ഭുവനേശ്വർ: നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് 76ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിൽ ഇന്ന് നിലനിൽപിന്റെ പോരാട്ടം. കഴിഞ്ഞ ദിവസം അയൽക്കാരായ കർണാടകയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ കേരളം ഗ്രൂപ് എയിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ മഹാരാഷ്ട്രയെ നേരിടുന്നു.
കലിംഗ മൈതാനത്ത് ഇന്ന് രാത്രി 7.30 നാണ് മത്സരം. ഫാൻകോഡ് ആപിൽ തത്സമയം കാണാം. ആദ്യ മത്സരത്തിൽ ഗോവയെ തോൽപിച്ച കേരളം ആറു ടീമുകളുള്ള ഗ്രൂപ്പിൽ മൂന്നു പോയന്റുമായി നാലാമതാണ്. ഒരോ ജയവും ഒരോ സമനിലയുമായി ആതിഥേയരായ ഒഡിഷയും പഞ്ചാബും കർണാടകയുമാണ് കേരളത്തിന് മുന്നിൽ.
രണ്ടു കളികളിൽ ഒറ്റ പോയന്റ് മാത്രമുള്ള മഹാരാഷ്ട്രക്കും ഇന്ന് ജീവന്മരണ പോരാട്ടമാണ്. സെമിയിലേക്കുള്ള പാത മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ സുഗമമാക്കാൻ ഇനിയുള്ള മത്സരങ്ങൾ കേരളത്തിന് ജയിച്ചേ തീരൂ. ഇന്ന് സമനില വഴങ്ങിയാൽ പോലും മുന്നോട്ടുള്ള പ്രയാണം പ്രയാസമാവും.
പഞ്ചാബും ഒഡിഷയുമാണ് അടുത്ത എതിരാളികൾ. ഗ്രൂപ്പിലെ മറ്റു മത്സരങ്ങളിൽ കർണാടക രാവിലെ ഗോവയെയും ഒഡിഷ വൈകീട്ട് പഞ്ചാബിനെയും നേരിടും. സൗദി അറേബ്യയിൽ നടക്കുന്ന നോക്കൗട്ട് റൗണ്ടിലെത്താൻ ജയം അനിവാര്യമായ കേരളത്തിന് മികച്ച ഫോം കണ്ടെത്താനാവാത്തതാണ് മുഖ്യപ്രശ്നം.
ആദ്യ കളിയിൽ ഗോവയെ തോൽപിച്ചെങ്കിലും ഒരു ടീമെന്ന നിലയിൽ ഒത്തിണക്കം കുറവായിരുന്നു. കർണാടകക്കെതിരായ മത്സരത്തിൽ ദൗർബല്യം തുറന്നു കാട്ടപ്പെടുകയും ചെയ്തു.
പ്രാഥമിക റൗണ്ടിൽ ഗോളടിച്ചു കൂട്ടിയ ചാമ്പ്യന്മാരുടെ നിരയിൽ റിസ്വാൻ അലി, ഗിഫ്റ്റി ഗ്രേഷ്യസ്, അബ്ദുറഹീം, നിജോ ഗിൽബർട്ട്, നരേഷ് ഭാഗ്യനാഥ് തുടങ്ങിയവർക്ക് ഇന്ന് കൂടുതൽ ഭാരം പേറണം. ബാറിനു കീഴിൽ ക്യാപ്റ്റൻ മിഥുൻ വിശ്വസ്തനാണ്. കഴിഞ്ഞ മത്സരങ്ങളിൽ ആദ്യം കരക്കിരുന്ന ഒ.എം. ആസിഫ് ഇന്ന് ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും.
ഗ്രൂപ് ബിയിൽ സർവിസസ്, മേഘാലയ, റെയിൽവേസ് ടീമുകൾ ജയം സ്വന്തമാക്കി. സർവിസസ് 2-1ന് പശ്ചിമ ബംഗാളിനെയും മേഘാലയ 1-0ത്തിന് മണിപ്പൂരിനെയും റെയിൽവേസ് 1-0ത്തിന് ഡൽഹിയെയുമാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.