മലപ്പുറം: സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പാലക്കാടും കോട്ടയവും ക്വാർട്ടർ ഫൈനലിൽ കടന്നു. പാലക്കാട് പത്തനംതിട്ടയെ 3-0ത്തിനനും കോട്ടയം വയനാടിനെ ഷൂട്ടൗട്ടിൽ 4-2നും തോൽപിച്ചു. പാലക്കാടിനായി മധ്യനിര താരം കെ. നിർമൽ (5), മുന്നേറ്റ താരം ടി.പി. ഷിജാസ്(13), മധ്യനിര താരം ജി. അഭിജിത്ത് (21) എന്നിവർ ഗോളുകൾ നേടി.
തുടക്കത്തിൽ പത്തനംതിട്ടക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പിന്നീട് കളി പാലക്കാട് വരുതിയിലാക്കി. പാലക്കാടിന്റെ മനോഹരമായ മുന്നേറ്റത്തിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. മധ്യനിരയിലൂടെ ലഭിച്ച പാസുമായി പത്തനംതിട്ടയുടെ പ്രതിരോധനിരയെ മറികടന്നാണ് മധ്യനിര താരം നിർമൽ പാലക്കാടിനായി ആദ്യഗോൾ വലയിലാക്കിയത്. പത്തനംതിട്ടയുടെ ഗോളി വി.ജെ. ജോനാഥൻ സേവിയറിന് സേവ് ചെയ്യാനുള്ള സമയം പോലും ലഭിക്കുന്നതിന് മുമ്പേ പന്ത് വലയിലെത്തിയിരുന്നു. കളിയുടെ 13ാം മിനിറ്റിൽ പാലക്കാടിന്റെ മുന്നേറ്റ താരം ഇ. സജേഷ് നൽകിയ പാസ് മുന്നേറ്റതാരം ടി.പി. ഷിജാസ് ഗോളാക്കി മാറ്റി പാലക്കാടിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. മധ്യനിര താരം അഭിജിത്തിന്റെ ഗോൾ കൂടിയായതോടെ പട്ടിക പൂർത്തിയായി.
കോട്ടയം-വയനാട് കളി 1-1 സമനിലയിൽ കലാശിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കോട്ടയത്തിനായി മുന്നേറ്റതാരം പി. വൈഷ്ണവ് (15), വയനാടിനായി മധ്യനിര താരം നജീബ് (62) എന്നിവർ ഗോളുകൾ നേടി. മധ്യനിരയിൽനിന്ന് ലഭിച്ച പന്തുമായി വൈഷ്ണവ് വയനാടിന്റെ പ്രതിരോധത്തെ കബളിപ്പിച്ച് അടിച്ച ഷോട്ട് വല കുലുക്കുകയായിരുന്നു. 62ാം മിനിറ്റിൽ നജീബിലൂടെ സമനില നേടിയതോടെ വയനാട് കളിയിലേക്ക് തിരിച്ചുവന്നു. കളിയുടെ അവസാന നിമിഷം വരെ വയനാട് പൊരുതിനോക്കിയെങ്കിലും ഫലം കിട്ടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.