ബാഴ്സലോണ: 2013ൽ ബ്രസീലിലെ സാന്റോസിൽനിന്ന് സ്പെയിനിലെ ബാഴ്സലോണയിലേക്ക് കൂടുമാറിയതിനെ വഞ്ചന കാണിച്ചെന്ന പരാതിയിൽ സൂപ്പർ താരം നെയ്മറിനെ കുറ്റമുക്തനാക്കി കോടതി. നെയ്മറിന്റെ കളിയവകാശത്തിന്റെ (പ്ലെയർ റൈറ്റ്സ്) ഭാഗിക ഉടമസ്ഥാവകാശമുണ്ടായിരുന്ന ബ്രസീൽ കമ്പനി ഡി.ഐ.എസ് നൽകിയ കേസ് തീർപ്പാക്കിയാണ് സ്പാനിഷ് കോടതി താരത്തെ കുറ്റമുക്തനാക്കിയത്. ഒപ്പം ആരോപണവിധേയരായിരുന്ന നെയ്മറിന്റെ പിതാവ്, മാതാവ്, സാന്റോസിന്റെയും ബാഴ്സലോണയുടെയും പ്രസിഡന്റുമാർ എന്നിവരും കുറ്റമുക്തരായി. ബ്രസീലിലെ സൂപർമാർക്കറ്റ് ശൃംഖലയായ ഡി.ഐ.എസ് 2009ൽ നെയ്മറിന്റെ കുടുംബത്തിന് 50 ലക്ഷം ബ്രസീൽ റീൽ (ഏകദേശം എട്ടു കോടി രൂപ) നൽകി താരത്തിന്റെ ഭാവി ട്രാൻസ്ഫറുകളിൽ തുകയുടെ 40 ശതമാനത്തിന്റെ അവകാശം കരസ്ഥമാക്കിയിരുന്നത്രെ. എന്നാൽ, 2013ൽ സാന്റോസിൽനിന്ന് ബാഴ്സയിലേക്ക് മാറുമ്പോൾ യഥാർഥ കൈമാറ്റത്തുക 8.2 കോടി യൂറോ (ഏകദേശം 720 കോടി രൂപ) ആയിരുന്നെങ്കിലും 1.7 കോടി യൂറോ (ഏകദേശം 150 കോടി രൂപ)മാത്രമാണെന്ന് കാണിച്ച് അതിന്റെ 40 ശതമാനമാണ് തങ്ങൾക്കു നൽകിയതെന്നും അത് വഞ്ചനയാണെന്നും കാണിച്ചായിരുന്നു ഡി.ഐ.എസിന്റെ പരാതി.
ഇതിൽ കഴമ്പില്ലെന്നാണ് കോടതി വിധി. യഥാർഥ കൈമാറ്റത്തുക 1.7 കോടി യൂറോ തന്നെയാണെന്നും അതിന്റെ 40 ശതമാനമായ 68 ലക്ഷം യൂറോ ഡി.ഐ.എസിന് ലഭിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ച കോടതി ബാക്കി ഇടപാടുകളെല്ലാം വെവ്വേറെ കരാറുകളുടെ ഭാഗമാണെന്നും കൈമാറ്റത്തുകയിൽ പെടുന്നതല്ലെന്നും വിധിച്ചു. സാന്റോസിൽനിന്നുള്ള നെയ്മറിന്റെ ട്രാൻസ്ഫർ ബാഴ്സലോണയെ നികുതി കേസിലും കുടുക്കിയിരുന്നു. 2016ൽ 55 ലക്ഷം യൂറോ പിഴയടച്ചാണ് ബാഴ്സ ഇതിൽനിന്ന് തലയൂരിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.