പോയ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ദ്യോർ പുരസ്കാരം നേടിയത് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിയാണ്. സ്പെയ്നിന് വേണ്ടിയും സിറ്റിക്ക് വേണ്ടിയും മികച്ച പ്രകടനം കാഴ്ചവെച്ച താരം യൂറോ കപ്പും പ്രീമിയർ ലീഗും നേടിയിരുന്നു. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറെ മറികടന്നാണ് റോഡ്രി ബാലൺ ദ്യോർ ജേതാവായത്.
തനിക്ക് സോഷ്യൽ മീഡിയ ഇല്ലാത്തതിനാൽ തന്നെ ഒരുപാട് പേർക്ക് അറിയില്ലെന്നും എന്നാൽ തന്‍റെ പ്രൊഫഷൺ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും റോഡ്രി പറഞ്ഞു. ഇതിനൊപ്പം തന്‍റെ വീട്ടുകാർക്കും സിറ്റിക്കുമെല്ലാം അദ്ദേഹം നന്ദി അറിയിക്കുന്നുണ്ട്.
' എനിക്കും എന്‍റെ കുടുംബത്തിനും എന്‍റെ രാജ്യത്തിനും വളരെ പ്രത്യേകമായൊരു ദിവസമാണ് ഇത്. ഞാൻ സമൂഹമാധ്യമങ്ങളിൽ ഇല്ലാത്തതിനാൽ എന്നെ അധികം ആളുകൾക്ക് അറിയില്ല. ഞാനൊരു സാധാരണക്കാരനാണ്. ഫുട്ബോളാണ് എന്റെ പ്രൊഫഷൻ. അത് ഞാൻ ആസ്വദിക്കുന്നു. എപ്പോഴും നല്ലൊരു മനുഷ്യനാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ക്ലബും സഹതാരങ്ങളെയും മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്,' റോഡ്രി പറഞ്ഞു.
എപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കണമെന്നും സാധാരണക്കാരൻ ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'എനിക്ക് കുട്ടികളോട് പറയാനുള്ളത്, ഒരിക്കലും അമിത ആവേശം കാണിക്കരുത്. നമ്മൾ സാധാരണക്കാരായിരിക്കണം. ഏറ്റവും മികച്ച പ്രകടനത്തിനായി ശ്രമിക്കണം. ഞാൻ ദൈവത്തിന് നന്ദി പറയുന്നു ധർമ്മബോധത്തിനും കഠിനാദ്ധ്വാനത്തിനുമുള്ള ഫലമാണ് ഇപ്പോൾ തിരിച്ച് ലഭിച്ചിരിക്കുന്നത്'. റോഡ്രി പറഞ്ഞു.
എട്ട് വർഷമായി തന്‍റൊപ്പമുള്ള കാമുകിക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി അറിയിക്കുന്നുണ്ട്. ഒപ്പം സിറ്റി ടീമിനും സ്പെയ്നിനും റോഡ്രി നന്ദി പറഞ്ഞു. മികച്ച യുവതാരത്തിനുള്ള കോപ പുരസ്കാരം സ്വന്തമാക്കിയ യുവ സ്പാനിഷ് താരം ലാമിൻ യമാലിനെയും തന്‍റൊപ്പം ബാലൺ ദ്യോറിന് മത്സരിച്ച റയലിന്‍റെ സ്പാനിഷ് താരം ഡാനി കർവജാലിനെയും റോഡ്രി അഭിന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.