ഇട്ടനഗർ: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിന് ഇന്ന് അവസാന ഗ്രൂപ് മത്സരം. രാവിലെ 10ന് നടക്കുന്ന കളിയിൽ മുൻ ചാമ്പ്യന്മാരായ സർവിസസാണ് എതിരാളികൾ.
ഗ്രൂപ് എയിൽനിന്ന് സർവിസസും (9) ഗോവയും (8) കേരളവും (7) അസമും (6) ക്വാർട്ടർ ഫൈനലിലെത്തിയതിനാൽ മത്സരത്തിന്റെ ഫലം അപ്രസക്തമാണെങ്കിലും ആത്മവിശ്വാസം കൂട്ടാൻ ജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല. ഇന്ന് സർവിസസും അസമിനെ നേരിടുന്ന ഗോവയും തോൽക്കുന്ന പക്ഷം നിജോ ഗിൽബർട്ടിനും സംഘത്തിനും 10 പോയന്റുമായി ഗ്രൂപ് ജേതാക്കളുമാവാം.
അസമിനെ 3-1ന് തോൽപിച്ച് തുടങ്ങിയ കേരളം തുടർന്ന് ഗോവയോട് 0-2ന് പരാജയപ്പെടുകയും മേഘാലയയോട് 1-1 സമനില പിടിക്കുകയുമായിരുന്നു. അരുണാചൽപ്രദേശിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്താണ് കേരളം ക്വാർട്ടർ ഉറപ്പാക്കിയത്. മേഘാലയയും (2) അരുണാചലും പുറത്താവുകയും ചെയ്തു. ഗ്രൂപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് സർവിസസ്.
മൂന്നു മത്സരങ്ങൾ ജയിച്ച പട്ടാളസംഘം ഗോവയോടു മാത്രം തോറ്റു. സർവിസസിനെയും കേരളത്തെയും തോൽപിക്കാൻ ഗോവക്കു കഴിഞ്ഞു. അരുണാചൽ താരതമ്യേന ദുർബലരായിരുന്നതിനാൽ മലയാളിപ്പടക്ക് യഥാർഥ ശക്തിപരീക്ഷണത്തിന്റെ ദിവസമാണ് ഇന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.