വില്ലനായി ലുകാകു; ഇൻററിനെ തകർത്ത്​ സെവിയ്യക്ക്​ യൂറോപ ലീഗ്​ കിരീടം

ബെർ​ലി​ൻ: നായകനായി തുടങ്ങിയ ലുകാകു അവസാനം വില്ല​ൻ വേഷമണിഞ്ഞപ്പോൾ ഇൻറർ മിലാനെ തോൽപ്പിച്ച്​ സെവിയ്യ യൂറോപ ലീഗ്​ ചാമ്പ്യൻമാരായി. ജർമനിയിയിലെ കോളോഗ്​നയിൽ അടച്ചിട്ട സ്​റ്റേഡിയത്തിൽ നടന്ന ത്രില്ലർ ഫൈനൽ പോരിൽ രണ്ടിനെതിരെ മൂന്ന്​ ഗോളുകൾക്കായിരുന്നു സ്​പാനിഷ്​ പടയുടെ കിരീടധാരണം. അഞ്ചാം മിനിറ്റിൽ ഡീഗോ കാർലോസി​െൻറ ഫൗളിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയ ബെൽജിയം താരം ലുകാകുവാണ്​ സ്​കോർ ബോർഡ്​ തുറന്നത്​.

ഏഴ്​ മിനിറ്റിന്​ ശേഷം സെവിയ്യ മത്സരത്തിലേക്ക്​ തിരിച്ചെത്തി. ഡച്ച്​ താരം ലൂക്​ ഡെ ജോങാണ്​ സമനില ഗോൾ നേടിയത്​. ജീസസ്​ നവാസി​െൻറ ക്രോസിൽ പറന്ന്​ തലവെക്കുകയായിരുന്നു ജോങ്​. 33ാം മിനിറ്റിൽ ജോങ്​ വീണ്ടും രക്ഷകനായി. ഇത്തവണ ​എവർ ബെനേഗ നീട്ടിയടിച്ച പന്ത്​ വീണ്ടും തലകൊണ്ട്​ വലയിലെത്തിക്കുകയായിരുന്നു.


എന്നാൽ, രണ്ട്​ മിനിറ്റി​െൻറ ആയുസ്സ്​ മാത്രമേ ഉണ്ടായിരുന്നുള്ളൂ സെവിയ്യയുടെ ആഘോഷത്തിന്​. 35ാം മിനിറ്റിൽ ഡീഗോ ഗോഡിൻ​ ഹെഡ്ഡറിലൂടെ ഇൻററിനെ സമനിലയിലെത്തിച്ചു.

മത്സരം അധികസമയത്തേക്ക്​ നീങ്ങുമെന്ന ഘട്ടത്തിലാണ്​ ലുകാകു വില്ല​ൻ വേഷമണിയുന്നത്​. 74ാം മിനിറ്റിൽ സെവിയ്യക്ക്​ ലഭിച്ച ഫ്രീകിക്കാണ്​ ഗോളിന്​ വഴിതുറന്നത്​. ​ഉയർന്നുവന്ന പന്ത്​​ ഹെഡ്​ ചെയ്​ത്​ ഇൻറർ താരം പിന്നിലേക്ക്​ മാറ്റിയപ്പോൾ ബൈസിക്കിൾ കിക്കിലൂടെ കാർലോസ്​ മനോഹരമായി തൊടുത്തുവിടുകയായിരുന്നു. പന്ത്​ പുറത്തേക്ക്​​ പോകുമെന്ന്​ തോന്നിച്ചെങ്കിലും അലസമായി നിന്ന ലുകാകുവി​െൻറ കാലിൽ തട്ടി വലയിലേക്ക്​ കയറുകയായിരുന്നു.

ആറാമത്തെ കിരീടമാണ്​ ​സ്​പാനിഷ്​ ടീം യൂറോപ ലീഗിൽ സ്വന്തമാക്കുന്നത്​. യൂ​റോ​പ്പി​ലെ ര​ണ്ടാം​നി​ര​ക്കാ​രി​ൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായതും സ്​പാനിഷ്​ ടീം തന്നെ​.

ഇൻറർ താരം ലുകാകുവി​െൻറ സീസണിലെ 34ാം ഗോളായിരുന്നു വെള്ളിയാഴ്​ച രാത്രിയിലേത്​. യൂറോപ ലീഗിലെ 11 ​കളികളിൽ തുടർച്ചയായി ഗോളടിച്ചെന്ന റെക്കോഡും സ്വന്തമാക്കിയെങ്കിലും എല്ലാം നിറംകെടുത്തുന്നതായിരുന്നു സെൽഫ്​ ഗോൾ.  

Tags:    
News Summary - sevilla wins europa league football title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.