ബംഗളൂരു: തോൽവിയറിയാതെ തുടർച്ചയായ ഒമ്പതാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ നീലക്കടുവകൾ സാഫ് കപ്പ് ഫുട്ബാളിൽ ഗ്രൂപ് എ ജേതാക്കളാകാൻ ചൊവ്വാഴ്ചയിറങ്ങുന്നു. നീലത്തിരമാലയെന്ന് വിളിപ്പേരുള്ള കുവൈത്താണ് എതിരാളികൾ. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയന്റ് വീതമുള്ള ഇരുടീമുകളും സെമി ബർത്തുറപ്പിച്ചതിനാൽ വിജയികൾ ഗ്രൂപ് ജേതാക്കളാവും.
രാത്രി 7.30ന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയന്റുമായി മുന്നിലുള്ള ലബനാനാണ് ഗ്രൂപ് ബി ജേതാക്കളാകാൻ സാധ്യതയുള്ള ടീം. നോക്കൗട്ടിൽ ശക്തരായ ലബനാനുമായി മുഖാമുഖമെത്തുന്നത് ഒഴിവാക്കാൻ ഇന്ത്യക്ക് കുവൈത്തിനെതിരെ ജയം അനിവാര്യമാണ്.
വൈകീട്ട് 3.30ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ പോയന്റൊന്നും കൈവശമില്ലാത്ത പാകിസ്താനും നേപ്പാളും ആശ്വാസ ജയം തേടിയിറങ്ങും. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 101ഉം കുവൈത്ത് 143ഉം സ്ഥാനത്താണുള്ളത്. എന്നാൽ, കണക്കുപുസ്തകത്തിലേതുപോലെയല്ല കുവൈത്തിന്റെ കളത്തിലെ കളി.
നേപ്പാളിനെ ഒന്നിനെതിരെ മൂന്നു ഗോളിനും പാകിസ്താനെ മറുപടിയില്ലാത്ത നാലു ഗോളിനും തകർത്താണ് കുവൈത്ത് മൂന്നാം മത്സരത്തിനിറങ്ങുന്നത്. ക്യാപ്റ്റൻ ഖാലിദ് ഹാജിയയും ഹസൻ അലനെസിയും നയിക്കുന്ന പ്രതിരോധം സുനിൽ ഛേത്രിക്കും സംഘത്തിനും കടുത്ത വെല്ലുവിളിയാകും.
മുന്നേറ്റനിരയും മധ്യനിരയും ഒരുപോലെ ഗോളടിക്കാൻ കഴിവുള്ളവരാണെന്നതാണ് കുവൈത്തിന്റെ കരുത്ത്. ആറു താരങ്ങളുടെ സംഭാവനയാണ് ടീം ഇതുവരെ നേടിയ ഏഴു ഗോളുകൾ. വിങ്ങർ മുബാറക് അൽ ഫനീനിയാണ് ഇരട്ട ഗോളുമായി മുന്നിൽ. എന്നാൽ, സ്കോറിങ്ങിന് ഇന്ത്യൻ പ്രതീക്ഷ സുനിൽ ഛേത്രിയിലാണ്.
ടോപ്സ്കോറർ സ്ഥാനത്ത് നാലു ഗോളുമായി മുന്നിലുള്ള ഛേത്രിയെ കുവൈത്ത് വരിഞ്ഞുകെട്ടിയാൽ സഹൽ-ആഷിഖ്-ചാങ്തെ സഖ്യമാണ് ആശ്രയം. പാകിസ്താനെതിരെയും നേപ്പാളിനെതിരെയും ആദ്യ ഇലവനിൽ കാര്യമായ മാറ്റം കോച്ച് ഇഗോർ സ്റ്റിമാക് വരുത്തിയിരുന്നു. പാകിസ്താനെതിരായ ഇലവനെതന്നെയാകും ചൊവ്വാഴ്ച പരീക്ഷിക്കുക. ഇടതുവിങ്ങിൽ ആഷിഖ് കുരുണിയനും മഹേഷ് സിങ് നൊയോറമും ഒരുപോലെ ഫോമിലാണ്.
നേപ്പാളിനെതിരായ മത്സരത്തിൽ പുറത്തിരുന്ന ആഷിഖിന് പകരമിറങ്ങിയ മഹേഷ് ഒരു ഗോൾ നേടുകയും ഛേത്രിയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. മധ്യനിരയിൽ മികച്ച ഫോമിലാണ് ജീക്സൺ സിങ്ങും അനിരുദ്ധ് ഥാപ്പയും. സന്ദേശ് ജിങ്കാനും പ്രീതംകോട്ടാലും അൻവർ അലിയും സുഭാഷിഷുമടങ്ങുന്ന പ്രതിരോധമാണ് ഇന്ത്യൻ കരുത്ത്.
കഴിഞ്ഞ എട്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് ഇതിന് സാക്ഷ്യം. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിറകിലുള്ള കുവൈത്തിനോട് തോൽവി പിണഞ്ഞാൽ അടുത്ത മാസം പുറത്തുവരാനിരിക്കുന്ന ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം പിറകോട്ടുപോവും. ഈ ഭീഷണി കൂടി മറികടക്കാൻ ആതിഥേയർക്കു മുന്നിൽ ജയമല്ലാതെ മറ്റൊരു വഴിയില്ല.
ഇന്ത്യയും കുവൈത്തും ഇതുവരെ ആകെ മൂന്നു മത്സരങ്ങളിലാണ് ഏറ്റുമുട്ടിയിട്ടുള്ളത്. കുവൈത്തിന് രണ്ടു ജയവും (1978 ഏഷ്യൻ ഗെയിംസ്- സ്കോർ: 6-1, 2010 സൗഹൃദ മത്സരം- സ്കോർ: 9-1) ഇന്ത്യക്ക് ഒരു ജയവുമാണ് (2004 സൗഹൃദ മത്സരം- സ്കോർ: 3-2) ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.