മലപ്പുറം: കേരളത്തിലെ കാല്‍പ്പന്ത് കളിപ്രേമികള്‍ക്ക് തിങ്കളാഴ്ച ഫുട്ബാള്‍ പെരുന്നാളാണ്. മലപ്പുറത്തെത്തിയ സന്തോഷ് ട്രോഫി പ്ലാറ്റിനം ജൂബിലി പതിപ്പിന്റെ കിരീടപ്പോരാട്ടം രാത്രി എട്ട് മുതല്‍ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും. ആതിഥേയര്‍ക്കെതിരെ കലാശപ്പോരിന് ഇറങ്ങുന്നതാവട്ടെ സന്തോഷ് ട്രോഫിയുടെ തറവാട്ടുകാരായ ബംഗാള്‍. നാല് വര്‍ഷം മുമ്പ് കടുവകളെ കൂട്ടില്‍ തളച്ചിട്ട് കപ്പുമായി വന്ന അനുഭവമുണ്ട് കേരളത്തിന്. അതിനൊരു മധുരപ്രതികാരം പയ്യനാട്ട് വെച്ച് കൊടുക്കുക എന്നതില്‍ കവിഞ്ഞൊരു ലക്ഷ്യം ബംഗാളിനില്ല.
ഇത് നാലാം തവണയാണ് കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനലില്‍ നേരിട്ട് മുട്ടുന്നത്. 1989 ഗുവാഹത്തിയിലും 1994 കട്ടക്കിലും ബംഗാളിനായിരുന്നു കിരീടം. 2018ല്‍ പക്ഷെ കേരളം ചരിത്രം തിരുത്തി. കൊല്‍ക്കത്തയില്‍ ട്രൈ ബ്രേക്കറിലേക്ക് നീണ്ട കളിയില്‍ കിരീടവുമായാണ് സതീവന്‍ ബാലന്റെ കുട്ടികള്‍ മടങ്ങിയത്. 1989 ഏപ്രില്‍ 23ന് നടന്ന ഫൈനല്‍ 1-1ന് സമനിലയിലാണ് നിശ്ചിത, അധിക സമയങ്ങളില്‍ കലാശിച്ചത്.
ഷൂട്ടൗട്ടില്‍ 4-5ന് ബംഗാള്‍ ജയിച്ചു. 1994 ഫെബ്രുവരി 26ന് വീണ്ടും കേരളം-ബംഗാള്‍ ഫൈനല്‍. കട്ടക്കിലും കളി കട്ടക്ക് കട്ട. 2-2ന് സമനിലക്കൊടുവില്‍ ഷൂട്ടൗട്ട്. 3-5നായിരുന്നു ബംഗാളിന്റെ ജയം. കേരളത്തിന് വേണ്ടി രണ്ട് ഗോളും നേടിയത് സി.വി പാപ്പച്ചന്. 2018 ഏപ്രില്‍ ഒന്നിന് കൊല്‍ക്കത്തയിലും കേരളവും ബംഗാളും. ആതിഥേയര്‍ക്കെതിരെ നിശ്ചിത, അധിക സമയങ്ങളില്‍ കളി 2-2 സമനിലയില്‍. ഇക്കുറി ഗോള്‍ കീപ്പര്‍ വി. മിഥുന് ഹീറോ ആയപ്പോള്‍ കപ്് കേരളത്തിലേക്ക് പോന്നു. ഷൂട്ടൗട്ടിലെ സ്കോര്‍ 4-2.
സന്തോഷ് ട്രോഫിയില്‍ ഏറ്റുവമധികം തവണ ഫൈനലിലെത്തിയതും കിരീടം നേടിയതും ബംഗാളാണ്. ഇത് വരെ 45 പ്രാവശ്യം കലാശക്കളിക്കിറങ്ങി. 32 തവണയും വംഗനാട്ടുകാര്ക്കൊപ്പമായിരുന്നു ജയം. തോറ്റത് 13 വട്ടവും. കേരളം 14 തവണയും ഫൈനലിലെത്തി. ആറ് പ്രാവശ്യം കിരീടം നേടിയപ്പോള്‍ എട്ടെണ്ണത്തില്‍ തോറ്റു.
1973-74ല്‍ കൊച്ചിയിലായിരുന്നു ആദ്യ നേട്ടം. 1991-92ല്‍ കോയമ്പത്തൂരിലും 1992-93ല്‍ കൊച്ചിയിലും 2001-02ല്‍ മുംബൈയിലും 2004-05ല്‍ ഡല്‍ഹിയിലും കേരളം കപ്പ് സ്വന്തമാക്കി. നീണ്ട ഇടവേളക്ക് ശേഷം 2017-18ല്‍ കൊല്‍ക്കത്തയിലും കിരീടധാരണം. പക്ഷെ തൊട്ടടുത്ത കൊല്ലം യോഗ്യത നേടാന്‍ പോലുമായില്ല. 13ാം തവണ ആതിഥ്യമരുളുന്ന കേരളം അപരാജിതരായാണ് ഫൈനലിലെത്തിയിരിക്കുന്നത്. ബംഗാളും അവസാനം ഫൈനല്‍ കളിച്ചത് 2018ല്‍ കേരളത്തിനെതിരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.