അറേബ്യക്കിത് അഭിമാനവേള...2034 ​ലോകകപ്പ് സൗദിയിൽ തന്നെ

ത്തറിന്റെ മണ്ണിൽ ഐതിഹാസികമായി ആ പന്തുരുണ്ടതിന്റെ നിറപ്പകിട്ടാർന്ന ഓർമകൾക്ക് അന്ന് 12 വയസ്സാകും. കാലം കറങ്ങിത്തെളിഞ്ഞ് കലണ്ടറിൽ 2034 എന്ന് തെളിയുമ്പോൾ ഗൾഫിന്റെ മണലാരണ്യത്തിൽ ഒരിക്കൽകൂടി പോരിശയാർന്ന പോരാട്ടങ്ങളിലേക്ക് പന്തൊഴുകിപ്പരക്കും. ഒരു വ്യാഴവട്ടത്തിനുശേഷം സൗദി അറേബ്യയെന്ന വിഖ്യാതമായ മണ്ണിലെ പച്ചപ്പുൽമേടുകളിൽ ലോകകപ്പിന്റെ വീറുറ്റ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങുമ്പോൾ അറബിനാട്ടിന് അലങ്കാരത്തിന്റെ മറ്റൊരു തങ്കപ്പതക്കം കൂടിയാകും.

വിശ്വമേള അറേബ്യയിലെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ആതിഥ്യത്തിനായുള്ള പോരിൽ തങ്ങളും രംഗത്തുണ്ടെന്നു പറഞ്ഞ ആസ്ട്രേലിയ അവസാന നാഴികയിൽ പിന്മാറി. ലോകം സൗദിയുടെ ഇച്ഛാശക്തിക്കും പ്രതിബദ്ധതക്കുമൊപ്പംനിന്നു. ഒടുവിൽ, അപേക്ഷ കൊടുക്കേണ്ട അവസാന ദിനവും പിന്നിട്ട​പ്പോൾ അഭിമാനപോരാട്ടങ്ങൾക്ക് നിലമൊരുക്കാൻ സൗദി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 2034 ​ഫിഫ ലോകകപ്പിന്റെ ആതിഥേയരായി സൗദി അറേബ്യ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. 2034 ലോകകപ്പ് സൗദിയിൽ നടക്കുമെന്ന് ആഗോള ഫുട്ബാൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ഫിഫ ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


48 ടീമുകൾ പ​​ങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കുകയെന്നത് എല്ലാ രാജ്യങ്ങൾക്കും വെല്ലുവിളി തന്നെയാണ്. എന്നാൽ, ലോകം ഉറ്റുനോക്കുന്ന മഹാപോരാട്ടങ്ങൾക്ക് വേദിയൊരുക്കുകയെന്ന ആ വെല്ലുവിളി തങ്ങൾ ധീരോദാത്തം ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി സൗദി തുടക്കത്തിലേ കളത്തിലിറങ്ങിയിരുന്നു. ആസ്ട്രേലിയക്കാകട്ടെ, ഉറച്ച കാൽവെപ്പായിരുന്നില്ല ഇക്കാര്യത്തിൽ. ലോകകപ്പ് ആതിഥ്യവുമായി ബന്ധപ്പെട്ട് സർക്കാറിന്റെ പൂർണപിന്തുണ ഫുട്ബാൾ ആസ്ട്രേലിയ തേടിയിരുന്നു. അതിന് കൃത്യമായ മറുപടി ദിവസങ്ങളായിട്ടും അവർക്ക് ലഭിച്ചില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.

2034 ലോകകപ്പ് ആതിഥ്യത്തിന് ഏഷ്യ-ഓഷ്യാനിയ മേഖലയിലെ രാജ്യങ്ങളിൽനിന്ന് ഫിഫ ഒക്ടോബർ നാലിന് അപേക്ഷ ക്ഷണിച്ച് മണിക്കൂറുകൾക്കകം സൗദി തങ്ങളുടെ ബിഡ് സമർപ്പിച്ചിരുന്നു. സൗദി അധികൃതരും ഫുട്ബാൾ ​അസോസിയേഷനും കായികപ്രേമികളുമൊക്കെ പൂർണാർഥത്തിൽ രാജ്യം ലോകകപ്പിന് അരങ്ങാവാനുള്ള അതിയായ ആഗ്രഹത്തിലായിരുന്നു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെയും 100 ഫിഫ അംഗ രാജ്യങ്ങളുടെയും പിന്തുണയും സൗദിക്കുണ്ടായിരുന്നു.

മറുതലക്കൽ ആസ്ട്രേലിയക്ക് കൃത്യമായ തീരുമാനമെടുക്കാൻ കഴിഞ്ഞതുമില്ല. ലോകകപ്പ് ആതിഥ്യമെന്ന വെല്ലുവിളി ഒറ്റക്ക് ഏറ്റെടുക്കാൻ കഴിയുമോയെന്ന് തീർച്ചയില്ലാത്തതിനാൽ ഇക്കാര്യത്തിൽ ഇന്തോനേഷ്യയെയും സിംഗപ്പൂരിനേയും കൂടെ കൂട്ടുപിടിക്കാനായി പിന്നെ ആസ്ട്രേലിയയുടെ ശ്രമം. ആദ്യം അനൂകൂലമായി പ്രതികരിച്ച ഇന്തോനേഷ്യ പക്ഷേ, ഒരാഴ്ചക്കുശേഷം സൗദിക്ക് പൂർണ പിന്തുണയർപ്പിച്ച് രംഗത്തുവന്നു. ഇതോടെ ആസ്ട്രേലിയൻ പ്രതീക്ഷകൾ വീണ്ടും ത്രിശങ്കുവിലായി. തുടർന്ന് അവസാന ഘട്ടത്തിൽ അവർ മത്സരരംഗത്തുനിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

അടിസ്ഥാന സൗകര്യങ്ങളടക്കം എല്ലാ സജ്ജീകരണങ്ങളും സംവിധാനവുമുള്ള സൗദി അറേബ്യയിലേക്ക് ലോകകപ്പ് എത്തുന്നതിൽ എതിർപ്പുകളും തുലോം കുറവായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും കരീം ബെൻസേമയും സാദിയോ മാനേയുമടക്കമുള്ള താരകുമാരന്മാർ കൂടുമാറിയെത്തിയശേഷം സൗദി ഫുട്ബാൾ ലോകത്തിന്റെ തന്നെ ​ശ്രദ്ധാകേന്ദ്രമാണിന്ന്. ലിവ് ഗോൾഫ് ടൂറും ഫോർമുല വണ്ണും ബോക്സിങ്ങുമടക്കം എണ്ണംപറഞ്ഞ ചാമ്പ്യൻഷിപ്പുകൾക്ക് വേദിയൊരുക്കി സൗദി കായിക മേഖലയിൽ മുന്നേറുകയാണിപ്പോൾ. 

Tags:    
News Summary - Saudi Arabia To Host 2034 FIFA World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.