ലോകകപ്പ് ഓർമകൾക്കായി പ്രത്യേക ഖത്തർ റിയാൽ

ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ ഓർമകൾ മായാതെ സൂക്ഷിക്കാൻ സ്‍പെഷൽ ഖത്തർ റിയാൽ പുറത്തിറക്കി സെൻട്രൽ ബാങ്ക്. ലോകകപ്പ് വർഷത്തെ സൂചിപ്പിക്കുന്ന 22 റിയാലിന്റെ കറൻസിയാണ് ബുധനാഴ്ച നടന്ന ചടങ്ങിൽ ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്.ലോകകപ്പ് ലോഗോയും, ഉദ്ഘാടന മത്സര വേദിയായ അൽ ബെയ്ത് സ്റ്റേഡിയത്തിന്റെയും ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിന്റെയും ചിത്രങ്ങൾ പതിച്ചും മനോഹരമാക്കിയ 22 റിയാലിന്റെ കറൻസിയാണ് പുറത്തിറക്കിയത്.

ഒപ്പം, 10 വ്യത്യസ്ത നാണയങ്ങളും ബാങ്ക് ഉപഭോക്താക്കൾക്കായി പുറത്തിറക്കി. ഫിഫ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി എന്നിവരുമായി സഹകരിച്ചാണ് ഖത്തർ സെൻട്രൽ ബാങ്ക് സ്മരണികയാവുന്ന കറൻസി തയാറാക്കിയത്.ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് ആൽഥാനി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ എന്നിവർ ചേർന്ന് ലോകകപ്പ് കറൻസിയും നാണയവും പുറത്തിറക്കി.

ലോകകപ്പ് റിയാൽ വാങ്ങാം

ലോകകപ്പ് സ്‍പെഷലായ '22റിയാൽ' റിയാൽ ബാങ്കുകളിൽ നിന്നും പണവിനിമയ സ്ഥാപനങ്ങളിൽ നിന്നും വാങ്ങാം. എന്നാൽ, 75 റിയാലാണ് ഈ കറൻസിയുടെ തുക. അതേസമയം, വിപണി മൂല്യം 22 റിയാൽ തന്നെയായിരിക്കും. അറബ് മേഖലയിലും മധ്യപൂർവേഷ്യയിലും ചരിത്രമായി മാറാൻ പോവുന്ന വലിയ മാമാങ്കത്തിന്റെ ആഘോഷങ്ങളിൽ പങ്കാളിയാവുന്നതിന്റെ ഭാഗമായാണ് സ്മരണികയായി പ്രത്യേക കറൻസികൾ പുറത്തിറക്കുന്നതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് ആൽഥാനി പറഞ്ഞു. പോളിമർ ഉപയോഗിച്ച് ആദ്യമായി തയാറാക്കിയ കറൻസിയെന്ന പ്രത്യേകതയോടെയാണ് ലോകകപ്പ് പതിപ്പ് പുറത്തിറങ്ങുന്നത്.

Tags:    
News Summary - Special Qatar Riyal for commemorate the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.