മലപ്പുറം: 59ാമത് സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ആദ്യ നോക്കൗട്ട് മത്സരങ്ങളിൽ കണ്ണൂർ, ഇടുക്കി ടീമുകൾക്ക് ജയം. ശനിയാഴ്ച രാവിലെയും വൈകീട്ടുമായി നടന്ന മത്സരങ്ങളിൽ ഇരു ടീമുകളും ഷൂട്ടൗട്ടിലൂടെയാണ് ജയം കണ്ടെത്തിയത്.രാവിലെ നടന്ന കണ്ണൂർ -ആലപ്പുഴ മത്സരം 2 -2 സമനിലയിൽ കലാശിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിൽ 5 -3നാണ് കണ്ണൂരിന്റെ ജയം. കണ്ണൂരിനായി 12ാം മിനിറ്റിൽ അൻഷിദ് അലിയും 17ാം മിനിറ്റിൽ വി.പി. മുഹമ്മദ് സഫാദും ഗോൾ നേടി. ആലപ്പുഴക്കു വേണ്ടി കളിയുടെ രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ എ. അജ്മൽ മോൻ, എം.എം. അശ്വിൻ എന്നിവരാണ് ഇഞ്ചുറി ടൈമിൽ വല കുലുക്കിയത്.
വൈകീട്ട് നടന്ന എറണാകുളം -ഇടുക്കി മത്സരം 1 -1ൽ അവസാനിച്ചതോടെയാണ് ഷൂട്ടൗട്ടിലെത്തിയത്. ഷൂട്ടൗട്ടിൽ 5-4ന് ഇടുക്കി ക്വാർട്ടർ ഉറപ്പിച്ചു. ഇടുക്കിക്കായി മൂന്നാം മിനിറ്റിൽ കെ. അബ്ദു റഹീം എറണാകുളത്തിനായി 13ാം മിനിറ്റിൽ എൻ.എ. മുഹമ്മദ് അഷർ എന്നിവർ ഗോൾ നേടി. തുടർന്ന് ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഞായറാഴ്ച രാവിലെ ഏഴിന് നടക്കുന്ന ക്വാർട്ടറിൽ കണ്ണൂർ മുൻ ചാമ്പ്യന്മാരായ കാസർകോടിനെ നേരിടും. വൈകീട്ട് നാലിന് പ്രീക്വാര്‍ട്ടറില്‍ തിരുവനന്തപുരവും കോഴിക്കോടും ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ക്വാർട്ടറിൽ ഇടുക്കിയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.