ഹ​ജ്മ​ൽ 

ഹജ്മൽ അരങ്ങേറി, മിന്നും സേവുകളുമായി

മഞ്ചേരി: കേരളത്തിന്‍റെ ഒന്നാം നമ്പർ കീപ്പർ വി. മിഥുൻ പരിക്കേറ്റ് മടങ്ങിയതോടെ കേരളത്തിന് വേണ്ടി വല കാത്തത് ഹജ്മൽ. രണ്ടാം പകുതിയിൽ തകർപ്പൻ സേവുകളുമായി ഹജ്മൽ കിട്ടിയ അവസരം മുതലാക്കി. പഞ്ചാബുമായുള്ള മത്സരത്തിനിടെ എതിർ താരവുമായി കൂട്ടിയിടിച്ച് മിഥുന് പരിക്കേറ്റു.

തൊട്ടുപിന്നാലെ താരം ഗോൾ പോസ്റ്റിന് മുന്നിൽ വീഴുകയായിരുന്നു. 26ാം മിനിറ്റിൽ പഞ്ചാബ് താരത്തിന്‍റെ മുന്നേറ്റം തടയുന്നതിനിടെയാണ് പരിക്കേറ്റത്. ശ്വാസതടസ്സം ഉണ്ടായ മിഥുനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാളിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും മിഥുന് എതിർതാരത്തിന്‍റെ മുന്നേറ്റം തടയുന്നതിനിടെ പരിക്കേറ്റിരുന്നു. നെഞ്ചിലെ പരിക്ക് വകവെക്കാതെയാണ് മിഥുൻ കേരളത്തിന്‍റെ ഗോൾ വല കാക്കാൻ ഇറങ്ങിയത്. വിദഗ്ധ പരിശോധനക്ക് ശേഷം താരം ടീമിനൊപ്പം ചേർന്നു. പകരക്കാരനായി 28ാം മിനിറ്റിൽ കളത്തിലിറങ്ങിയ ഗോൾകീപ്പർ എസ്. ഹജ്മൽ തകർപ്പൻ സേവുകളുമായി കേരളത്തിന്‍റെ സെമി പ്രവേശനത്തിന് കാവൽനിന്നു. 43ാം മിനിറ്റിൽ ഗോളെന്ന് ഉറപ്പിച്ച അവസരം താരം തട്ടിമാറ്റി. 48ാം മിനിറ്റിലും പഞ്ചാബ് താരത്തിന്‍റെ ഷോട്ട് പണിപ്പെട്ടാണ് തട്ടിയകറ്റിയത്.

രണ്ടാം പകുതിയിലും മിന്നും സേവുകളുമായി താരം വലക്കു മുന്നിൽ കോട്ട കാത്തു. 2017 മുതൽ തുടർച്ചയായി ഹജ്മൽ സന്തോഷ് ട്രോഫി ടീമിലുണ്ട്. എന്നാൽ, മിഥുന്‍റെ നിഴലിലായിരുന്നു. കിട്ടിയ അവസരം മുതലാക്കിയതോടെ വരുംമത്സരങ്ങളിലും വല കാക്കാൻ ഹജ്മൽ ഉണ്ടാവും. കെ.പി.എല്ലിൽ കെ.എസ്.ഇ.ബി ഫൈനലിൽ എത്തിയത് ഹജ്മലിന്‍റെ സേവുകളിലൂടെയായിരുന്നു. കേരള പ്രീമിയർ ലീഗിലെ മികച്ച കീപ്പർ ആയി തിരഞ്ഞെടുത്തത്തും ഹജ്മലിനെയായിരുന്നു. പാലക്കാട് സ്വദേശിയാണ്. 

Tags:    
News Summary - Santosh Trophy Football Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.