കോട്ടക്കൽ: പ്രിയ ഫുട്ബാൾ താരങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരണിഞ്ഞ് ചെറുകുന്ന് ഗ്രാമം. ഗോവയിലെ ഐ.എസ്.എൽ ഫൈനൽ മത്സരം കാണാൻ യാത്രതിരിച്ച ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളും സുഹൃത്തുക്കളുമായ മുഹമ്മദ് ജംഷീറും മുഹമ്മദ് ഷിബിലുമാണ് കാസർകോട് ഉദുമക്ക് സമീപം പള്ളിത്തായിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.
ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എഫ്.സി ഹൈദരാബാദ് എത്തിയതോടെ തന്നെ ഫുട്ബാളിനെ ഏറെ നെഞ്ചേറ്റുന്ന ഒതുക്കുങ്ങലിൽ ആരവമുയർന്നിരുന്നു. ബ്ലാേസ്റ്റഴ്സിനെതിരെയാണെങ്കിലും സുഹൃത്ത് അബ്ദുൽ റബീഹ് ഹൈദരാബാദ് ടീമിനായി ബൂട്ടണിയുന്നുവെന്നത് ആവേശം കൂട്ടി. ഒതുക്കുങ്ങലിലെത്തിയ ദൃശ്യമാധ്യമങ്ങൾക്ക് മുന്നിലെല്ലാം കളിവിശേഷങ്ങൾ പങ്കുവെക്കാനും ഫൈനൽ മത്സരങ്ങൾ കാണാൻ വലിയ സ്ക്രീൻ ഒരുക്കുന്നതിനും ഇരുവരും മുൻപന്തിയിലുണ്ടായിരുന്നു.
നാട്ടുകാർക്കും സുഹൃത്തുക്കൾക്കും വേണ്ടി എല്ലാം സജ്ജമാക്കി ശനിയാഴ്ച അർധരാത്രിയോടെ ആരംഭിച്ച യാത്രയാണ് ദേശീയപാതയിൽ മുറിഞ്ഞുപോയത്.
ഞായറാഴ്ച പുലർച്ചെ ഇരുവരുടേയും മരണ വിവരമറിഞ്ഞാണ് നാടുണർന്നത്. വിയോഗം ഇനിയും ഉൾക്കൊള്ളാനാകാതെ തേങ്ങുകയാണ് ചെറുകുന്ന് ഗ്രാമം. ഫൈനലിനെ ആവേശത്തോടെ വരവേൽക്കാൻ ഒരുക്കിയ കൂറ്റൻ സ്ക്രീനുകളെല്ലാം ഇതോടെ അഴിച്ചുവെച്ചു.
ഒതുക്കുങ്ങൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. കമറുദ്ദീന്‍റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും കാസർക്കോട്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി രാത്രി എട്ടോടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു. ശേഷം ഒമ്പതുമണിയോടെ ചെറുകുന്ന് ബി.പി.എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിന് പേരാണ് യാത്രാമൊഴി നൽകാനെത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ എന്നിവർ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുല്ല, പഞ്ചായത്ത് പ്രസിഡന്‍റ് കടമ്പോട്ട് മൂസ ഹാജി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ശേഷം പത്തരയോടെ മൃതദേഹങ്ങൾ ഒതുക്കുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ എത്തിച്ചു. ജംഷീറിന്‍റെ പിതാവ് കരീം എത്തിയതിന് ശേഷമായിരുന്നു ഖബറടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.