‘അമേരിക്കൻ മേജർ ലീഗിനേക്കാൾ മികച്ചത് സൗദി ​പ്രോ ലീഗ്’; മെസ്സിക്കെതിരെ ഒളിയമ്പുമായി റൊണാൾഡോ

അമേരിക്കൻ മേജർ ലീഗ് സോക്കറിനേക്കാൾ (എം.എൽ.എസ്) മികച്ചത് സൗദി ​പ്രോ ലീഗാണെന്ന് സൗദി അൽ നസ്റിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പാരിസ് സെന്റ് ജർമെയിനിൽനിന്ന് (പി.എസ്.ജി) മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസ്സിയെ കഴിഞ്ഞ ദിവസം ക്ലബ് ആരാധകർക്ക് മുമ്പിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് റൊണാൾഡോയുടെ ഒളിയമ്പ്. ഞായറാഴ്ച 20,000ത്തിലധികം കാണികളാണ് മെസ്സിയെയും ബാഴ്സലോണയിലെ മുൻ സഹതാരം സെർജിയോ ബുസ്കറ്റ്സിനെയും അവതരിപ്പിക്കുന്ന ചടങ്ങിനെത്തിയത്. ഇരുവർക്കും 2025 വരെയാണ് കരാർ. മെസ്സിയും സൗദി പ്രോ ലീഗിലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ആരാധകരെ അമ്പരപ്പിച്ച് താരം ഇന്റർ മയാമിയുമായി കരാറിലെത്തുകയായിരുന്നു.

സെല്‍റ്റ വിഗോക്കെതിരായ അല്‍ നസ്‌റിന്റെ പ്രീ-സീസണ്‍ സൗഹൃദ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മേജര്‍ ലീഗ് സോക്കറിനേക്കാള്‍ മികച്ച ലീഗാണ് സൗദിയുടേതെന്ന് ക്രിസ്റ്റ്യാനോ അവകാശപ്പെട്ടത്. ഭാവിയില്‍ എം.എല്‍.എസിലേക്ക് മാറുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. അമേരിക്കയിലേക്കെന്നല്ല ഇനി യൂറോപ്യന്‍ ക്ലബിലേക്കും പോവില്ലെന്നാണ് ക്രിസ്റ്റ്യാനോ പറയുന്നത്. ‘ഞാൻ സൗദി ലീഗിലേക്കുള്ള വഴി തുറന്നു. ഇപ്പോൾ എല്ലാ കളിക്കാരും അങ്ങോട്ട് വരുന്നു. എനിക്ക് 38 വയസ്സായി. മറ്റൊരു യൂറോപ്യന്‍ ക്ലബിനും വേണ്ടി ഞാനിനി കളിക്കില്ലെന്നത് നൂറ് ശതമാനം ഉറപ്പാണ്. യൂറോപ്യന്‍ ഫുട്‌ബാളിന് നിലവാരം നഷ്ടപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മാത്രമാണ് യൂറോപ്പില്‍ നിലവാരമുള്ളത്. മറ്റേതിനേക്കാളും ഉയര്‍ന്ന നിലവാരം പ്രീമിയര്‍ ലീഗിനുണ്ട്. അത്രയും നിലവാരം സ്പാനിഷ് ലീഗിനില്ല. പോര്‍ച്ചുഗീസ് ലീഗ് മികച്ചതെങ്കിലും വേണ്ടത്ര നിലവാരമില്ല. ജര്‍മന്‍ ലീഗും ഇതില്‍നിന്ന് വ്യത്യസ്തമല്ല’, എന്നിങ്ങനെയായിരുന്നു റൊണാള്‍ഡോയുടെ വാക്കുകൾ.

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടാണ് ക്രിസ്റ്റ്യാനോ സൗദിയിലെ മുൻനിര ക്ലബുകളിലൊന്നായ അല്‍ നസ്‌റിലേക്ക് ചേക്കേറിയത്. റൊണാൾഡോയുടെ വരവിന് പിന്നാലെ വൻ താരനിരയാണ് സൗദി പ്രോ ലീഗിലേക്ക് എത്തിയത്. യൂറോപ്യന്‍ ഫുട്‌ബാളില്‍നിന്ന് കരീം ബെൻസേമ, റൂബെന്‍ നെവസ്, എന്‍ഗോളോ കാന്റെ, റോബര്‍ട്ടോ ഫിര്‍മിനോ, മാഴ്‌സെലോ ബ്രോസോവിച്ച് തുടങ്ങിയവർ അവിടെയെത്തി.

അതേസമയം, പ്രീസീസണ്‍ മത്സരത്തില്‍ അല്‍ നസ്ര്‍ എതിരില്ലാത്ത അഞ്ച് ഗോളിന് സെല്‍റ്റ വിഗോയോട് തോറ്റിരുന്നു. വ്യാഴാഴ്ച നടക്കുന്ന മറ്റൊരു മത്സരത്തില്‍ അല്‍ നസ്ര്‍ പോര്‍ച്ചുഗീസ് ചാമ്പ്യന്മാരായ ബെന്‍ഫിക്കയെ നേരിടും.

Tags:    
News Summary - 'Saudi Pro League is better than American Major League'; Ronaldo against Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.