മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിലെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ തിങ്കളാഴ്ച രാത്രിയോടെ അവസാനിച്ചു. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ഇനി കളി ഇല്ല. കേരളമൊഴികെ എല്ലാ ടീമുകളും ബ്രിട്ടീഷുകാരുടെ കവാത്ത് പറമ്പായിരുന്ന ചരിത്രമൈതാനത്ത് പന്ത് തട്ടിയാണ് മടങ്ങുന്നത്. പഞ്ചാബ് ടീം തിങ്കളാഴ്ച തന്നെ നാട്ടിലേക്ക് തിരിച്ചു. പുറത്തായ മറ്റുള്ളവരും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി കേരളം വിടും. മടക്കയാത്ര വിശേഷങ്ങളിലൂടെ.
ഇത്തവണ സന്തോഷ് ട്രോഫിയിലെ പ്രകടനം നോക്കിയാൽ പത്താമതാണ് രാജസ്ഥാന്‍റെ സ്ഥാനം. നാലിൽ നാലും തോറ്റു. 15 ഗോൾ വഴങ്ങിയ ടീം രണ്ടെണ്ണം മാത്രമാണ് അടിച്ചത്. മേഘാലയക്കെതിരെയായിരുന്നു രണ്ട് ഗോളും. സ്കോർ ചെയ്തവരുടെ പേരുകൾ കൗതുകമുണർത്തുന്നു, ഇംറാൻ ഖാനും യുവരാജ് സിങ്ങും. ക്രിക്കറ്റ് താരങ്ങളുടെ പേരിലുള്ള ഇരുവരുമാണ് രാജസ്ഥാന്‍റെ മാനം കാത്തത്.
കോഴിക്കോട്, മലപ്പുറം നഗരങ്ങൾ കറങ്ങി നടന്ന് കാണുകയായിരുന്നു രാജസ്ഥാൻ താരങ്ങൾ തിങ്കളാഴ്ച. ചൊവ്വാഴ്ച രണ്ട് സംഘങ്ങളായി നാട്ടിലേക്ക് മടങ്ങും. ഇംറാൻ ഖാനടക്കം അഞ്ചുപേർ ചൊവ്വാഴ്ച വെളുപ്പിനാണ് ട്രെയിനെന്നതിനാൽ തിങ്കളാഴ്ച തന്നെ കോഴിക്കോട്ടെത്തി. ഇവർ രാത്രിയും അവിടെ നിന്നു. യുവരാജടക്കം മറ്റുള്ളവരും കോഴിക്കോട്ട് മിഠായിത്തെരുവിൽ ഷോപ്പിങ്ങും ബീച്ചിൽ കറക്കവും കഴിഞ്ഞ് രാത്രി മലപ്പുറത്തെത്തി. ഇവർക്ക് ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് ട്രെയിൻ.
കേരളത്തിന്‍റെ പരമ്പരാഗത വസ്ത്രമായ മുണ്ടുടുത്താണ് താരങ്ങൾക്കൊപ്പം പഞ്ചാബ് പരിശീലകനും മാനേജറും നാട്ടിലേക്ക് മടങ്ങിയത്. മഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് ടീം തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഇറങ്ങി. വൈകുന്നേരം 5.15ന് കോഴിക്കോട് നിന്ന് മംഗള എക്സ്പ്രസിൽ കയറി. കേരളത്തോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിക്കാനാണ് മുണ്ടുടുത്ത് തന്നെ മടങ്ങുന്നതെന്ന് പരിശീലകനും മുൻ ഇന്ത്യൻ താരവുമായ ഹർദീപ് സിങ്ങും മാനേജർ പ്രദീപ് കുമാറും.
ആശാന്‍റെ മുണ്ടുടുക്കൽ തമാശകൾ പങ്കുവെച്ച് കളിക്കാരും ആഘോഷിച്ചു. ഇത്തവണ സന്തോഷ് ട്രോഫിക്കെത്തിയവരിൽ ആദ്യം മടങ്ങിയ ടീമാണ് പഞ്ചാബ്. കേരളം ഉൾപ്പെട്ട ഗ്രൂപ് എയിൽ നിന്ന് സെമി ഫൈനലിൽ കടക്കാനാവാതെ മൂന്നാമതായാണ് ഇവർ ഫിനിഷ് ചെയ്തത്.
കരുത്തരുൾപ്പെട്ട ഗ്രൂപ് എയിൽ നിന്ന് സെമി ഫൈനലിൽ എത്താനാവാത്ത നിരാശയിലും രണ്ട് മേഘാലയൻ താരങ്ങളും പരിക്ക് ഭേദമായ ആശ്വാസത്തിലാണ് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുന്നത്. കേരളത്തിനെതിരായ മത്സരത്തിൽ സോയൽ ജോഷിയുമായി കൂട്ടിയിടിച്ച് ഡിഫൻഡർ സാവ്മി ടാരിയാങ്ങിന്‍റെ മൂക്കിന് പരിക്കേറ്റു.
പാട പൊട്ടിയ സാവ്മിയെ മഞ്ചേരിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ താരം കളിച്ചിരുന്നു. പഞ്ചാബുമായുള്ള മത്സരത്തിൽ അണ്ടർ 21 താരം വഹ് ലാങ്ങിനു തലക്ക് പരിക്കേറ്റ് തുന്നിട്ടിരുന്നു. തിങ്കളാഴ്ച താമസസ്ഥലമായ തലപ്പാറയിൽ നിന്ന് മഞ്ചേരിയിലെത്തി തുന്നെടുത്തു. വൈകുന്നേരം ചെമ്മാട്ട് ഷോപ്പിങ്ങിനുമിറങ്ങി താരങ്ങൾ.
ഗുജറാത്ത് ടീമിൽ നാല് മലയാളികളുമുണ്ട്. ഇവരിൽ എടക്കര സ്വദേശി അജ്മൽ എരഞ്ഞിക്കലും പാലക്കാട്ടുകാരൻ സിദ്ദാർഥ് നായരും കർണാടകക്കെതിരായ മത്സരം കഴിഞ്ഞ ശേഷം വീട്ടിലേക്ക് തിരിച്ചു. ഗുജറാത്തിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥനായ അജ്മൽ ചെറിയ പെരുന്നാൾ കഴിഞ്ഞേ മടങ്ങൂ.
എറണാകുളം കോതമംഗലം സ്വദേശിയായ മുഹമ്മദ് സാഗർ അലി ഗുജറാത്തിലെ സെക്കൻഡ് ഡിവിഷൻ ക്ലബ് താരമാണ്. ചൊവ്വാഴ്ച ഗുജറാത്തിലേക്ക് തിരിക്കുന്ന സാഗർ പെരുന്നാളിന് മുമ്പ് തിരിച്ച് നാട്ടിലെത്തും. കോട്ടയം ചങ്ങനാശ്ശേരിക്കാരനായ ഡറിൻ ജോബ് വീട്ടിലേക്ക് പോവാതെ മറ്റു ടീം അംഗങ്ങൾക്കൊപ്പം മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.