മഞ്ചേരി: ക്രിക്കറ്റ് കമ്പക്കാരനായ അച്ഛൻ തനിക്ക് ലഭിക്കാത്ത നേട്ടങ്ങൾ മകനിലൂടെ നേടിയെടുക്കുന്ന കഥ പറയുന്ന ചിത്രമായിരുന്നു 2014ൽ പുറത്തിറങ്ങിയ നിവിൻ പോളി അഭിനയിച്ച '1983'. ചിത്രത്തിലെ രമേശനെയും മകൻ കണ്ണനെയും മലയാളികൾ ഏറ്റെടുത്തു. എന്നാൽ, സിനിമയിൽ അല്ലാതെ ജീവിതത്തിൽ സമാനമായ അനുഭവമാണ് നിലമ്പൂർ സ്വദേശിയായ തോണിക്കര വീട്ടിൽ മുഹമ്മദ് നിസാറിന്. സ്വന്തം മണ്ണിൽ നടക്കുന്ന സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിൽ കേരളത്തിനായി അഞ്ച് ഗോളടിച്ച് റെക്കോഡിട്ട ടി.കെ. െജസിന്‍റെ ഉപ്പയാണ് നിസാർ. സിനിമയിൽ ക്രിക്കറ്റിന്‍റെ കഥയാണ് പറഞ്ഞതെങ്കിൽ ഇവിടെ ഫുട്ബാളാണെന്ന് മാത്രം.
വലിയ ഫുട്ബാൾ കളിക്കാരനാവാൻ ആഗ്രഹിച്ചെങ്കിലും പ്രതിസന്ധികളിൽ തട്ടിവീണ നിസാർ മകനിലൂടെ വിജയങ്ങൾ നേടിയെടുക്കുകയാണ്. ചെറുപ്പംതൊട്ടേ നിസാറിന് കാൽപന്തുകളിയോടായിരുന്നു പ്രേമം. എസ്.എസ്.എൽ.സി പഠനശേഷം 1991ൽ മകൻ ഇപ്പോൾ പഠിക്കുന്ന എം.ഇ.എസ് കോളജിൽ പ്രീഡിഗ്രിക്ക് പ്രവേശനം ലഭിച്ചു. അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബാൾ, കബഡി തുടങ്ങിയ ഇനങ്ങളിൽ മികവ് തെളിയിച്ച നിസാറിന് സ്പോർട്സ് ക്വോട്ടയിലൂടെ തന്നെയായിരുന്നു പ്രവേശനം ലഭിച്ചത്. എന്നാൽ, പഠനം മുഴുവനാക്കാനായില്ല. പിന്നീട് 'കാക്കി' ജഴ്സിയിട്ട് ഓട്ടോറിക്ഷയുടെ ഹാൻഡിൽ പിടിച്ചു. തുടർന്ന് പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചു.
രണ്ടുവർഷത്തിനുശേഷം നാട്ടിലെത്തി ഓട്ടോറിക്ഷയുമായി വീണ്ടും സജീവമായി. ഇതിനിടെ നിലമ്പൂരിലെ യാസ് ക്ലബിനുവേണ്ടി ഗൂഡല്ലൂരിലും വയനാട്ടിലുമൊക്കെയായി ഒട്ടേറെ സെവൻസ് മത്സരങ്ങളിൽ ബൂട്ടുകെട്ടി. നിസാറിന്‍റെ ഉമ്മ ആമിനയാണ് ജെസിനെ ഫുട്ബാൾ ലോകത്തേക്ക് കാലെടുത്ത് വെപ്പിച്ചത്.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഉമ്മയാണ് മയ്യംന്താനി ഗ്രൗണ്ടിൽ കൊണ്ടുപോകുകയും കൊണ്ടുവരുകയും ചെയ്തിരുന്നതെന്ന് മുഹമ്മദ് നിസാർ പറഞ്ഞു. മകൻ ഗോളടിച്ചതിൽ സന്തോഷമുണ്ടെന്നും കേരളം ഫൈനലിലെത്തിയതോടെ അത് ഇരട്ടിയായെന്നും നിസാർ പറഞ്ഞു. ഫൈനലിൽ കളി കാണാൻ പയ്യനാട്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മകന്‍റെ ഗോൾ നേട്ടത്തിൽ സന്തോഷമുണ്ടെന്നും കേരളം ഫൈനലിൽ കപ്പുയർത്താൻ പ്രാർഥിക്കുമെന്നും മാതാവ് സുനൈന പറഞ്ഞു. സെമി ഫൈനൽ മത്സരം കാണാൻ ബന്ധുക്കൾ എല്ലാവരും ജെസിന്‍റെ വീട്ടിലെത്തിയിരുന്നു. ജാഷിദ്, ആമിന നൗറിൻ എന്നിവരാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.