ഭുവനേശ്വർ: ഈ ടീം കിരീടസാധ്യത ഉയർത്തുന്നുണ്ടോ? സന്തോഷ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ മഹാരാഷ്ട്രക്കെതിരായ കളിയുടെ ആദ്യ പകുതി കണ്ടാൽ ഇല്ലെന്നേ തോന്നൂ. അതിനിടെ വഴങ്ങിയത് നാലു ഗോളുകൾ, നേടിയത് ഒന്നും. എന്നാൽ, അടുത്ത 45 മിനിറ്റിൽ കേരളത്തിന്റെ കളി യഥാർഥ ചാമ്പ്യന്മാരുടേതായിരുന്നു. ആ സമയംകൊണ്ട് കിട്ടിയതെല്ലാം തിരിച്ചുകൊടുത്ത് കേരളം സമനില പിടിച്ചു.
എന്നാൽ, തോൽവിക്കു പിന്നാലെ സമനിലയുമായതോടെ കേരളത്തിന്റെ സെമി ഫൈനൽ പ്രവേശനം ത്രിശങ്കുവിലായി. ആദ്യ കളിയിൽ ഗോവയോട് വിജയം, രണ്ടാം മത്സരത്തിൽ കർണാടകക്കെതിരെ തോൽവി, മൂന്നാം മത്സരത്തിൽ മഹാരാഷ്ട്രക്കെതിരെ സമനിലയും. ഇതോടെ മൂന്നു മത്സരങ്ങളിൽ നാലു പോയന്റ് മാത്രമുള്ള കേരളം ഗ്രൂപ് ‘എ’യിൽ നാലാമതാണ്. ഏഴു പോയന്റ് വീതമുള്ള കർണാടകക്കും പഞ്ചാബിനും പിറകിൽ ഒഡിഷക്കും കേരളത്തിനും നാലു പോയന്റ് വീതമാണ്. ഗോൾശരാശരിയിൽ ഒഡിഷയാണ് മൂന്നാമത്. പഞ്ചാബിനും ഒഡിഷക്കുമെതിരെയാണ് കേരളത്തിന്റെ ശേഷിക്കുന്ന കളികൾ. രണ്ടും ജയിച്ചെങ്കിൽ മാത്രമേ കേരളത്തിന് സെമി പ്രതീക്ഷയുള്ളൂ. രണ്ടും ജയിച്ചാലും മറ്റു മത്സരഫലങ്ങളെക്കൂടി ആശ്രയിക്കേണ്ടിവരുകയും ചെയ്യും.
കേരളത്തിനായി വിശാഖ് മോഹനൻ (38), നിജോ ഗിൽബർട്ട് (66), വി. അർജുൻ (70), ജോൺ പോൾ ജോസ് (77) എന്നിവരാണ് ഗോൾ നേടിയത്. മഹാരാഷ്ട്രക്കായി സൂഫിയാൻ ശൈഖ് (17), ഹിമാൻഷു പാട്ടീൽ (20), സുമിത് ഭണ്ഡാരി (38), തേജസ് റാവുത്ത് (42) എന്നിവർ സ്കോർ ചെയ്തു. കേരളത്തിന്റെ നാലാം ഗോൾ മഹാരാഷ്ട്ര വിവാദമാക്കിയതിനെ തുടർന്ന് 10 മിനിറ്റിലേറെ കളി തടസ്സപ്പെട്ടു. വാട്ടർ ബ്രേക് കഴിഞ്ഞയുടൻ എടുത്ത ത്രോയിൽനിന്നായിരുന്നു ഗോളിന്റെ പിറവി. തങ്ങളുടെ താരങ്ങൾ ബ്രേക് കഴിഞ്ഞ് പൊസിഷനുകളിൽ എത്തുന്നതിനുമുമ്പായിരുന്നു റഫറിയുടെ വിസിലും ഗോളുമെന്ന് ആരോപിച്ചായിരുന്നു മഹാരാഷ്ട്രയുടെ പ്രതിഷേധം. എന്നാൽ, റഫറി ഗോൾ അനുവദിച്ചു.
സെമിയിലേക്ക് ടിക്കറ്റെടുക്കാൻ ജയം ഉറപ്പിക്കേണ്ടിയിരുന്നവരുടെ പോരാട്ടത്തിന്റെ തുടക്കം മുതൽ ആക്രമണോത്സുകത കാട്ടിയ മഹാരാഷ്ട്ര കളിയുടെ തുടക്കത്തിൽ കേരളത്തെ നിഷ്പ്രഭമാക്കുകയായിരുന്നു. കർണാടകയോടേറ്റ തോൽവിയുടെ ആഘാതത്തിൽ നിന്നുണരാതെപോയ കേരളം കളത്തിൽ താളം കണ്ടെത്താനാവാതെ വിഷമിച്ചപ്പോൾ പാട്ടീലും ശൈഖും തുടക്കം മുതൽ വരാനിരിക്കുന്നതിന്റെ സൂചനകൾ നൽകി. പാളിപ്പോയ പ്രതിരോധവും ലക്ഷ്യബോധമില്ലാതെ പന്തടിച്ച മധ്യനിരയും ചാമ്പ്യന്മാരുടെ ദൗർബല്യം തുറന്നുകാട്ടി. കോച്ച് ആദ്യ ഇലവനിൽ വരുത്തിയ മാറ്റങ്ങളും കളത്തിൽ കാര്യമായ പ്രതിഫലനമൊന്നുമുണ്ടാക്കിയില്ല.
17ാം മിനിറ്റിൽ മഹാരാഷ്ട്ര ഗോൾവേട്ടക്ക് തുടക്കം കുറിച്ചു. മധ്യവര കടന്നുകയറിയ പാട്ടീലിനെ തടയാൻ മുന്നോട്ടുകയറിയ കേരള ക്യാപ്റ്റൻ മിഥുനെ കബളിപ്പിച്ചു ശൈഖ് പന്ത് വലയിലാക്കി. ആദ്യ ഗോളിന്റെ ആവേശത്തിൽ പിന്നെയും കുതിച്ച മഹാരാഷ്ട്ര മൂന്നു മിനിറ്റിനകം വീണ്ടും ഗോളടിച്ചു. പാട്ടീലിന്റെ വകയായിരുന്നു രണ്ടാം ഗോൾ.
രണ്ടു ഗോളിനു പിറകിലായിട്ടും കേരളം ഉണർന്നില്ല. മറുവശത്ത് മഹാരാഷ്ട്ര ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടി. 34ാം മിനിറ്റിൽ കേരള പ്രതിരോധത്തെ ഒന്നടങ്കം ഞെട്ടിച്ച് മനോഹരമായ ഗോളിലൂടെ സുമിത് ഭണ്ഡാരി ലീഡ് മൂന്നാക്കി. പിന്നാലെ പ്രത്യാക്രമണത്തിൽനിന്ന് കേരളം ഒരു ഗോൾ മടക്കി. വൈശാഖ് മോഹനൻ ആയിരുന്നു സ്കോറർ. ഇത് കളിയിലേക്ക് തിരിച്ചുവരാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് തുണയാവുമെന്ന ഘട്ടത്തിൽ ടീം വീണ്ടും ഗോൾ വഴങ്ങി. തേജസ് റാവുത്ത് ആയിരുന്നു സ്കോറർ.
4-1ന് പിറകിലായി രണ്ടാം പകുതിക്കിറങ്ങിയ കേരളം പക്ഷേ, തകർപ്പൻ തിരിച്ചുവരവ് നടത്തുന്നതാണ് പിന്നീട് കണ്ടത്. 66ാം മിനിറ്റിൽ നിജോ ഗിൽബർട്ടിലൂടെ ഒരു ഗോൾകൂടി തിരിച്ചടിച്ച കേരളത്തിന് സമനില സമ്മാനിച്ചത് രണ്ടു പകരക്കാരായിരുന്നു. 70ാം മിനിറ്റിൽ വി. അർജുനും 77ാം മിനിറ്റിൽ ജോൺ പോൾ ജോസും ഗോൾ നേടിയതോടെ സ്കോർ 4-4. അവസാന ഘട്ടത്തിൽ വിജയത്തിനായി ആഞ്ഞുപൊരുതിയ കേരളത്തിന് പക്ഷേ, നിർണായക ഗോൾ കണ്ടെത്താനായില്ല.
17ന് ഒഡിഷക്കെതിരെയും 19ന് പഞ്ചാബിനെതിരെയുമാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങൾ.
ഗ്രൂപ് ‘എ’യിലെ മറ്റു മത്സരങ്ങളിൽ കർണാടകയും പഞ്ചാബും ജയം നേടി. കർണാടക 2-0ത്തിന് ഗോവയെയും പഞ്ചാബ് അതേ സ്കോറിന് ഒഡിഷയെയുമാണ് തോൽപിച്ചത്. തുടർച്ചയായ മൂന്നാം തോൽവിയുമായി ഗോവ പുറത്തായി. ആതിഥേയരായ ഒഡിഷയുടെ ആദ്യ തോൽവിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.