര്‍ പുതുക്കില്ലെന്ന് എംബാപ്പെ പി.എസ്.ജിയെ അറിയിച്ചത്. ഇതോടെ താരവും ക്ലബ് അധികൃതരും തമ്മില്‍ ഉടക്കുകയും കരാര്‍ പുതുക്കില്ലെങ്കില്‍ ഈ സീസണില്‍ തന്നെ വില്‍ക്കുമെന്ന് ക്ലബ് നിലപാടെടുക്കുകയും ചെയ്തു. കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റായി എംബാപ്പെയെ നഷ്ടമാകുന്നത് ഒഴിവാക്കാനാണ് പി.എസ്.ജിയുടെ ശ്രമം. എന്നാല്‍, കരാര്‍ പുതുക്കാനോ ട്രാന്‍സ്ഫറിനോ എംബാപ്പെ തയാറായില്ല. ഇതോടൊണ് അന്ത്യശാസനവുമായി പി.എസ്.ജി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.