റിയാദ്: ഫിഫ ലോകകപ്പ് 2022 ലേക്കുള്ള പ്രവേശന പാസ്സ് ആയ 'ഹയ്യ കാർഡ്' കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്ക് സൗദി വിസ സൗജന്യമായി അനുവദിക്കാൻ മന്ത്രിസഭയുടെ അനുമതി. വിസയുടെ ഇ-സർവിസ് ചെലവുകൾ വഹിക്കാനുള്ള തീരുമാനത്തിന് യോഗം അംഗീകാരം നൽകി. ഫിഫ ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ എത്തുന്ന ഫുട്ബാൾ പ്രേമികൾക്ക് നൽകുന്ന ഡിജിറ്റൽ വ്യക്തിഗത രേഖയാണ് (ഫാൻ ഐ.ഡി) ഹയ്യ കാർഡ്. നവംബർ ഒന്ന് മുതൽ 2023 ജനുവരി 23 വരെയാണ് ഇതിന്റെ കാലാവധി.
ഇത് കൈവശമുള്ളവർക്ക് ഈ ലോകകപ്പ് സീസണിൽ 60 ദിവസം വരെ സൗദിയിൽ തങ്ങാനും യഥേഷ്ടം പോയിവരാനുമുള്ള വിസ സൗജന്യമായി നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓൺലൈനായി അനുവദിക്കുന്ന ഇലക്ട്രോണിക് വിസയുടെ ചെലവുകൾ രാജ്യം ഏറ്റെടുക്കുന്നതിനുള്ള അനുമതിയാണ് കഴിഞ്ഞ ഞായറാഴ്ച ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം നൽകിയത്. വിസ നേടുന്നവർക്ക് ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് സൗദിയിലേക്ക് പ്രവേശിക്കാം.
33-ാമത് ഒപെക്-ഒപെക് ഇതര രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിന്റെ ഫലങ്ങളെ മന്ത്രിസഭ അവലോകനം ചെയ്തു. ആഗോള എണ്ണ വിപണിയുടെ സന്തുലിതത്വവും സ്ഥിരതയും ഉറപ്പ് വരുത്തുന്ന സമീപനമായിരിക്കും സൗദിയുടേത്. കള്ളപ്പണം വെളുപ്പിക്കൽ, ഇതര സമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഈജിപ്തിലെ അന്വേഷണ ഏജൻസിയുമായി എത്തിച്ചേർന്ന ധാരണാപത്രത്തിന് കാബിനറ്റ് അംഗീകാരം നൽകി. ആഗോള പ്രശ്നങ്ങളോടും വെല്ലുവിളികളോടും പ്രതികരിക്കുന്നതിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ തമ്മിൽ ബഹുമുഖ ഏകോപനമുണ്ടാക്കാൻ യോഗത്തിൽ ധാരണയായി. ഇന്റർനാഷനൽ എയർപോർട്ട് കൗൺസിൽ ഓഫ് ഏഷ്യ പെസഫിക്കിന്റെ റീജനൽ ഓഫീസ് റിയാദിൽ സ്ഥാപിക്കുന്നതിന് കാബിനറ്റ് അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.