മഡ്രിഡ്: ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസവും സൂപ്പർ പരിശീലകനുമായ സിനദിൻ സിദാൻ റയൽ മഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുന്നു. സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് സിദാൻ കളിക്കാരോട് പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2022 വരെ കരാറുണ്ടെങ്കിലും അടുത്ത ആഴ്ച സീസൺ അവസാനിക്കുന്നതോടെ താൻ പരിശീലകക്കുപ്പായം അഴിക്കുമെന്ന് സിദാൻ റയൽ താരങ്ങളോട് വ്യക്തമാക്കിയതായി ഒൻഡ സെറോ റേഡിേയായും ഗോൾ ഓൺലൈനും റിപ്പോർട്ട് ചെയ്തു.
മുൻ യുവന്‍റസ് പരിശീലകൻ മാസിമില്ല്യാനോ അല്ലഗ്രി, മുൻ റയൽ താരം റൗൾ ഗോൺസാലസ്, യോക്വിം ലോയ്വ് എന്നിവരിൽ ഒരാളാകും സിദാന്‍റെ പിൻഗാമിയെന്നാണ് ഒൻഡ സെറോ റിപ്പോർട്ട് ചെയ്യുന്നത്. റയൽ റിസർവ് ടീമിന്‍റെ പരിശീലകനായ റൗളിനാണ് കൂടുതൽ സാധ്യത. യൂറോപ്യൻ ചാമ്പ്യൻഷിപ്പുകൾ കഴിയുന്നതോടെ ലോയ്വ് ജർമനിയുടെ പരിശീലക സ്ഥാനം ഒഴിയും.
ടീമിനെ തുടർച്ചയായ മൂന്നാം തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ ശേഷം 2018ൽ സിദാൻ റയലിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാൽ വെറും 10 മാസങ്ങൾക്ക് ശേഷം അദ്ദേഹം സാന്‍റിയാഗോ ബെർണബ്യൂവിൽ മടങ്ങിയെത്തി.
സിദാന് കീഴിൽ റയൽ 2016-2017, 2018-2020 സീസണുകളിൽ ലാലിഗ ജേതാക്കളായിട്ടുണ്ട്. സിദാനോടൊപ്പം റയൽ 2016ലും 2017ലും യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ് ലോകകപ്പും സ്വന്തമാക്കിയിട്ടുണ്ട്.
രണ്ട് മത്സരം മാത്രം അവശേഷിക്കേ അത്ലറ്റിക്കോക്ക് (80 പോയന്‍റ്) പിന്നിൽ രണ്ടാമതാണ് റയൽ (78 പോയന്‍റ്). 76 പോയന്‍റുമായി ബാഴ്സലോണയാണ് മൂന്നാമത്. ലാലിഗയിൽ ഞായറാഴ്ച നടക്കുന്ന എവേ മത്സരത്തിൽ റയൽ അത്ലറ്റിക്കോ ബിൽബാവോയെ നേരിടും. വാൻഡമെട്രോപൊളിറ്റാനോയിൽ ഒസാസുനയാണ് അത്ലറ്റിക്കോയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.