ബെർലിൻ: അതികായർ മുഖാമുഖം നിൽക്കുന്ന ആവേശപ്പോരിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി സ്പെയിനിനെതിരെ. ആദ്യ കളി ജയിച്ചുനിൽക്കുന്ന ഇരു ടീമുകൾക്കും ഗ്രൂപ്പിൽ മേൽക്കൈയുറപ്പിക്കാൻ ഇന്ന് ജയം അനിവാര്യം. ബുണ്ടസ് ലിഗ ക്ലബായ ഷാൽക്കെയുടെ ഹോം ഗ്രൗണ്ടായ ഗെൽസെൻകിർച്ചെനിലാണ് പോരാട്ടം.
ആദ്യ കളികളിൽ 23ാം സെക്കൻഡിൽ വീണ ഗോളിൽ പിറകിലായ ശേഷം രണ്ടുവട്ടം തിരിച്ചടിച്ചായിരുന്നു അൽബേനിയക്കെതിരെ അസൂറികൾ കളി ജയിച്ചതെങ്കിൽ ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രോട്ടുകളെ കാൽ ഡസൻ ഗോളുകൾക്കായിരുന്നു സ്പെയിൻ മുക്കിയത്. കഴിഞ്ഞ യൂറോയിൽ ഇരു ടീമും സെമി ഫൈനലിൽ നേരിട്ടപ്പോൾ പെനാൽറ്റി ജയിച്ചാണ് ഇറ്റലി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ഫൈനലിലും പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഇറ്റാലിയൻ കിരീടമുത്തം.
ജിയാൻലൂക്ക മൻസീനി, ബ്രയാൻ ക്രിസ്റ്റന്റെ എന്നിവരെ ആദ്യ ഇലവനിൽ ഇറക്കിയാകും ഇറ്റലി കരുത്തുകൂട്ടുകയെങ്കിൽ യുവരക്തത്തിന്റെ കരുത്തിൽ അനായാസ ജയമാണ് സ്പാനിഷ് സംഘം ലക്ഷ്യമിടുന്നത്. ലാമിൻ യമാൽ എന്ന കൗമാരക്കാരനുൾപ്പെടെ ഓരോരുത്തരും അപകടം വിതക്കാൻ ശേഷിയുള്ളവർ.
ബെർലിൻ: 2020 യൂറോ കപ്പിലെ സെമി ഫൈനൽ തനിയാവർത്തനമായി ഇംഗ്ലണ്ടും ഡെൻമാർക്കും ഗ്രൂപ് സിയിൽ ഏറ്റുമുട്ടുന്നു. ആദ്യ കളി ജയിച്ചാണ് ഇംഗ്ലീഷ് സംഘമെത്തുന്നതെങ്കിൽ സ്ലൊവീനിയക്കെതിരെ സമനില സമ്മതിച്ച ക്ഷീണം തീർക്കലാണ് ക്രിസ്റ്റ്യൻ എറിക്സണിനും സംഘത്തിനും ലക്ഷ്യം. ഡെന്മാർക്കിന് അടുത്ത കളി കരുത്തരായ സെർബിയക്കെതിരെയായതിനാൽ ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും ടീമിന് മതിയാകില്ല.
ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ക്രിസ്റ്റൽ പാലസ്, ബ്രെന്റ്ഫോർഡ് തുടങ്ങിയവയിൽ ഒന്നിച്ച് പന്തുതട്ടുന്നവരാണ് ഇന്ന് മുഖാമുഖം വരുന്നവരിൽ പലരുമെന്ന സവിശേഷതയുമുണ്ട്. ഇന്ന് മറ്റൊരു കളിയിൽ ഗ്രൂപ്പിലെ മറ്റു ടീമുകളായ സെർബിയയും സ്ലൊവീനിയയും ഏറ്റുമുട്ടും. ഇന്ന് ജയിക്കാനായാൽ ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമന്മാരായി പ്രീക്വാർട്ടർ ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.