കൽപറ്റ: നാടിന്റെ അഭിമാനമായ താരങ്ങൾക്കും കിരീടത്തിലേക്ക് വഴി തെളിച്ച പരിശീലകനും കൽപറ്റയുടെ ആദരം. രാജ്യത്തെ കാൽപന്തുകളിയുടെ പരമോന്നത കിരീടമായ സന്തോഷ് ട്രോഫിയിൽ കേരളം ഏഴാംതവണയും മുത്തമിട്ടപ്പോൾ അതിനുപിന്നിൽ നിർണായക സാന്നിധ്യമായ വയനാടൻ താരങ്ങളായ മുഹമ്മദ് റാഷിദിനും മുഹമ്മദ് സഫ്നാദിനും കൽപറ്റ നഗരസഭ പൗരാവലി നൽകിയ സ്വീകരണം പ്രൗഢോജ്ജ്വലമായി.
കേരളത്തെ കപ്പിലേക്ക് നയിച്ച കോച്ച് ബിനോ ജോർജും സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയത് കൽപറ്റയിലെ കളിക്കമ്പക്കാരെ ആവേശം കൊള്ളിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സ്വീകരണച്ചടങ്ങ് നിറപ്പകിട്ടാർന്നതായിരുന്നു.
കൽപറ്റ നഗരസഭ പരിധിയിലെ ക്ലബുകളും പരിശീലന കേന്ദ്രങ്ങളും സ്ഥാപനങ്ങളും ജനപ്രതിനിധികളുമൊക്കെ അണിനിരന്ന വർണാഭമായ ഘോഷയാത്രക്കുശേഷമാണ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ വേദിയിൽ സ്വീകരണ ചടങ്ങ് ഒരുക്കിയത്. റാഷിദിനെയും സഫ്നാദിനെയും ബിനോ ജോർജിനെയും തുറന്ന ജീപ്പിൽ സ്വീകരണവേദിയിലേക്ക് ആനയിക്കുകയായിരുന്നു. മൂവർക്കും കാൽലക്ഷം രൂപ വീതം ഉപഹാരം നഗരസഭ ചെയർമാൻ കെയംതൊടി മുജീബ് സമ്മാനിച്ചു. താരങ്ങളുടെ ബന്ധുക്കളെയും ചടങ്ങിൽ ആദരിച്ചു. തങ്ങളുടെ നാട്ടുകാരനായ റാഷിദിന്റെ കൂറ്റൻ കട്ടൗട്ടുകളുമായാണ് മുണ്ടേരിയിലെ കൊച്ചു ആരാധകരെത്തിയത്. മേപ്പാടി മാൻകുന്ന് സ്വദേശിയായ സഫ്നാദാണ് ബംഗാളിനെതിരായ ഫൈനലിൽ കേരളത്തിന്റെ നിർണായക സമനില ഗോൾ കുറിച്ചത്.
നാസിക് ഡോളും വർണ ബലൂണുകളുമൊക്കെയായി നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് ഫുട്ബാൾ പ്രേമികൾ പങ്കാളികളായി. എസ്.കെ.എം.ജെ സ്കൂളിന് സമീപത്തെ ചന്ദ്രഗിരി ഓഡിറ്റോറിയം പരിസരത്ത് നിന്ന് നഗരസഭ ചെയര്മാന് കെയംതൊടി മുജീബിന്റെ നേതൃത്വത്തില്‍ ഘോഷയാത്രക്ക് തുടക്കമായി. സഫ്നാദിന്റെ മാതാപിതാക്കളായ എം. നജ്മുദ്ദീൻ, കദീജ, റാഷിദിന്റെ മാതാവ് ഫാത്തിമ, വല്യുമ്മ കുഞ്ഞിപ്പാത്തു എന്നിവരെ വൈസ് ചെയര്പേഴ്സൻ കെ. അജിത ഷാളണിയിച്ചു. സന്തോഷ് ട്രോഫി വിജയത്തിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണിതെന്ന് കോച്ച് ബിനോ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.