ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിന് ഞായറാഴ്ച രണ്ടാം അങ്കം. അയൽക്കാരും കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളുമായ കർണാടകയാണ് നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികൾ. ഗ്രൂപ് ‘എ’യിലെ ആദ്യ കളിയിൽ ഗോവയെ 3-2ന് തോൽപിച്ച് പോയന്റ് പട്ടികയിൽ മുന്നിലാണ് കേരളം.
സമനിലയോടെ തുടങ്ങിയ കർണാടക, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര ടീമുകൾക്ക് ഓരോ പോയന്റേ ഉള്ളൂ. മൂന്നു മത്സരങ്ങൾകൂടി ബാക്കിയുള്ള കേരളത്തിന് ഇന്ന് ജയിച്ചാൽ സെമി ഫൈനലിലേക്ക് ഒരുപടികൂടി അടുക്കാം. ഒ.എഫ്.എ ബറ്റാലിയൻ ഗ്രൗണ്ടിൽ രാവിലെ ഒമ്പതിനാണ് കളി. വൈകീട്ട് മൂന്നിന് പഞ്ചാബും മഹാരാഷ്ട്രയും ഒഡിഷയും പഞ്ചാബും ഏറ്റുമുട്ടും.
ഗ്രൂപ് ‘ബി’യിൽ മുൻ ചാമ്പ്യന്മാരായ ബംഗാളും ഡൽഹിയും തമ്മിൽ നടന്ന മത്സരത്തിൽ ഇരു ടീമും രണ്ടു ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. നീരജ് ഭണ്ഡാരിയും (8) ഗൗരവ് റാവത്തുമാണ് (72) ഡൽഹിക്ക് വേണ്ടി സ്കോർ ചെയ്തത്. ബംഗാളിന്റെ ഗോളുകൾ 50, 61 മിനിറ്റുകളിൽ നാരോ ഹരിശ്രേഷ്ഠ നേടി.
മറ്റു മത്സരങ്ങളിൽ മണിപ്പൂർ ഒന്നിനെതിരെ നാലു ഗോളിന് റെയിൽവേസിനെയും സർവിസസ് 2-0ത്തിന് മേഘാലയയെയും തോൽപിച്ചു. രണ്ടാം പകുതിയിൽ നാങ്ബം നവോച സിങ്ങും (56, 69, 73) ഇൻജുറി ടൈമിൽ യാമി ലോങ് വായും (90+2) നേടിയ ഗോളുകളാണ് റെയിൽവേസിന്റെ വിധിയെഴുതിയത്. 72ാം മിനിറ്റിൽ ആർ. രാമകൃഷ്ണനിലൂടെയായിരുന്നു ആശ്വാസം. മേഘാലയക്കെതിരെ സർവിസസിനായി ബി. സുനിലും (28) മോയ്റാങ്തം റൊണാൾഡോ സിങ്ങും (45+1) വലകുലുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.