ബംഗളൂരു: സാഫ് കപ്പ് ഫുട്ബാളിൽ ശനിയാഴ്ച സെമി ഫൈനൽ പോരാട്ടം. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വൈകീട്ട് മൂന്നിന് നടക്കുന്ന ആദ്യ സെമിയിൽ കുവൈത്ത് ബംഗ്ലാദേശിനെയും രാത്രി 7.30ന് നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ ലബനാനെയും നേരിടും. ഇത്തവണ അതിഥി ടീമായെത്തിയ കുവൈത്തും ലബനാനും ഗ്രൂപ് ജേതാക്കളായാണ് സെമിയിലിടം പിടിച്ചത്. നിലവിലെ ജേതാക്കളായ ഇന്ത്യക്ക് ലബനാൻ ഒത്ത എതിരാളിയാവും. ഫോം നില പരിഗണിച്ചാൽ ഇരു ടീമുകൾക്കും ജയസാധ്യത കൽപിക്കപ്പെടുന്നുണ്ട്.
ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കുവൈത്തിനെതിരെ ഒന്നാന്തരം ആക്രമണ ഫുട്ബാൾ കാഴ്ചവെച്ച ഇന്ത്യ നിർഭാഗ്യം കൊണ്ടാണ് സെൽഫ് ഗോളിൽ സമനില വഴങ്ങിയത്. ടീമിന്റെ മൊത്തം പ്രകടനത്തിൽ സംതൃപ്തി അറിയിച്ച കോച്ച് ഇഗോർ സ്റ്റിമാക് പക്ഷേ, നിർണായക നിമിഷങ്ങളിലെ സമ്മർദം ഒഴിവാക്കേണ്ടതാണെന്നും അനാവശ്യമായി എതിർ ടീമിന് അവസരങ്ങളൊരുക്കരുതെന്നും ഉപദേശിക്കുന്നു. ഓരോ കളി കഴിയുന്തോറും നമ്മൾ മെച്ചപ്പെട്ടുവരുന്നു. ഞാനുദ്ദേശിച്ച തലത്തിലേക്ക് ടീം അടുക്കുന്നുണ്ട്- സ്റ്റിമാക് വ്യക്തമാക്കി.
പാകിസ്താൻ, നേപ്പാൾ ടീമുകൾക്കെതിരെ 4-2-3-1 ശൈലിയിൽ ഛേത്രിയെ മുൻ നിർത്തി ആക്രമണം മെനയുന്ന ശൈലിയായിരുന്നു ഇന്ത്യയുടേത്. എന്നാൽ, കുവൈത്തിനെതിരെ 4-4-2 ശൈലിയിലാണ് ആതിഥേയരിറങ്ങിയത്. ഛേത്രിക്കൊപ്പം ആഷിക് കുരുണിയനെ കൂടി സെൻട്രൽ ഫോർവേഡ് പൊസിഷനിലേക്ക് കൊണ്ടുവരുകയും പ്രതിരോധത്തിൽ പ്രീതം കോട്ടാലിനും സുഭാഷിഷ് ബോസിനും പകരം ആകാശ് മിശ്രയെയും നിഖിൽ പൂജാരിയെയും വിന്യസിക്കുകയും ചെയ്തത് ആക്രമണത്തിന് മൂർച്ച കൂട്ടിയിരുന്നു.
വലതു വിങ്ങിലൂടെയും ഇടതു വിങ്ങിലൂടെയും ഒരു പോലെ പന്ത് എതിർമുഖത്തേക്ക് നിരന്തരം എത്തിയതോടെ എട്ടു കോർണറാണ് കുവൈത്ത് പ്രതിരോധത്തിന് വഴങ്ങേണ്ടി വന്നത്. വിങ്ങർ അറ്റാക്കറ്റായി മഹേഷും മധ്യ നിരയിൽ ജിക്സണും ഥാപ്പയും തിളങ്ങിയപ്പോൾ ചാങ്തെയിൽനിന്നാണ് പ്രതീക്ഷിച്ച പ്രകടനമില്ലാതിരുന്നത്. ഫിനിഷിങ്ങിന് 38 കാരനായ സുനിൽ ഛേത്രിയെ മാത്രം ആശ്രയിക്കേണ്ടി വരുന്ന ടീമിൽ ചാങ്തെ, സഹൽ, ആഷിഖ് തുടങ്ങിയവരും സ്കോറിങ്ങിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇന്ത്യ ഇതുവരെ എതിർ വലയിലെത്തിച്ച ഏഴിൽ അഞ്ചു ഗോളും ഛേത്രിയുടെ സംഭാവനയാണ്. മഹേഷ് സിങ്ങും ഉദാന്ത സിങ്ങുമാണ് മറ്റു സ്കോറർമാർ.
കുവൈത്തിനെതിരെ കളത്തിലിറങ്ങിയ സ്ക്വാഡിൽ കാര്യമായ മാറ്റം വരുത്താതെയാകും ഇന്ത്യയിറങ്ങുക. അമരീന്ദറിന് പകരം വലകാക്കാൻ ഗുർപ്രീത് തിരിച്ചെത്തിയേക്കും. കഴിഞ്ഞ കളിയിൽ റെഡ് കാർഡ് കാണേണ്ടി വന്ന കോച്ച് ഇഗോർ സ്റ്റിമാക്കും രണ്ടു മഞ്ഞക്കാർഡ് കണ്ട സന്ദേശ് ജിങ്കാനും പുറത്തിരിക്കേണ്ടി വരും. അൻവറലിക്കൊപ്പം പ്രീതം കോട്ടാലായിരിക്കും സെൻട്രൽ ഡിഫൻസിൽ. സ്റ്റിമാക്കിന് പകരം സഹ പരിശീലകൻ മഹേഷ് ഗാവ്ലി ഡഗ്ഔട്ടിൽ ടീമിന് നിർദേശം നൽകും.
ലോകകപ്പ് യോഗ്യത റൗണ്ടിൽ മൂന്നാം ഘട്ട മത്സരങ്ങളിൽ ഇറാൻ, ഇറാഖ്, ദക്ഷിണ കൊറിയ, ഈജിപ്ത് തുടങ്ങി ശക്തമായ ടീമുകളുമായി ഏറ്റുമുട്ടിയ പരിചയ സമ്പത്തുമായാണ് ലബനാൻ എത്തുന്നത്. ഗ്രൂപ് ഘട്ടത്തിൽ ബംഗ്ലാദേശിനെ 2-0 നും ഭൂട്ടാനെ 4-1 നും മാലദ്വീപിനെ 1-0 നും വീഴ്ത്തിയിരുന്നു. ഇന്ത്യയും ലബനാനും ഇതുവരെ എട്ടുകളിയിൽ ഏറ്റുമുട്ടിയപ്പോൾ മൂന്നു തവണ ലബനാനും രണ്ടു തവണ ഇന്ത്യക്കുമായിരുന്നു ജയം.
മൂന്നു കളി സമനിലയിൽ കലാശിച്ചു. രണ്ടാഴ്ച മുമ്പ് ഒഡിഷയിൽ നടന്ന ഇന്റർ കോണ്ടിനെൻറൽ കപ്പിൽ ലബനാനുമായി രണ്ടു തവണ ഇന്ത്യ ഏറ്റുമുട്ടിയിരുന്നു. റൗണ്ട് മത്സരത്തിൽ ഇരു ടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ ഫൈനലിൽ 2-0 ന് ഇന്ത്യക്കായിരുന്നു ജയം. ലബനാനുമായി ഒരിക്കൽ കൂടി മുഖാമുഖമെത്തുമ്പോൾ മത്സരം കടുക്കും.
ഗോൾ വഴങ്ങാതെ എട്ട് തുടർച്ചയായ മത്സരങ്ങൾ എന്ന റെക്കോഡ് കുതിപ്പിന് കുവൈത്തിനെതിരായ സെൽഫ് ഗോളോടെ വിരാമമായെങ്കിലും സെമിയിൽ ലബനാനെ തോൽപിക്കാനായാൽ തോൽക്കാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന സ്വന്തം റെക്കോഡ് ഇന്ത്യക്ക് പുതുക്കാനാവും.
കുവൈത്തും ബംഗ്ലാദേശും ഏറ്റുമുട്ടുന്ന ആദ്യ സെമിയിൽ കുവൈത്തിനാണ് മുൻതൂക്കം. കൂട്ടമായി ആക്രമണം മെനയുന്ന കുവൈത്തിന്റെ മധ്യനിരയും മുന്നേറ്റ നിരയും ഒരുപോലെ ഗോളടിക്കാൻ കെൽപുള്ളവരാണ്. എന്നാൽ, മാലദ്വീപിനെയും ഭൂട്ടാനെയും 3-1 ന് തോൽപിച്ചെത്തുന്ന ബംഗ്ലാദേശ് അപകടകാരികളാണ്. ഇരു ടീമിനെതിരെയും ആദ്യം ഗോൾ വഴങ്ങിയ ബംഗ്ലാ കടുവകൾ തിരിച്ചുവരുകയായിരുന്നു.
ഗോളടിയിൽ മികവ് കാണിക്കുന്ന മധ്യനിരയിലെ കൗമാര താരം ഷെയ്ക്ക് മുർസലിൻ കുവൈത്ത് പ്രതിരോധത്തിന്റെ നോട്ടപ്പുള്ളിയാവും. കുവൈത്തും ലബനാനും സെമിയിൽ വിജയം കണ്ടാൽ അതിഥി ടീമുകൾ ഫൈനലിലെത്തുന്ന അപൂർവതക്കാവും ഈ സാഫ് കപ്പ് സാക്ഷ്യം വഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.