എംബാപ്പെക്കായി റയലിന്‍റെ അവസാന ‘കളി’; പി.എസ്.ജിക്കു മുന്നിൽവെക്കുന്നത് വമ്പൻ ഓഫർ

പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ ക്ലബിലെത്തിക്കാനുള്ള അവസാന വജ്രായുധം പുറത്തെടുക്കാനൊരുങ്ങി സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ്. താരവുമായി ഈ സീസണിൽ തന്നെ കരാറിൽ എത്താനുള്ള അവസാനഘട്ട നീക്കങ്ങളാണ് റയൽ നടത്തുന്നത്.

ട്രാൻസ്ഫർ വിപണി അവസാനിക്കുന്നതിന് മുമ്പായി ആഗസ്റ്റ് 29നും സെപ്റ്റംബർ ഒന്നിനും ഇടയിൽ എംബാപ്പെക്കായി പി.എസ്.ജിക്കു മുന്നിൽ പുതിയ ഓഫർ റയൽ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 120 മില്യൺ ‍യൂറോ നൽകി താരത്തെ റാഞ്ചാനാണ് നീക്കം. നേരത്തെ, 250 മില്യൺ യൂറോ വരെയാണ് പി.എസ്‌.ജി എംബാപ്പെക്കായി ആവശ്യപ്പെട്ടിരുന്നത്.

ഇതിപ്പോൾ 150 മില്യൺ യൂറോ വരെയായി കുറഞ്ഞിട്ടുണ്ട്. കരാറിന് റയലിന്‍റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതായി ജർമൻ പത്രമായ ബിൽഡ് റിപ്പോർട്ട് ചെയ്തു. ഇടക്കാല കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ അടുത്ത സീസണൊടുവില്‍ എംബാപ്പെക്ക് ഫ്രീ ഏജന്‍റായി ക്ലബ് വിടാനാകും. ഇത് ക്ലബിന് വലിയ നഷ്ടമാകും. അതുകൊണ്ടു തന്നെ റയലിന്‍റെ 120 മില്യണ്‍ യൂറോ കരാർ അംഗീകരിക്കാൻ പി.എസ്.ജി നിർബന്ധിതരാകും.

എംബാപ്പെയെ സ്വന്തമാക്കാൻ റയൽ വർഷങ്ങളായി നീക്കം നടത്തുന്നുണ്ട്. റയലിലേക്ക് ചേക്കേറാനാണ് എംബാപ്പെയും വ്യക്തിപരമായി ആഗ്രഹിക്കുന്നത്. യൂറോപ്പിലെ മികച്ച ക്ലബുകൾക്കെതിരെ പോരാടാൻ റയൽ മഡ്രിഡിന് ഒരു ഗോൾ സ്‌കോററെ അടിയന്തരമായി ആവശ്യമുണ്ട്. 2017ൽ വായ്പാടിസ്ഥാനത്തിലാണ് മൊണോക്കോയില്‍നിന്ന് എംബാപ്പെ പി.എസ്.ജിയിലെത്തിയത്.

കരാര്‍ പുതുക്കില്ലെന്ന് അറിയിച്ചതോടെ എംബാപ്പെയും പി.എസ്‌.ജിയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ക്ലബിന്‍റെ പ്രീ സീസൺ മത്സരങ്ങളിലും ലീഗ് വണ്ണിലെ ആദ്യ മത്സരത്തിലും താരത്തെ മാറ്റി നിർത്തുകയും ചെയ്തു. ഇതിനിടെ സുഹൃത്തായ ഒസ്മാന്‍ ഡെംബലെയെ ടീമിലെത്തിക്കുകയും ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ക്ലബ് വിടുകയും ചെയ്തതോടെ ഭിന്നതകൾ മറന്ന് എംബാപ്പെ ക്ലബുമായി സഹകരിക്കാൻ തയാറായി.

താൽക്കാലിക വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് എംബാപ്പെ വീണ്ടും ക്ലബിനായി കളത്തിലിറങ്ങി. ടൊലീസോക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഗോൾ നേടുകയും ചെയ്തു.

Tags:    
News Summary - Report claims Real Madrid will make irresistible offer for Mbappe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.