സെൽഫ് ഗോളിൽ അസൂറികളെ വീഴ്ത്തി സ്പെയിൻ പ്രീ ക്വാർട്ടറിൽ

ബെർലിൻ: യൂറോ കപ്പ് ഗ്രൂപ്പ് ബിയിൽ വമ്പന്മാരുടെ പോരാട്ടത്തിൽ സ്പെയിന് ജയം. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പെയിൻ മറികടന്നത്. തുർച്ചയായ രണ്ടാം ജയത്തോടെ ടീം പ്രീ ക്വാർട്ടർ ഉറപ്പിച്ചു. മത്സരത്തിലുടനീളം പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും സ്പെയിനിന്‍െ ആധിപത്യമായിരുന്നു. സ്പെയിനിന്‍റെ പ്രസ്സിങ് ഗെയിമിനു മുന്നിൽ അസൂറിപ്പട ശരിക്കും വിയർത്തു. നികോ വില്യംസ്, അൽവാരോ മൊറാട്ട, ഫാബിയാൻ റൂയിസ്, കൗമാരതാരം ലാമിൻ യമാൽ എന്നിവരെല്ലാം ഇറ്റലിയുടെ ബോക്സിൽ കടന്നുകയറി തുടരെ തുടരെ ഭീഷണി ഉയർത്തി. എന്നാൽ നീക്കങ്ങളെല്ലാം ഇറ്റലിയുടെ പ്രതിരോധത്തിൽ തട്ടി വിഫലമായി. മികച്ച സേവുകളുമായി ഡോണറുമ്മയും ടീമിന്‍െ രക്ഷക്കെത്തി.

യുവതാരം പെഡ്രി രണ്ടു സുവർണാവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. ഒടുവിൽ സ്പെയിനിന്‍െ പ്രസ്സിങ് ഗെയിമിന് ഫലം കിട്ടി. 55ാം മിനിറ്റിൽ ഇറ്റലിയുടെ പ്രതിരോധ താരം റിക്കാർഡോ കാലഫിയോറിയൂടെ ഓൺ ഗോളിലൂടെയാണ് സ്പെയിൻ ലീഡെടുത്തത്. നികോ വില്യംസിന്‍റെ നീക്കമാണ് ഗോളിന് വഴിയൊരുക്കിയത്. ഇടതു പാർശ്വത്തിലൂടെ കടന്നു കയറി താരം ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസാണ് ഗോളിലെത്തിയത്. മൊറാട്ടയുടെ തലയിലും ഗോൾ കീപ്പർ ഡോണരുമയുടെ കൈയിലും തൊട്ടുരുമ്മി വന്ന പന്ത് കാലഫിയോറിയുടെ കാലിൽ തട്ടി വലയിൽ കയറി.

ഗോൾ വഴങ്ങിയതോടെ ഇറ്റലി മത്സരത്തിൽ കൂടുതൽ ഒത്തിണക്കം കാണിച്ചു. ഇതിനിടയിലും ഇടതു പാർശ്വത്തിലൂടെ വില്യംസിന്‍റെ കടന്നുകയറ്റം ഇറ്റലിക്ക് വലിയ തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. 70ാം മിനിറ്റിൽ വില്യംസിന്‍െ കിടിലൻ ഷോട്ട് ബാറിൽ തട്ടി മടങ്ങി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഇറ്റലി മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും വൈകിയിരുന്നു. ഇൻജുറി ടൈമിൽ ഇറ്റലിയുടെ അയോസെ പെരെസിന്‍റെ ഗോളിലേക്കുള്ള രണ്ടു ഷോട്ടുകളാണ് ഡോണരുമ രക്ഷപ്പെടുത്തിയത്. ആറു പോയന്‍റുമായി സ്പെയിനാണ് ഗ്രൂപ്പിൽ ഒന്നാമത്. മൂന്നു പോയന്‍റുമായി ഇറ്റലി രണ്ടാമതും. അൽബേനിയ, ക്രൊയേഷ്യ മൂന്നും നാലും സ്ഥാനങ്ങളിലാണ്.  

Tags:    
News Summary - Spain beat Italy with an own goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.