ബംഗളൂരു: സാഫ് കപ്പിൽ ആദ്യ അങ്കത്തിനിറങ്ങിയ കുവൈത്ത് ജയത്തോടെ തുടങ്ങി. ബുധനാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ തവണത്തെ റണ്ണേഴ്സപ്പായ നേപ്പാളിനെ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി. കുവൈത്ത് നിരയിൽ ക്യാപ്റ്റൻ ഖാലിദ് ഹാജിയ, ഷബൈബ് അൽ ഖാലിദി, മുഹമ്മദ് അബ്ദുല്ല എന്നിവരും നേപ്പാളിനായി അൻജൻ ബിസ്തയും സ്കോർ ചെയ്തു.
കളിയുടെ മൂന്നാം മിനിറ്റിൽതന്നെ എതിർ ഗോൾ മുഖത്ത് ഭീതിവിതച്ച നേപ്പാൾ പ്രസിങ് ഗെയിമാണ് പുറത്തെടുത്തത്. 19ാം മിനിറ്റിൽ കുവൈത്ത് പ്രതിരോധത്തിലെ പിഴവിൽനിന്ന് മറ്റൊരവസരംകൂടി നേപ്പാളിന് ലഭിച്ചെങ്കിലും മുന്നേറ്റ താരം ശ്രേഷ്ഠക്ക് മുതലാക്കാനായില്ല. പാസിങ്ങിലൂടെ കളിമെനഞ്ഞ കുവൈത്താകട്ടെ 23ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് പ്രയാസമേതുമില്ലാതെ ആദ്യ ഗോൾ കണ്ടെത്തി. ബോക്സിലേക്ക് വന്നിറങ്ങിയ പന്തിന് തലവെച്ചുകൊടുക്കേണ്ട പണിയേ ക്യാപ്റ്റൻ ഖാലിദ് ഹാജിയക്കുണ്ടായിരുന്നുള്ളൂ. 41ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽനിന്ന് ലഭിച്ച ക്രോസ് ബോക്സിൽ സ്വീകരിച്ച് വിദഗ്ധമായി ഷബൈബ് അൽ ഖാലിദി വലയിലാക്കി.
രണ്ടു ഗോളിന് പിറകിലായ നേപ്പാൾ രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്കുകളുമായി ഉണർന്നു. 57ാം മിനിറ്റിൽ നിർഭാഗ്യം കൊണ്ടാണ് ഗോൾ വഴിമാറിയത്. നേപ്പാൾ തുടർച്ചയായ ആക്രമണത്തിന് ശ്രമിക്കുന്നതിനിടെ മൂന്നാം ഗോളും വീണു. ബോക്സിൽ രാഹുൽ ചന്ദ് പന്ത് കൈകൊണ്ട് തൊട്ടതിന് റഫറി ആലംഗീർ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത മുഹമ്മദ് അബ്ദുല്ല എതിർഗോളിയും ക്യാപ്റ്റനുമായ കിരൺകുമാറിന് ഒരവസരവും നൽകാതെ പന്ത് വലയിലേക്ക് അടിച്ചുകയറ്റി.
രണ്ടു മിനിറ്റിന് ശേഷം സോളോ റണ്ണിലൂടെ അൻജൻ ബിസ്ത കുവൈത്ത് ഗോളിയെയും മറികടന്ന് ഫിനിഷ് ചെയ്തതോടെ നേപ്പാളിന് ആശ്വാസ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.