കൊച്ചി: ഈ വർഷത്തെ സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാനുള്ള കേരള ടീമിനെ പരിശീലിപ്പിക്കുമ്പോൾ പ്രതീക്ഷയും വെല്ലുവിളിയും ഏറെയാണെന്ന് പുതിയ കോച്ചായി നിയമിക്കപ്പെട്ട സതീവൻ ബാലൻ. 2018ൽ തെൻറ പരിശീലനത്തിൽ കേരള ടീം സന്തോഷ് ട്രോഫി നേടിയത് നീണ്ട ഇടവേളക്കുശേഷമായിരുന്നു. അന്നത്തെ പരിശീലന തന്ത്രങ്ങളോ രീതിയോ ഇന്ന് പറ്റില്ല.
13 വർഷം വിജയകിരീടം കിട്ടാത്തതിനാൽ 2018ൽ യുവ തലമുറയിൽപെട്ട മികച്ച കളിക്കാരെ അണിനിരത്തിയുള്ള പരിശീലനമായിരുന്നു നടത്തിയത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെയായിരുന്നു പരീക്ഷണം. അത് വിജയകരമായി. കൊൽക്കത്തയിൽ ബംഗാളിനെ തോൽപിച്ച് നമ്മുടെ ടീം കിരീടം നേടി. എന്നാൽ, അന്നത്തെ പരീക്ഷണ വിജയം ഇന്ന് തനിക്ക് കൂടുതൽ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും സതീവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
2018നുശേഷം 2022ലും കേരളം വിജയികളായി. ഇടക്കിടെ വിജയികളാവുന്നതുകൊണ്ടുതന്നെ ആ വിജയട്രെൻഡ് നിലനിർത്തുകയെന്നതാണ് തനിക്ക് മുന്നിലുള്ള പ്രധാന ചലഞ്ച്. എന്നാൽ, അതുപോലെ മികച്ച താരങ്ങളെയും കിട്ടേണ്ടതുണ്ട്. മലപ്പുറത്ത് ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്ബാളില്നിന്നാണ് കേരള സന്തോഷ് ട്രോഫി ടീമിനെ തെരഞ്ഞെടുക്കുക.
ഇവരിൽനിന്ന് മികച്ച താരങ്ങളെ തെരഞ്ഞെടുക്കുകയെന്നതുതന്നെയാണ് പ്രാഥമിക ദൗത്യം. നിലവിൽ കരുത്തരും പരിചയസമ്പന്നരുമായ കളിക്കാരെ കിട്ടാത്തതും വെല്ലുവിളിയാണ്. പലപ്പോഴും ഓരോ സന്തോഷ് ട്രോഫി ടൂർണമെന്റ് കഴിയുമ്പോഴും കളിക്കാരെ രാജ്യത്തെ മികച്ച ക്ലബുകൾ കൊണ്ടുപോവുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ കളിക്കാരെ അവരുടെ ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞ് അവരിൽനിന്നുള്ള ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന് പ്രത്യേക പരിശീലനം നൽകേണ്ടതുണ്ടെന്നും നിയുക്ത കോച്ച് വ്യക്തമാക്കി.
ഒക്ടോബർ അവസാന വാരമാണ് സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടുകൾ ആരംഭിക്കുന്നത്. അതിനാൽ ഇനി പരിശീലനത്തിന് അധികം നാളുകളില്ല. ശനിയാഴ്ച തുടങ്ങുന്ന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ് സെപ്റ്റംബർ ഒമ്പതിനാണ് സമാപിക്കുക. സമാപനം കഴിഞ്ഞ് ഏറെ വൈകാതെ പരിശീലനം തുടങ്ങും.
നിലവിൽ ടീമിലെത്തുന്ന താരങ്ങളെ കുറിച്ച് ധാരണയില്ലെങ്കിലും പ്രാഥമികമായ പരിശീലന പ്ലാനും ഫോർമേഷനും മനസ്സിലുണ്ടെന്നും സതീവൻ ബാലൻ കൂട്ടിച്ചേർത്തു. ഇതോടൊപ്പം ദേശീയ ഗെയിംസിൽ മാറ്റുരക്കാനുള്ള ഫുട്ബാൾ ടീമിെൻറ പരിശീലനവും നടത്തേണ്ടതുണ്ട്. സന്തോഷ് ട്രോഫിയിൽ വിജയം ഇടക്കിടെ ഉണ്ടാവാറുണ്ടെങ്കിലും ദേശീയ ഗെയിംസിലെ വിജയത്തിനും ഊന്നൽ നൽകേണ്ടതുണ്ട്. ഇരുവിജയവും പ്രധാനമാണെന്നും അതുമാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.