76ാമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഫെബ്രുവരി 10ന് ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിൽ തുടക്കമാവും. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകൾ ഏറ്റുമുട്ടുന്ന റൗണ്ടിൽനിന്ന് നാല് ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും. ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫിയുടെ സെമിയും ഫൈനലും വിദേശത്താണ് നടക്കുന്നത്. സൗദി അറേബ്യയാണ് മത്സരങ്ങൾക്ക് വേദിയാവുക.
ഗ്രൂപ് ‘എ’യിലും ‘ബി’യിലും ആറുവീതം ടീമുകളാണുണ്ടാവുക. ‘എ’യിൽ കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ് എന്നിവരും ‘ബി’യിൽ ഡൽഹി, മേഘാലയ, റെയിൽവേസ്, സർവിസസ്, ബംഗാൾ, മണിപ്പൂർ എന്നിവരുമാണുള്ളത്. 10ന് നിലവിലെ ജേതാക്കളായ കേരളവും ഗോവയും തമ്മിലാണ് ആദ്യ പോരാട്ടം. ‘ബി’യിലെ പ്രഥമ മത്സരം 11ന് ഡൽഹിയും ബംഗാളും തമ്മിൽ നടക്കും.
ഫെബ്രുവരി 20 വരെയാണ് ഫൈനൽ റൗണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിൽ പ്രവേശിക്കും. ഏറ്റവും മികച്ച 12 ടീമുകളാണ് ഫൈനൽ റൗണ്ടിലുള്ളതെന്നതിനാൽ ഇരു ഗ്രൂപ്പിലും കടുപ്പമേറിയ മത്സരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ‘എ’യിൽ കേരളവും ‘ബി’യിൽ ബംഗാളുമാണ് കൂടുതൽ ശക്തർ.
നിലവിലെ ജേതാക്കളായ കേരളം കിരീടം നിലനിർത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ്. ജനുവരി 22ന് എറണാകുളത്ത് പരിശീലകൻ പി.ബി. രമേശിന്റെ നേതൃത്വത്തിൽ ക്യാമ്പ് തുടങ്ങി. മഹാരാജാസ് ഗ്രൗണ്ടിലും പനമ്പിള്ളിയിലുമായാണ് പരിശീലനം നടക്കുന്നത്. വി. മിഥുൻ നയിക്കുന്ന സംഘം തിങ്കളാഴ്ച ഒഡിഷയിലേക്ക് തിരിക്കും.
ഗ്രൂപ് റൗണ്ടിൽ മികച്ച പ്രകടനവുമായി മുന്നേറിയ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. ജെ. ജെറീറ്റോയെ മാറ്റി കേരള പൊലീസ് താരം ജി. സഞ്ജുവിനെ പ്രതിരോധനിരയിൽ ഉൾപ്പെടുത്തി. മധ്യനിരയിലെ പി. അജീഷിന് പകരക്കാരനായി വി. അർജുനുമെത്തി.
കോഴിക്കോട് നടന്ന ഗ്രൂപ് റൗണ്ടിൽ അഞ്ചിൽ അഞ്ച് മത്സരങ്ങളും ജയിച്ചാണ് കേരളം യോഗ്യത നേടിയത്. 24 ഗോൾ അടിച്ചു. വഴങ്ങിയത് രണ്ടെണ്ണം മാത്രം. കഴിഞ്ഞ വർഷം മഞ്ചേരി പയ്യനാട് വേദിയായ സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ തോൽപിച്ചായിരുന്നു ആതിഥേയരുടെ കിരീട ധാരണം.
കൊച്ചി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ടീം: ഗോള്‍കീപ്പര്‍: വി. മിഥുൻ, പി.എ. അജ്മൽ, ടി.വി. അല്‍കേശ് രാജ്. പ്രതിരോധ നിര: എം. മനോജ്, ആർ. ഷിനു, ബെല്‍ഗിൻ ബോള്‍സ്റ്റർ, യു. മുഹമ്മദ് സലീം, സച്ചു സിബി, അഖില്‍ കെ. ചന്ദ്രന്, ജി. സഞ്ജു. മധ്യനിര: റിഷിദത്ത്, എം. റാഷിദ്, ഗിഫ്റ്റി ഗ്രേഷ്യസ്, നിജോ ഗില്‍ബെര്‍ട്ട്, വി. അര്ജുൻ, റിസ്വാൻ, വൈശാഖ് മോഹനൻ, കെ.കെ. അബ്ദുൽ റഹീം. മുന്നേറ്റനിര: എം. വിഘ്നേഷ്, ബി. നരേഷ്, ജെ. ജോൺ പോൾ.
ഗ്രൂപ് എ
കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര,
ഒഡിഷ, പഞ്ചാബ്
ഗ്രൂപ് ബി
ഡൽഹി, മേഘാലയ, റെയിൽവേസ്,
സർവിസസ്, ബംഗാൾ, മണിപ്പൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.