സാവോപോളോ: യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോട് ഫുട്ബാൾ ഇതിഹാസം പെലെ. ലോകകപ്പ് യോഗ്യത പ്ലേഓഫ് സെമിയിൽ യുക്രെയ്ൻ സ്കോട്ട്ലൻഡിനെ തോൽപിച്ചതിനുപിന്നാലെയാണ് പെലെ പുടിനോട് അധിനിവേശമവസാനിപ്പിക്കാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടത്.
'ഇന്നത്തെ 90 മിനിറ്റെങ്കിലും തങ്ങളുടെ രാജ്യം നേരിടുന്ന ദുരന്തം മറക്കാനായിരിക്കും യുക്രെയ്ൻകാർ ശ്രമിച്ചത്. ദയവുചെയ്ത് അധിനിവേശം അവസാനിപ്പിക്കൂ. ഈ അക്രമത്തിന് ഒരുവിധ ന്യായീകരണവുമില്ല. ഈ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശക്തി താങ്കളുടെ കൈകൾക്കാണ്. 2017ൽ നമ്മൾ അവസാനം കണ്ടുമുട്ടിയപ്പോൾ ഞാൻ പിടിച്ച അതേ കൈകളിൽ' -പെലെ കുറിച്ചു.
പ്രായാധിക്യവും രോഗങ്ങളും കാരണം വീട്ടിൽ വിശ്രമത്തിലാണ് പെലെ. അടുത്തിടെ കണ്ടെത്തിയ കുടലിലെ അർബുദ ചികിത്സക്കായി പലതവണ ആശുപത്രിയിലായിരുന്നു. കഴിഞ്ഞദിവസം സന്ദർശിക്കാനെത്തിയ കുടുംബാംഗങ്ങളൊത്തുള്ള ചിത്രം പെലെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 1970ലെ ലോകകപ്പ് ട്രോഫിയുടെ മാതൃക ഉയർത്തിപ്പിടിച്ചുള്ള ചിത്രത്തിന് 'എപ്പോഴത്തേയും പോലെ, ചെറിയ വിജയങ്ങൾ പോലും ആഘോഷിക്കുന്നു' എന്ന അടിക്കുറിപ്പും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.