കർണാടകയുടെ ഗോൾശ്രമം തടയുന്ന മണിപ്പൂർ ഗോളി

സന്തോഷ് ട്രോഫി: മൂന്നടിച്ച് മണിപ്പൂർ അവസാന നാലിൽ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂർ സെമി ഫൈനലിൽ കടന്നു. ഗ്രൂപ് ബിയിൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് കര്‍ണാടകയെയാണ് വീഴ്ത്തിയത്. ലൂന്‍മിന്‍ലെന്‍ ഹോകിപ് ഇരട്ടഗോള്‍ നേടി. സോമിഷോണ്‍ ഷിറകും സ്കോർ ചെയ്തു.

നാല് മത്സരങ്ങളില്‍നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയന്‍റോടെ മണിപ്പൂർ നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്. മൂന്ന് മത്സരങ്ങളില്‍ ഒരോ ജയവും തോല്‍വിയും സമനിലയുമായി നാല് പോയന്‍റാണ് കര്‍ണാടകക്കുള്ളത്. കളിയുടെ 19ാം മിനിറ്റിൽ മണിപ്പൂര്‍ ലീഡ് നേടി. വലതു വിങ്ങില്‍നിന്ന് കര്‍ണാടകയുടെ പ്രതിരോധ താരം ദര്‍ശന്‍ വരുത്തിയ പിഴവില്‍ സോമിഷോണ്‍ ഷിറകിന് ലഭിച്ച പന്ത് ബോക്‌സിലേക്ക് നല്‍കി.

ഡിഫൻഡർമാർക്കിടയിൽ നിന്ന ലൂന്‍മിന്‍ലെന്‍ ഹോകിപ് ഗോൾവര കടത്തി. 42ാം മിനിറ്റിലും ഹോകിപിന്‍റെ മിന്നലാട്ടം. വലത് വിങ്ങിലൂടെ പന്തുമായി മുന്നേറിയ താരത്തിന്‍റെ ഒറ്റയാന്‍ ആക്രമണം ഗോളിയെയും കടന്ന് പോസ്റ്റിൽ. 44ാം മിനിറ്റിൽ മൂന്നാം ഗോളും പിറന്നു. ഹോകിപിനെപ്പോലെ വലതു വിങ്ങിലൂടെയെത്തി സോമിഷോണ്‍ ഷിറക് അടിച്ച പന്ത് ഗോള്‍കീപ്പര്‍ ജയന്ത്കുമാര്‍ തട്ടി. ഞൊടിയിടയിൽ അവസരം സോമിഷോണ്‍ ഗോളാക്കി മാറ്റുകയായിരുന്നു.

സെമിക്കരികെ ബംഗാൾ; അത്ഭുതം കാത്ത് മേഘാലയ

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ് എയിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കാനുള്ള മത്സരങ്ങൾ ഞായറാഴ്ച നടക്കും. വൈകീട്ട് കോട്ടപ്പടി സ്റ്റേഡിയത്തിൽ ബംഗാള്‍ രാജസ്ഥാനെ നേരിടും. രാത്രി പയ്യനാട്ട് മേഘാലയ-പഞ്ചാബ് മത്സരവും നടക്കും.

രാജസ്ഥാനെ ബംഗാൾ തോൽപിക്കുന്നതോടെ സെമി ഫൈനലിസ്റ്റുകൾ ആരെന്നറിയാൻ രാത്രി വരെ കാത്തിരിക്കേണ്ടി വരില്ല. നാലു മത്സരങ്ങളിൽ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയന്‍റോടെ ബംഗാൾ സെമിയിൽ പ്രവേശിക്കും. രാജസ്ഥാൻ ബംഗാളിനെ അട്ടിമറിച്ചാൽ മാത്രമേ മേഘാലയ-പഞ്ചാബ് കളിക്ക് പ്രസക്തിയുള്ളൂ.

മേഘാലയക്ക് ഒരോ ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്‍റാണുള്ളത്. പഞ്ചാബ് ഒരു ജയവും രണ്ടു തോല്‍വിയുമായി മൂന്ന് പോയന്‍റിലും. നാല് പോയന്‍റുള്ള മേഘാലയക്ക് പഞ്ചാബിനെ തോല്‍പിച്ചാല്‍ ഏഴാകും. രാജസ്ഥാന്‍ ബംഗാളിനെ തോല്‍പിക്കുക കൂടി ചെയ്താൽ മേഘാലയക്ക് സെമിയിലെത്താം.

Tags:    
News Summary - Santosh Trophy: Manipur in the last four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.