ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനിൽ (എ.ഐ.എഫ്.എഫ്) മലയാളിത്തിളക്കവുമായി ഡോ. ഷാജി പ്രഭാകരനും. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ, മാവേലിക്കര സ്വദേശിയായ ഷാജിയെ എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. കർണാടകയിലെ എം.എൽ.എയായ കാസർക്കോട്ടുകാരൻ എൻ.എ. ഹാരിസ് കഴിഞ്ഞ ദിവസം വൈസ് പ്രസിഡൻറായി ജയിച്ചിരുന്നു. എക്സിക്യൂട്ടിവിൽ കേരള ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. അനിൽ കുമാറിനെയും കൊല്ലം സ്വദേശിയും ഛത്തിസ്ഗഢിലെ ഫുട്ബാൾ അസോസിയേഷൻ അസി. സെക്രട്ടറിയുമായ മോഹൻലാലിനെയും കഴിഞ്ഞ ദിവസം എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
ഐ.എം. വിജയനെ ടെക്നിക്കൽ കമ്മിറ്റി ഡയറക്ടറായും പുതിയ എക്സിക്യൂട്ടിവ് യോഗം നിയമിച്ചു. ഐ ലീഗ് സി.ഇ.ഒയായിരുന്ന സുനന്ദോ ധാറാണ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ. കുശാൽ ദാസിന് ശേഷം താൽക്കാലിക ജനറൽ സെക്രട്ടറിയായിരുന്നു സുനന്ദോ. ഐകകണേ്ഠ്യനയായിരുന്നു തെരഞ്ഞെടുപ്പ്.
2017ൽ ഡൽഹി ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാജി പ്രഭാകരൻ ഫിഫ സൗത്ത് സെൻട്രൽ ഏഷ്യ ഡെവലപ്മെന്റ് ഓഫിസർ കൂടിയാണ്. എ.ഐ.എഫ്.എഫിൽ പുതിയ കമ്മറ്റി രൂപവത്കരിക്കണമെന്ന് ശക്തമായി വാദിച്ച ഫുട്ബാൾ സംഘാടകനാണ് ഷാജി. ആൽബർട്ടോ കൊളാസോ സെക്രട്ടറിയായിരുന്ന സമയത്ത് വിഷൻ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ഡൽഹി യുനൈറ്റഡ് എസ്.സിയുടെ ഡയറക്ടറാണ്. ഗ്വാളിയോറിലെ ലക്ഷ്മിഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷനിൽ പഠിച്ച ഷാജി പ്രഭാകരൻ പിന്നീട് ഫുട്ബാൾ വിഷയത്തിൽ ഇതേ സ്ഥാപനത്തിൽ നിന്ന് ഡോക്ടറേറ്റ് നേടി. ഫുട്ബാൾ ഖേലോ ഫൗണ്ടേഷൻ സ്ഥാപകനുമാണ്. 'ബാക്ക് ടു ദ റൂട്ട്സ്'എന്ന പേരിൽ ഗ്രാസ്റൂട്ട് തലത്തിലുള്ള ഫുട്ബാളിനെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്.
സുപ്രീംകോടതി വിധിയെ തുടർന്ന് പ്രഫുൽ പട്ടേൽ രാജിവെച്ചതിനാൽ പിൻഗാമിയായി ഷാജിയെത്തുമെന്നായിരുന്നു കരുതിയത്.
പിന്നീട് സെക്രട്ടറി ജനറൽ പദവിയിലേക്ക് പരിഗണിക്കുകയായിരുന്നു. ഫിഫയുടെ മേഖല ഓഫിസർ എന്ന നിലയിലുള്ള ഷാജി പ്രഭാകരന്റെ അനുഭവം ഇന്ത്യൻ ഫുട്ബാളിന്റെ ഗതിയെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷയെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.
എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറലായി നിയമിതനായത് വലിയ അംഗീകാരമായി കാണുന്നെന്ന് ഷാജി പ്രഭാകരൻ 'മാധ്യമ'ത്തോട് പറഞ്ഞു. വലിയ ഉത്തരവാദിത്തം കൂടിയാണിത്.
ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ചയിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്നാണ് പ്രതീക്ഷ. പുതിയ രീതികൾ കൊണ്ടുവരാൻ പ്രസിഡന്റിനൊപ്പം ആത്മാർഥമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എം. വിജയൻ ചെയർമാനായ ടെക്നിക്കൽ കമ്മിറ്റിയിൽ യൂജിൻസൺ ലിങ്ദോ, ക്ലൈമാക്സ് ലോറൻസ്, ഹർജിന്ദർ സിങ്, അരുൺ മൽഹോത്ര, പിങ്കി ബൊംപാൽ എന്നിവരാണ് അംഗങ്ങൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ദയനീയമായി തോറ്റ ബൈച്യുങ് ബൂട്ടിയ എക്സിക്യൂട്ടിവ് യോഗത്തിനെത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.