റിയാദ്: സൗദി പ്രോ ലീഗില്‍ ഹാട്രിക് പ്രകടനവുമായി പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിറഞ്ഞാടിയ മത്സരത്തിൽ അൽ നസ്റിന് തകർപ്പൻ ജയം.
അല്‍ വെഹ്ദയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് നസ്ർ നിലംപരിശാക്കിയത്. സൗദി ലീഗ് നടപ്പു സീസണിൽ ക്രിസ്റ്റ്യാനോയുടെ നാലാം ഹാട്രിക്കാണിത്. ഗോൾ നേട്ടം 32 ആയി. 2018-19 സീസണിൽ അബ്ദുറസാഖ് ഹംദല്ല നേടിയ 34 ഗോളുകളെന്ന റെക്കോഡ് മറികടക്കാൻ താരത്തിന് ഇനി രണ്ടു ഗോളുകൾ മാത്രം മതി. ലീഗിൽ ഇനിയും നാലു മത്സരങ്ങൾ ബാക്കിയുണ്ട്. സീസണില്‍ അൽ നസ്ർ ജഴ്സിയിൽ വിവിധ ചാമ്പ്യൻഷിപ്പുകളിലായി 40 ഗോളുകള്‍ എന്ന നേട്ടവും 39കാരൻ പിന്നിട്ടു.
മത്സരത്തില്‍ 5, 12, 52 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. ഒറ്റാവിയോ (18ാം മിനിറ്റിൽ), സാദിയോ മാനെ (45), മുഹമ്മദ് അലി ഫാറ്റി (88) എന്നിവരുംം ക്ലബിനായി ലക്ഷ്യംകണ്ടു. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോക്ക് ഗോളിനുള്ള സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പുറത്തേക്ക് പോയി. അൽ വെഹ്ദ ഗോൾ കീപ്പറുടെ പിഴവിൽനിന്നാണ് താരം ടീമിന് ലീഡ് നേടികൊടുക്കുന്നത്. ഏഴു മിനിറ്റിനുശേഷം വലതു പാർശ്വത്തിൽനിന്ന് ബ്രൊസോവിച് നൽകിയ ഒരു മനോഹര ക്രോസ് ഹെഡറ്റിലൂടെ താരം വലയിലാക്കി.
52ാം മിനിറ്റിൽ മാനെ നൽകിയ കിടിലൻ ത്രൂബാളിലാണ് താരം ഹാട്രിക് പൂർത്തിയാക്കിയത്. താരത്തിന്‍റെ കരിയറിലെ 66ാം ഹാട്രിക്കാണിത്. മത്സരത്തില്‍ 14 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് നസര്‍ തൊടുത്തത്. ആറ് ഷോട്ടുകളാണ് എതിര്‍ ടീമിന്‍റെ അക്കൗണ്ടിലുള്ളത്. ഒരു ഷോട്ട് പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ വെഹ്ദക്ക് സാധിച്ചില്ല. തകര്‍പ്പന്‍ ജയത്തോടെ സൗദി ലീഗില്‍ 30 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 24 ജയവും രണ്ട് സമനിലയും നാലു തോല്‍വിയും അടക്കം 74 പോയന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.
ഒരു മത്സരം കുറവ് കളിച്ച അൽ ഹിലാൽ 83 പോയന്‍റുമായി ഒന്നാമതാണ്. മെയ് ഒമ്പതിന് അല്‍ അക്ദൗതിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.