മ്യൂണിക്: ലിവർപൂളിന്റെ സെനഗാൾ സ്ട്രൈക്കർ സാദിയോ മാനെ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുന്നു. 3.2 കോടി യൂറോ (ഏകദേശം 260 കോടി രൂപ) ഇംഗ്ലീഷ് ക്ലബിന് നൽകിയാണ് ജർമൻ വമ്പന്മാർ 30കാരനെ സ്വന്തമാക്കുന്നത്. ബോണസുകളും മറ്റുമായി കൈമാറ്റത്തുക 4.1 കോടി യൂറോ (ഏകദേശം 335 കോടി രൂപ) വരെ ഉയരാം.
മൂന്നു വർഷത്തേക്കായിരിക്കും കരാർ എന്നാണ് സൂചന. മാനെയുടെ വരവ് ബയേൺ സ്പോർട്ടിങ് ഡയറക്ടർ ഹസൻ സലിഹമിഡിചാണ് സ്ഥിരീകരിച്ചത്. രണ്ടു ക്ലബുകൾക്കുമിടയിൽ ധാരണയായതായും കരാർ ഉടൻ ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ടീം വിട്ടേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ബയേണിന് മികച്ച നേട്ടമാണ് മാനെയുടെ വരവ്.
ചാമ്പ്യൻസ് ലീഗ് ഫൈനലിനു പിന്നാലെ ലിവർപൂൾ വിടുകയാണെന്ന് മാനെ വ്യക്തമാക്കിയിരുന്നു. ആറുവർഷം ലിവർപൂളിന് കളിച്ച മാനെ 269 മത്സരങ്ങളിൽ 120 ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, കറബാവോ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് എന്നിവയും റെഡ്സിനൊപ്പം സ്വന്തമാക്കി.
ലിവർപൂൾ: മാനെ പോകുമെന്ന് മനസ്സിലുറപ്പിക്കുമ്പോഴേക്കും ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് അത് മാനത്തു കണ്ടിരുന്നു. പകരക്കാരൻ സ്ട്രൈക്കർക്കായി നേരത്തേ വല വിരിക്കുകയും ചെയ്തു. വലയിൽ വീണത് പോർചുഗീസ് ക്ലബ് ബെൻഫികയുടെ ഉറുഗ്വായ് സ്ട്രൈക്കർ ഡാർവിൻ ന്യൂനസ്. മാഞ്ചസ്റ്റർ യുനൈറ്റഡും ആഴ്സനലും ന്യൂകാസിൽ യുനൈറ്റഡുമൊക്കെ നോട്ടമിട്ട 22കാരനെ പൊന്നും വില കൊടുത്ത് റെഡ്സ് സ്വന്തമാക്കി, മാനെ പോകുന്നതിനു മുമ്പുതന്നെ.
7.5 കോടി യൂറോയാണ് (ഏകദേശം 612 കോടി രൂപ) ലിവർപൂൾ ഡാർവിനായി ചെലവഴിച്ചത്. അത് പിന്നീട് 10 കോടി യൂറോ (ഏകദേശം 818 കോടി രൂപ) ഉയരുകയും ചെയ്യാം. ബെൻഫികക്കായി കഴിഞ്ഞ സീസണിൽ ലീഗിൽ 26 എണ്ണമടക്കം 34 ഗോളുകൾ സ്കോർ ചെയ്താണ് ഡാർവിൻ വരവറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.