അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന് ഷാജി പ്രഭാകരനെ പുറത്താക്കി

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന് മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കി. ഇതുമായി ബന്ധപ്പെട്ട നടപടിക്ക് അന്തിമാനുമതി നൽകാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതോടെ പ്രസിഡന്റ് കല്യാൺ ചൗബെയാണ് തീരുമാനമെടുത്തത്.

എ.ഐ.എഫ്‌.എഫ് അംഗങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ഏറെ അതൃപ്തിയുണ്ടായിരുന്നെന്നും ഇത് അദ്ദേഹത്തിന്റെ കരാർ അവസാനിപ്പിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കിയെന്നും കല്യാൺ ചൗബെ പ്രതികരിച്ചു. വിശ്വാസവഞ്ചനയുടെ പേരിൽ ഷാജിയുടെ കരാർ അടിയന്തരമായി അവസാനിപ്പിച്ചതായും ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണൻ പകരം താൽക്കാലിക ചുമതല വഹിക്കുമെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു.

കല്യാൺ ചൗബെയുടെ നേതൃത്വത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ കമ്മിറ്റി ചുമതലയേറ്റപ്പോഴാണ് കുശാൽ ദാസിന്റെ സ്ഥാനത്ത് ഷാജി പ്രഭാകരനെ നിയോഗിച്ചത്. സന്തോഷ് ട്രോഫി പുനരുജ്ജീവനം ലക്ഷ്യമിട്ട് ടൂർണമെന്റിന്റെ അവസാനഘട്ട മത്സരങ്ങൾ സൗദി റേബ്യയിൽ നടത്തിയതുൾപ്പെടെയുള്ള മാറ്റങ്ങൾ പുതിയ ഭരണസമിതി കൊണ്ടുവന്നിരുന്നു. 2018ന് ശേഷം ആദ്യമായി ദേശീയ പുരുഷ ടീം ഫിഫ റാങ്കിങ്ങിൽ നൂറിനുള്ളിൽ ഇടം നേടുകയും ചെയ്തു. എ.എഫ്‌.സി എക്‌സിക്യൂട്ടീവ് അംഗമായും അടുത്തിടെ ഷാജി പ്രഭാകരൻ നിയമിതനായിരുന്നു.

എന്നാൽ, ഷാജി പ്രഭാകരന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടും ഉയർന്ന പ്രതിഫലത്തെ ചൊല്ലിയും അടുത്തിടെയായി സംഘടന എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ളിൽ അസ്വസ്ഥതയുയർന്നിരുന്നു. 

‘തീരുമാനത്തിനു പിന്നിൽ ഗൂഢാലോചന’

ന്യൂഡൽഹി: തന്നെ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന് പുറത്താക്കിയത് വിശ്വാസ വഞ്ചനമൂലമാണെന്നത് ഗുരുതരമായ ആരോപണമാണെന്നും ഗൂഢാലോചനയാണ് ഈ തീരുമാനമെന്നും ഷാജി പ്രഭാകരൻ. എ.ഐ.എഫ്.എഫ് അംഗങ്ങൾക്കുള്ള കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഭരണഘടന പ്രകാരം എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മാത്രമെ ജനറൽ സെക്രട്ടറിയെ പിരിച്ചുവിടാൻ കഴിയൂ. ഗൂഢാലോചനയെന്താണെന്ന് മനസ്സിലാക്കാനായിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ടവർ എന്ന നിലയിൽ പ്രസിഡന്റിനോട് ചോദിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ടെന്നും ഷാജി പ്രഭാകരൻ അംഗങ്ങൾക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടി. തനിക്ക് വേണ്ടിയല്ല, ഫുട്ബാളിന്റെ നന്മക്കായാണ് ആ ചോദ്യങ്ങൾ.

നിരുത്തരവാദപരമായ തീരുമാനമാണിതെന്നും നൂറു ശതമാനം സത്യസന്ധതയോടെയാണ് പ്രവർത്തിച്ചതെന്നും മുൻ സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഇന്ത്യൻ ഫുട്ബാളിന് ദോഷകരമായ ഒരു തീരുമാനവും എടുത്തിട്ടില്ല. ജുഡീഷ്യറിയുടെ തീരുമാനത്തിൽ ഇടപെട്ടില്ല എന്നതാണ് വസ്തുതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാത്രി സമൂഹ മാധ്യമമായ എക്‌സിൽ എല്ലാം ശരിയല്ലെന്ന് ഫെഡറേഷനെതിരെ ഷാജി പ്രഭാകരൻ കുറിപ്പിട്ടിരുന്നു. തീരുമാനങ്ങളിൽ വ്യക്തിപരമായ താൽപര്യങ്ങൾ അനുവദിക്കരുതെന്നും അദ്ദേഹം എഴുതി. അതേസമയം, ഷാജിയുടെ പ്രവർത്തനത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും തൃപ്തരായിരുന്നില്ലെന്ന് എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റും കർണാടകയിലെ കോൺഗ്രസ് നേതാവുമായ എൻ.എ. ഹാരിസ് പറഞ്ഞു. പ്രസിഡന്റിന്റെ തീരുമാനത്തിന് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരം വേണമെന്നില്ല. സെക്രട്ടറി ജനറൽ പദവി ശമ്പളം നൽകിയുള്ള തസ്തികയാണ്. നിയമിച്ചത് എക്സിക്യൂട്ടിവല്ല. നിയമിക്കാനും നീക്കം ചെയ്യാനും പ്രസിഡന്റിന് അധികാരമുണ്ടെന്നും ഹാരിസ് പറഞ്ഞു.

Tags:    
News Summary - Shaji Prabhakaran has been sacked from the post of Secretary General of the All India Football Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.