കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ഇവാന്‍ കലിയൂഷ്‌നി ടീം വിട്ടതായി സൂചന. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ മാർകസ് മെര്‍ഗുല്‍ഹാവോയാണ് ട്വീറ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ആധികാരിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകനാണ് മാർകസ്. കലിയൂഷ്‌നി ഇപ്പോഴും ടീമിനൊപ്പമുണ്ടോ എന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇവാന്‍ നേരത്തെതന്നെ ടീം ഹോട്ടല്‍ വിട്ടുവെന്നായിരുന്നു മാർകസിന്റെ മറുപടി.
സൂപ്പർകപ്പിൽ ശ്രീനിധി ഡെക്കാനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ കലിയൂഷ്നി ഉണ്ടായിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. നേരത്തെ കലിയൂഷ്‌നി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താരം നാട്ടിലേക്ക് മടങ്ങിയെന്നുള്ള അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍, ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൂപ്പർ കപ്പിൽ ബംഗളൂരു എഫ്.സിക്കെതിരെ നാളെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ബ്ലാസ്റ്റേഴ്സ് നിരയിലെ ശ്രദ്ധേയനായ താരമായിരുന്നു യുക്രെയ്നിൽനിന്നുള്ള കലിയൂഷ്‌നി. യുക്രെയ്നിലെ മുൻനിര ടീമുകളായ ഡൈനാമോ കീവിനും മെറ്റലിസ്റ്റ് ഖാർകീവിനും ബൂട്ടുകെട്ടിയ പരിചയസമ്പത്തുള്ള 25കാരൻ ഐസ്‌ലന്‍ഡിലെ ടോപ് ഡിവിഷന്‍ ക്ലബായ കെഫ്‌ലാവിക്കിനു വേണ്ടി കളിക്കുന്നതിനിടെ വായ്പ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷമാണ് മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. ഏഴ് മത്സരങ്ങളില്‍നിന്ന് നാല് ഗോളുകള്‍ നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.