"ഇത് നാണക്കേടാണ്, ബാഴ്സലോണ വിജയം അർഹിച്ചിരുന്നു"; ലാലീഗക്കെതിരെ ചാവി

മാഡ്രിഡ്: എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനോടേറ്റ തോൽവിക്ക് ശേഷം ലാലീഗക്കെതിരെ കടുത്ത വിമർശനങ്ങളുമായി ബാഴ്സലോണ മാനേജർ ചാവി ഹെർണാണ്ടസ്. ലാലീഗയിൽ ഇപ്പോഴും ഗോൾലൈൻ ടെക്നോളജി ഇല്ലാത്തത് നാണക്കേടാണെന്നും ഉണ്ടായിരുന്നേൽ ഇന്നലെ ജയം ബാഴ്സലോണക്കാകുമായിരുന്നെന്നും ചാവി പറഞ്ഞു.

ലാമിൻ യമാലിന്റെ കിക്ക് ഗോൾ ലൈൻ കടന്നിരുന്നുവെന്ന് എല്ലാവരും കണ്ടതാണ്. സാങ്കേതിക വിദ്യയിലെ കുറവ് വിജയത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിൽ ഈ സാങ്കേതികവിദ്യ നടപ്പിലാക്കാത്ത യൂചുരുക്കം ചില മുൻനിര ലീഗുകളിലൊന്നാണ് ലാലീഗ.

“ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്തത് നാണക്കേടാണ്. ലോകത്തിലെ ഏറ്റവും മികച്ച ലീഗാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ സാങ്കേതികവിദ്യയിൽ മാറ്റങ്ങൾ വന്നേ മതിയാകൂ, ”മാനേജർ പറഞ്ഞു.

“എല്ലാവരും ആ ഗോൾ കണ്ടിട്ടുണ്ട്. അവർക്ക് ഗോൾ അനുവദിക്കാം. ചിത്രങ്ങൾ അവിടെയുണ്ട്. ഞങ്ങൾ മാഡ്രിഡിനേക്കാൾ മികച്ചവരായിരുന്നു. ഞങ്ങൾ വിജയം അർഹിച്ചിരുന്നു” സാവി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന ആവേശകരമായ എൽ ക്ലാസികോ പോരിൽ ബാഴ്സലോണയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്. രണ്ടു തവണ പിന്നിൽപോയ കാർലോ ആഞ്ചലോട്ടിയും സംഘവും ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്‍റെ ഇൻജുറി ഗോളിലാണ് മത്സരം ജയിച്ചുകയറിയത്. ജയത്തോടെ ലീഗിന്‍റെ തലപ്പത്തുള്ള റയലിന്‍റെ ലീഡ് 11 പോയന്‍റായി. 32 മത്സരങ്ങളിൽനിന്ന് 81 പോയന്‍റ്. രണ്ടാമതുള്ള ബാഴ്സക്ക് ഇത്രയും മത്സരങ്ങളിൽനിന്ന് 70 പോയന്‍റ്. ആറു മത്സരങ്ങളാണ് ലീഗിൽ ഇനി ബാക്കിയുള്ളത്

ആറാം മിനിറ്റിൽ ആന്ദ്രെസ് ക്രിസ്റ്റെൻസെൻസിലൂടെ ബാഴ്സയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. റാഫിഞ്ഞ എടുത്ത കോർണർ ഒഴിഞ്ഞുമാറി നിന്ന താരം ടോണി ക്രൂസിന്‍റെ മുകളിലൂടെ ചാടി തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലാക്കി. തൊട്ടു പിന്നാലെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറിന് ഗോൾ മടക്കാൻ അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്. 18ാം മിനിറ്റിൽ വിനീഷ്യന്‍റെ പെനാൽറ്റി ഗോളിലൂടെ റയൽ ഒപ്പമെത്തി.

ബോക്സിനുള്ളിൽ ബാഴ്സ താരം കുബാർസി റയലിന്‍റെ വാസ്ക്വസിനെ വീഴ്ത്തിതയിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത വിനീഷ്യസ് പന്ത് അനായാസം വലയിലാക്കി. താരത്തിന്‍റെ ലാ ലിഗ സീസണിലെ 13ാം ഗോളാണിത്. ലാമിൻ യമാലിന്‍റെ ഡയറക്ട് കോർണർ ഗോളിലൂടെ ബാഴ്സ ലീഡെടുത്തെന്ന് തോന്നിപ്പിച്ചിരുന്നു. റയൽ ഗോളി ലുനിന്‍റെ ഗോൾ സേവ് വര കടന്നെന്ന് ബാഴ്സ താരങ്ങൾ വാദിച്ചെങ്കിലും ഗോൾ ലൈൻ സംവിധാനം ഇല്ലാത്ത ലീഗിൽ വിഡിയോ അസിസ്റ്റന്‍റ് റഫറി ഗോൾ നിഷേധിച്ചു.

രണ്ടാം പകുതി കൂടുതൽ ആവേശകരമായിരുന്നു. 69ാം മിനിറ്റിൽ ലോപ്പസിലൂടെ ബാഴ്സ വീണ്ടും മുന്നിലെത്തി. ലുനിൻ തട്ടിയകറ്റിയ റീ ബൗണ്ട് പന്താണ് ക്ലോസ് റേഞ്ചിൽനിന്ന് ലോപ്പസ് വലയിലാക്കിയത്. നാലു മിനിറ്റിനുള്ളിൽ വാസ്ക്വസിന്‍റെ ഗോളിലൂടെ റയൽ വീണ്ടും സമനില പിടിച്ചു. വിനീഷ്യസിന്‍റെ ക്രോസിൽ മാർക്ക് ചെയ്യാതിരുന്ന താരത്തിന്‍റെ മനോഹര വോളിയാണ് വലയിലെത്തിയത്.

ഇൻജുറി ടൈമിൽ (90+1) വാസ്ക്വസിന്‍റെ ക്രോസിലൂടെയാണ് ബെല്ലിങ്ഹാം ടീമിന്‍റെ വിജയഗോൾ നേടുന്നത്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി റയലിന്‍റെ പരാജയം അറിയാത്ത 28ാം മത്സരമാണിത്. 22 ജയവും ആറു സമനിലയും. 2023 ഏപ്രിൽ എട്ടിന് വിയ്യാറയലിനെതിരെയാണ് അവസാനമായി റയൽ തോറ്റത്.

Tags:    
News Summary - 'Shameful' La Liga Has No Goal-Line Technology: Barcelona Coach Xavi Hernandez

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.