ജിദ്ദ: റിയാദിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ റിയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്‌സലോണ കപ്പുയർത്തി. കിങ് ഫഹദ് സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സലോണ റിയൽ മാഡ്രിഡിനെ തളച്ചത്. റോബർട്ട് ലെവൻഡോസ്‌കി, ഗവി, പെഡ്രി എന്നീ താരങ്ങളാണ് ബാഴ്‌സലോണക്ക് വേണ്ടി വലകുലുക്കിയത്.
90 മിനിറ്റുകൾ കഴിഞ്ഞുള്ള മൂന്ന് മിനിറ്റ് എക്സ്ട്രാ ടൈമിൽ ക്യാപ്റ്റൻ കരിം ബെൻസിമ റിയൽ മാഡ്രിഡിന് വേണ്ടി ആശ്വാസ ഗോൾ നേടി. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ബാഴ്‌സലോണ സ്പാനിഷ് സൂപ്പർ കപ്പ് ജേതാക്കളാവുന്നത്. 2021ൽ മുൻ താരം സാവി ടീമിന്റെ പരിശീലകനായി ചുമതലയേറ്റതിനുശേഷവും, ടീമിന് വേണ്ടി കളിച്ചിരുന്ന ലയണൽ മെസ്സി പാരീസ് സൈന്റ് ജെർമെയ്‌നിലേക്ക് പോയതിനു ശേഷവും ലഭിക്കുന്ന ബാഴ്‌സലോണയുടെ ആദ്യ കിരീടം കൂടിയാണിത്.
സൗദിയിൽ തുടർച്ചയായി രണ്ടാം സൂപ്പർ കപ്പ് കിരീടം നേടാനും ബാഴ്‌സലോണയുടെ 13 സൂപ്പർ കപ്പ് ട്രോഫികളുടെ റെക്കോർഡിനൊപ്പമെത്താനുമുള്ള ശ്രമത്തിലായിരുന്നു റിയൽ മാഡ്രിഡ്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയെ സെമിഫൈനലിൽ റിയൽ മാഡ്രിഡ് പുറത്താക്കിയിരുന്നു. ഈ സീസണിൽ ഇരു ടീമുകൾക്കും സെമിഫൈനലിൽ എതിരാളികളെ മറികടക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നു.
മാഡ്രിഡ് വലൻസിയയെയും ബാഴ്‌സലോണ റയൽ ബെറ്റിസിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. മുൻ കോച്ച് റൊണാൾഡ് കോമാന്‍റെ കീഴിൽ 2021 കോപ്പ ഡെൽ റേയ്ക്ക് ശേഷം ബാഴ്‌സലോണ ഒരു ട്രോഫിയും ഉയർത്തിയിട്ടില്ല. ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള മെസ്സിയുടെ 35-ാമത്തെയും അവസാനത്തെയും കിരീടമായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.