യൂറോ കപ്പിന് മുൻപായി നടന്ന സൗഹൃദ മത്സരത്തിൽ സ്പെയിനിന് വമ്പൻ ജയം. നോർത്ത് അയർലൻഡിനെതിരെ 5-1 നാണ് സ്പെയിൻ ജയിച്ചുകയറിയത്. ബാഴ്സലോണ താരം പെഡ്രി ഇരട്ടഗോൾ നേടി.
മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടി അയർലൻഡ് സ്പെയിനിനെ ഞെട്ടിച്ചു. പ്രതിരോധ താരം ഡാനിയൽ ബല്ലാർഡാണ് ലീഡെടുത്തത്. 12ാം മിനിറ്റിൽ പെഡ്രിയിലൂടെ സ്പെയിൻ ഗോൾ മടക്കി. 18ാം മിനിറ്റിൽ സ്ട്രൈക്കർ ആൽവാരോ മൊരാട്ട സ്പെയിനിനെ മുന്നിലെത്തിച്ചു(2-1).
29ാം മിനിറ്റിൽ പെഡ്രി രണ്ടാം ഗോൾ നേടിയതോടെ കളി സ്പെയിന്റെ വരുതിയിലായി. 35ാം മിനിറ്റിൽ ഫാബിയാൻ റൂയിസ് സ്പെയിന്റെ നാലാമത്തെ ഗോളും നേടി. രണ്ടാം പകുതിയിൽ 60ാം മിനിറ്റിൽ മൈക്കിൾ ഒയസബാളും ഗോൾ നേടിയതോടെ നോർത്ത് അയർലൻഡിന്റെ പതനം പൂർണമായി.
മറ്റൊരു സൗഹൃദ മത്സരത്തിൽ ബെൽജിയം ലക്സംബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. ഇരട്ടഗോൾ നേടിയ റൊമേലു ലുക്കാക്കുവാണ് വിജയ ശിൽപി.
42ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ലുക്കാക്കു ബെൽജിയത്തെ മുന്നിലെത്തിക്കുന്നത്. രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ലുക്കാക്കു ഗോൾ ഇരട്ടിയാക്കി. 81 ാം മിനിറ്റിൽ ലിയാൻഡ്രോ ട്രോസ്സാഡിന്റെ ഗോളിലൂടെ ബെൽജിയം പട്ടിക പൂർത്തിയാക്കി. കളിയിലൂടനീളം ആധിപത്യം പുലർത്തിയ ബെൽജിയം ഒരു ഘട്ടത്തിലും ലക്സംബർഗിനെ തലപൊക്കാൻ അനുവദിച്ചില്ല.
മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് 3-1ന് നോർവെയെയും ക്രൊയേഷ്യ 2-1 പോർച്ചുഗലിനേയും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.