മലപ്പുറം: 59ാമത് സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ മുൻ ചാമ്പ്യൻമാരായ കാസർകോടിനെ 2-1ന് തകർത്ത് കണ്ണൂർ സെമി ഫൈനലിൽ കടന്നു. ഞായറാഴ്ച രാവിലെ നടന്ന കളിയിൽ കണ്ണൂരിനായി മുന്നേറ്റ താരം ആദിൽ അബ്ദുല്ല (47ാം മിനിറ്റ്), മധ്യനിര താരം എ. കൃഷ്ണരാജ് (81) എന്നിവർ ഗോളുകൾ നേടി. പെനാൽറ്റിയിലൂടെയായിരുന്നു കൃഷ്ണരാജിന്റെ ഗോൾ. കാസർകോടിനായി മധ്യനിര താരം യു. ജ്യോതിഷ് (69) വലകുലുക്കി. തുടർന്ന് രണ്ട് മഞ്ഞക്കാർഡ് കണ്ട് ജ്യോതിഷ് കളം വിട്ടു.
കളിയുടെ 40, 72 മിനിറ്റുകളിലായിരുന്നു മഞ്ഞക്കാർഡ്. കളിയുടെ ആദ്യ പകുതിയിൽ തന്നെ ഇരു ടീമുകളും ഗോളിനായി ആക്രമിച്ച് കളിച്ചെങ്കിലും അവസരങ്ങൾ മുതലാക്കാനായില്ല. കണ്ണൂർ ക്യാപ്റ്റൻ റിസ്‌വാനലി എടക്കാവിലിനെ മികച്ച താരമായി തെരഞ്ഞെടുത്തു. ആദ്യ സെമി സെപ്റ്റംബർ ഏഴിന് വൈകീട്ട് നാലിന്.
അതേസമയം, വൈകീട്ട് നടന്ന മത്സരത്തിൽ കോഴിക്കോടിനെ 3-2ന് കീഴടക്കി തിരുവനന്തപുരം ക്വാര്‍ട്ടറിലെത്തി. തിരുവനന്തപുരത്തിനായി ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ട് (25, 56), ജെബിന്‍ ബാസ്‌കോ (59) എന്നിവര്‍ ഗോളുകള്‍ നേടി. കോഴിക്കോടിനായി എം.എ. സുഹൈല്‍ (44), വി. അര്‍ജുന്‍ (90) എന്നിവരാണ് സ്കോർ ചെയ്തത്. ആക്രമിച്ചു കളിക്കാനാണ് ഇരുടീമുകളും ആദ്യം മുതല്‍ ശ്രമിച്ചത്. ഫ്രീകിക്കിലൂടെയായിരുന്നു നിജോയുടെ രണ്ടു ഗോളുകളും. തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ക്വാർട്ടറിൽ തിരുവനന്തപുരം ഇടുക്കിയുമായി ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.