കേ​ര​ള​ത്തി​നാ​യി ആ​സി​ഫ് സ​ഹീ​റി‍െൻറ മു​ന്നേ​റ്റം (ഫ​യ​ൽ ചി​ത്രം)

സന്തോഷ് ട്രോഫിയിൽ ആറാടിയ ആസിഫ് സഹീർ

മഞ്ചേരി: കാൽപന്തുകളിയെ മലയോളം സ്നേഹിച്ച മലപ്പുറം 75ാമത് സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാകുമ്പോൾ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൾ ഗോളടിച്ചെന്ന റെക്കോഡും ഒരു മലപ്പുറംകാരനിലാണ്. മറ്റാരുമല്ല, 'കേരളത്തി‍െൻറ മറഡോണ'യെന്ന് അറിയപ്പെടുന്ന ആസിഫ് സഹീറാണ് സന്തോഷ് ട്രോഫിയിൽ ഗോൾ ആറാട്ട് നടത്തിയത്.

ഒന്നും രണ്ടുമല്ല 24 ഗോളുകൾ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി.മമ്പാട്ടെ സെവൻസ് മൈതാനങ്ങളിൽ പന്തുതട്ടിയായിരുന്നു തുടക്കം. ജൂനിയർ, അണ്ടർ -21 സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ബൂട്ടണിഞ്ഞു. ഫ്രണ്ട്സ് മമ്പാടിനായി തുടങ്ങി ദേശീയ മത്സരങ്ങളിലേക്ക് വരെ ആ പ്രതിഭയുടെ മിന്നലാട്ടം നീണ്ടു. 1999ൽ കോയമ്പത്തൂരിൽ നടന്ന ചാമ്പ്യൻഷിപ്പിലായിരുന്നു 18 കാര‍െൻറ സന്തോഷ് ട്രോഫിയിലെ അരങ്ങേറ്റം. ആദ്യ സീസണിൽ തന്നെ ഒമ്പത് ഗോളടിച്ച് മികവുകാട്ടി. സെമിയിൽ ബംഗാളിനോട് 2-1ന് തോറ്റെങ്കിലും സമനില ഗോൾ നേടിയത് ആസിഫായിരുന്നു. മുൻ ഇന്ത്യൻ താരം ബൈചുങ് ബൂട്ടിയയുടെ ഗോളിനാണ് അന്ന് കേരളം പരാജയപ്പെട്ടത്. 2000ത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കലാശപ്പോരിൽ മഹാരാഷ്ട്രയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. ഐ.എം. വിജയനൊപ്പം മുന്നേറ്റ നിരയിൽ ആസിഫുമുണ്ടായിരുന്നു. ആ സീസണിലും നാല് ഗോളടിച്ചു. എന്നാൽ മുൻവർഷത്തെ ഫൈനലിലെ തോൽവിക്ക് 2001ൽ കിരീടം നേടിയാണ് ടീം പ്രായശ്ചിത്തം ചെയ്തത്. മുംബൈയിലെ കൂപ്പറേജ് ഫുട്ബാൾ മൈതാനത്ത് നടന്ന ആവേശകരമായ ഫൈനലിൽ ഗോൾഡൻ ഗോളിൽ 3-2ന് ഗോവയെ മറികടന്നാണ് കിരീടം നാട്ടിലേക്കെത്തിച്ചത്. ഫൈനലിൽ രണ്ടാം ഗോൾ നേടിയ അബ്ദുൽഹക്കീമിന് ഗോൾ നേടാൻ വഴിയൊരുക്കിയത് ആസിഫ് ആയിരുന്നു. ഹക്കീമി‍െൻറ ഹാട്രിക് മികവിലാണ് കേരളം അന്ന് കപ്പുയർത്തിയത്. ആസിഫിനൊപ്പം സഹോദരൻ ഷബീറലിയും ടീമിലുണ്ടായിരുന്നു. സെമിയിൽ തമിഴ്നാടിനെതിരെ സിസർകട്ടിലൂടെയാണ് ആസിഫ് എതിർവല കുലുക്കിയത്. വി. ശിവകുമാറാണ് കേരളത്തെ നയിച്ചത്. തൊട്ടടുത്ത വർഷം ക്യാപ്റ്റ‍െൻറ ആം ബാൻഡ് 'മറഡോണ'യെ തേടിയെത്തി. 2003ൽ വീണ്ടും ഫൈനലിൽ പരാജയപ്പെടാനായിരുന്നു വിധി. സന്തോഷ് ട്രോഫിയിലെ ഏറ്റവും നിരാശ സമ്മാനിച്ച ഓർമ അതാണെന്ന് ആസിഫ് സഹീർ പറയുന്നു. മണിപ്പൂരിനോട് ഒരുഗോളിനാണ് പരാജയപ്പെട്ടത്. ഭീതിനിറഞ്ഞ സാഹചര്യത്തിലാണ് ഫൈനൽ കളിക്കാൻ ഇറങ്ങിയതെന്ന് അദ്ദേഹം ഓർത്തു.

ഏഴ് ചാമ്പ്യൻഷിപ്പുകളിൽ ബൂട്ടുകെട്ടി. ഒരു തവണ കിരീടം നേടാനും രണ്ട് റണ്ണേഴ്സ് ആവാനും ആസിഫിന് സാധിച്ചു. 19 വർഷത്തോളം എസ്.ബി.ടി -എസ്.ബി.ഐക്കായും മികച്ച പ്രകടനം നടത്തി. കോയമ്പത്തൂരിലേക്ക് സന്തോഷ് ട്രോഫി കാണാനായി മമ്പാട്ടിൽ നിന്നും അഞ്ച് ബസുകളിലാണ് കാണികൾ പോയത്. അത്തരമൊരു നാട്ടിലേക്ക് സന്തോഷ് ട്രോഫി വിരുന്നെത്തുമ്പോൾ ആവേശം അലതല്ലുമെന്ന് ആസിഫ് 'മാധ്യമ'ത്തോട് പറഞ്ഞു. പുതിയ താരങ്ങളെ വളർത്തിയെടുക്കാൻ 'റൈസസ്'എന്ന ഫുട്ബാൾ അക്കാദമിയുമായി മുന്നോട്ടുപോവുകയാണ് താരം. നിലവിൽ എസ്.ബി.ഐ നിലമ്പൂർ ടൗൺ ബ്രാഞ്ചിലെ സീനിയർ അസോസിയേറ്റ് ആണ്. ഭാര്യ: അഹാനത്ത്. അസാൻ ആസിഫ് മകനാണ്.

ടിക്കറ്റ് ലഭിക്കുന്ന ബാങ്കുകള്‍

തിരൂര്‍ അര്‍ബന്‍ ബാങ്ക്

പൊന്നാനി സര്‍വിസ് കോഓപറേറ്റിവ് ബാങ്ക്

പെരിന്തല്‍മണ്ണ സര്‍വിസ് കോഓപറേറ്റിവ്

ബാങ്ക്

മക്കരപറമ്പ് സര്‍വിസ് കോഓപറേറ്റിവ് ബാങ്ക്

മഞ്ചേരി അര്‍ബന്‍

ബാങ്ക്

അരീക്കോട് സര്‍വിസ് കോഓപറേറ്റിവ് ബാങ്ക്

ഏടരിക്കോട് സര്‍വിസ് കോഓപറേറ്റിവ് ബാങ്ക്

എടവണ്ണ സര്‍വിസ്

കോഓപറേറ്റിവ് ബാങ്ക്

കൊണ്ടോട്ടി സര്‍വിസ് കോഓപറേറ്റിവ് ബാങ്ക്

നിലമ്പൂര്‍ സര്‍വിസ്

കോഓപറേറ്റിവ് ബാങ്ക്

വണ്ടൂര്‍ സര്‍വിസ്

കോഓപറേറ്റിവ് ബാങ്ക്

മലപ്പുറം സര്‍വിസ്

കോഓപറേറ്റിവ് ബാങ്ക്

വേങ്ങര സര്‍വിസ്

കോഓപറേറ്റിവ് ബാങ്ക്

കോട്ടക്കല്‍ അര്‍ബന്‍ ബാങ്ക്

കോഡൂര്‍ സര്‍വിസ്

കോഓപറേറ്റിവ് ബാങ്ക്

മഞ്ചേരി സര്‍വിസ്

കോഓപറേറ്റിവ് ബാങ്ക്

മലപ്പുറം: സീസണ്‍ ടിക്കറ്റ് വിൽപന ആരംഭിച്ചതോടെ സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് ആരവങ്ങളിലേക്ക് ഒരുപടി കൂടി അടുത്ത് ജില്ല. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലെ ഗാലറി, കസേര, വി.ഐ.പി കസേര, വി.ഐ.പി ഗ്രാൻഡ് എന്നിവയുടെ സീസണ്‍ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടനമാണ് നടന്നത്. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് സീസണ്‍ ടിക്കറ്റ് വിൽപന. പയ്യനാട് സ്റ്റേഡിയത്തില്‍ ഗാലറി ദിവസ ടിക്കറ്റിന് 100 രൂപയും സീസണ്‍ ടിക്കറ്റിന് 1000 രൂപയുമാണ്. കസേരക്കുള്ള ദിവസ ടിക്കറ്റിന് 250 രൂപയും സീസണ്‍ ടിക്കറ്റിന് 2500 രൂപയുമാണ് വില. വി.ഐ.പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് നിരക്ക്. ഒരേസമയം മൂന്നുപേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി ഗ്രാൻഡ് സീസണ്‍ ടിക്കറ്റും ലഭ്യമാണ്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗാലറി ദിവസ ടിക്കറ്റിന് ഒരുമത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വില.

ചാമ്പ്യൻഷിപ്  മലപ്പുറത്തേക്ക്  വന്നതിൽ  സന്തോഷം -ആഷിക്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് ആദ്യമായി മലപ്പുറത്തേക്ക് വന്നതില്‍ വലിയ സന്തോഷമുണ്ട് അത് വിജയിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും സീസണ്‍ ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അന്താരാഷ്ട്ര താരം ആഷിഖ് കുരുണിയന്‍ പറഞ്ഞു. അന്തര്‍ദേശീയ, ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് അനുകൂലമായ എല്ലാ സൗകര്യങ്ങളും മലപ്പുറത്തുണ്ട്. വരുംദിവസങ്ങളില്‍ അത്തരം മത്സരങ്ങള്‍ ഇവിടെയെത്തട്ടെ എന്നും ആഷിക് കൂട്ടിച്ചേർത്തു.

Tags:    
News Summary - Santosh Trophy and Asif Zaheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.