പയ്യനാട് (മലപ്പുറം): സന്തോഷ് ട്രോഫി ഫൈനൽ ചിത്രം തെളിഞ്ഞു. മേയ് രണ്ടിന് പെരുന്നാൾ സന്തോഷം തേടി ആതിഥേയരായ കേരളവും മുൻ ജേതാക്കളായ ബംഗാളും ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി നടന്ന രണ്ടാം സെമി പോരാട്ടത്തിൽ മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചാണ് 32 തവണ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട ബംഗാൾ കലാശക്കളിക്ക് യോഗ്യത നേടിയത്.
വ്യാഴാഴ്ച കർണാടകയെ 7-3ന് തോൽപിച്ചായിരുന്നു കേരളത്തിന്റെ ഫൈനൽ പ്രവേശനം. കളമുണരും മുമ്പ് കളിയിലെ ആദ്യ ഗോളെത്തി. രണ്ടാം മിനിറ്റിൽ ബംഗാൾ മിഡ്ഫീൽഡർ സുജിത്തിന്റെ ലോങ് റേഞ്ചർ ഗോളി ചിൻകെയ് മെയ്തെയെ കബളിപ്പിച്ച് അനായാസം വലയിൽ. ഏഴാം മിനിറ്റിൽ വീണ്ടും ബംഗാൾ. മണിപ്പൂരി പ്രതിരോധനിരയുടെ ആശയക്കുഴപ്പം മുതലെടുത്ത് ഫർദീൻ അലി മൊല്ല പോസ്റ്റിലേക്കടിച്ചപ്പോൾ ഗോളി വീണ്ടും നിസ്സഹായൻ. തുടക്കത്തിലേ രണ്ട് ഗോൾ വീണതോടെ സമ്മർദത്തിലായ മണിപ്പൂർ 24ാം മിനിറ്റിൽ ഗോളി മെയ്തെയെ പിൻവലിച്ച് രാജബർമാനെ ഇറക്കി.
രണ്ടാം പകുതിയിലും ഗോൾ മടക്കാൻ മണിപ്പൂർ ആവുംവിധം ശ്രമിച്ചു. 58ാം മിനിറ്റിൽ ലെയ്തോൻജം ബോക്സിൽ നിന്ന് തൊടുത്ത ഷോട്ട് നൂലിഴ വ്യത്യാസത്തിൽ പുറത്ത്. 74ാം മിനിറ്റിൽ ബംഗാളിന്റെ മൂന്നാം ഗോൾ. ഇടതുവിങ്ങിൽ നിന്ന് ദിലീപ് ഒറോണിന്റെ ലോങ് റേഞ്ചർ മണിപ്പൂരി പോസ്റ്റിൽ പറന്നിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.