മാഡ്രിഡ്: ഇരട്ട ഗോളും അസിസ്റ്റുമായി ബ്രസീലിയൻ ഫോർവേഡ് റോഡ്രിഗോയും ഒരു ഗോളുമായി ജൂഡ് ബെല്ലിങ്ഹാമും നിറഞ്ഞുനിന്ന പോരാട്ടത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ലാലിഗയിൽ കാഡിസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയൽ തകർത്തത്.
14ാം മിനിറ്റിൽ റോഡ്രിഗോയിലൂടെയാണ് റയൽ ഗോളടി തുടങ്ങിയത്. ബെല്ലിങ്ഹാമിൽനിന്ന് ലഭിച്ച പന്ത് എതിർ ഡിഫൻഡർമാരെ വകഞ്ഞുമാറ്റി പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കാഡിസിന് സമനില നേടാൻ മികച്ച അവസരം ലഭിച്ചെങ്കിലും തകർപ്പൻ ഷോട്ട് ക്രോസ് ബാറിനോട് ചേർന്ന് പുറത്തുപോയി. 53ാം മിനിറ്റിൽ റോഡ്രിഗോക്ക് രണ്ടാം ഗോളടിക്കാൻ അവസരമൊത്തെങ്കിലും ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റിലേക്ക് പന്തടിക്കുന്നതിൽ സഹതാരം ജൊസേലുവുമായി ആശയക്കുഴപ്പമുണ്ടായത് തിരിച്ചടിയായി.
62ാം മിനിറ്റിൽ റോഡ്രിഗോ നൽകിയ പാസ് ലൂക്ക മോഡ്രിച് വല ലക്ഷ്യമാക്കി അടിച്ചെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. എന്നാൽ, രണ്ട് മിനിറ്റിനകം മോഡ്രിച് നൽകിയ പാസ് പിടിച്ചെടുത്ത് വളഞ്ഞുനിന്ന നാല് പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് റോഡ്രിഗോ രണ്ടാം തവണയും കാഡിസ് വലയിൽ നിറയൊഴിച്ചു. പത്ത് മിനിറ്റിനകം സഹതാരം ജൂഡ് ബെല്ലിങ്ഹാമിന് ഗോളടിക്കാൻ അവസരമൊരുക്കുകയും ചെയ്തു. ബെല്ലിങ്ഹാമിന്റെ തകർപ്പൻ ഇടങ്കാലൻ ഷോട്ട് ഗോളിയെ മറികടന്ന് വലയിൽ കയറുകയായിരുന്നു. സീസണിൽ 12 ലാലിഗ മത്സരങ്ങളിൽ ബെല്ലിങ്ഹാമിന്റെ 11ാം ഗോളായിരുന്നു ഇത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് റോഡ്രിഗോ ഗോൾ നേടുന്നത്.
ജയത്തോടെ 35 പോയന്റുമായി റയൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ചു കളിച്ച ജിറോണ 34 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. 31 പോയന്റുകൾ വീതമുള്ള അത്‍ലറ്റികോ മാഡ്രിഡ്, ബാഴ്സലോണ എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. മറ്റു മത്സരങ്ങളിൽ റയൽ സൊസീഡാഡ് 2-1ന് സെവിയ്യയെയും വിയ്യറയൽ 3-1ന് ഒസാസുനയെയും റയൽ ബെറ്റിസ് 1-0ത്തിന് ലാസ് പാൽമാസിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.