ദുബൈ: മലപ്പുറത്തുകാരുടെ ചങ്കിടിപ്പാണ് മറഡോണ. അതേ മറഡോണയുടെ ചങ്കായ ഒരു മലപ്പുറംകാരനുണ്ട് ദുബൈയിൽ. താനൂർ അയ്യായ നെല്ലിശേരി സുലൈമാൻ. ഒമ്പത് വർഷത്തിനിടെ മറഡോണ എപ്പോഴൊെക്ക ദുബൈയിലെത്തിയിട്ടുണ്ടോ, അപ്പോഴെല്ലാം ഡീഗോയുടെ കാറിെൻറ സാരഥിയായി സുലൈമാനുമുണ്ടായിരുന്നു. 2011 ആഗസ്റ്റ് 11ന് തുടങ്ങിയ ബന്ധം മറഡോണയുടെ 60ാം പിറന്നാൾ വരെയും ഒരു കോട്ടവുമില്ലാതെ തുടർന്നു.
മറഡോണക്ക് വെറുമൊരു ഡ്രൈവർ മാത്രമായിരുന്നില്ല സുലൈമാൻ. വീടിനകത്തും പുറത്തും കളിക്കളത്തിലും സന്തതസഹചാരി. ഏത് പാതിരാത്രിക്കും വിളിച്ചുണർത്താൻ സ്വാതന്ത്ര്യമുള്ള സുഹൃത്ത്. 2011ൽ യു.എ.ഇയിലെ അൽവസൽ ക്ലബിെൻറ പരിശീലകനായെത്തിയപ്പോഴാണ് ഡീഗോയെ ആദ്യമായി പരിചയപ്പെടുന്നത്. ക്ലബിെൻറ ഡ്രൈവറായിരുന്ന സുലൈമാനായിരുന്നു മറഡോണയുടെ സാരഥിയാകാനുള്ള നിയോഗം. മാസങ്ങൾക്കു ശേഷം മറഡോണ ക്ലബ് വിട്ടെങ്കിലും സുലൈമാനോടുള്ള ഇഷ്ടം മാത്രം കുറഞ്ഞില്ല. ദുബൈ സ്പോർട്സിെൻറ അംബാസഡറായി തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിെൻറ പ്രധാന ആവശ്യങ്ങളിലൊന്ന് സുലൈമാനെ ഡ്രൈവറായി നിയോഗിക്കണമെന്നായിരുന്നു. അങ്ങനെ, മറഡോണയുടെ ശമ്പളത്തിൽ സുലൈമാൻ ഡ്രൈവിങ് തുടങ്ങി. പിന്നീട് ദുബൈയിലെത്തിയപ്പോഴെല്ലാം ഡ്രൈവിങ് സീറ്റിൽ മറഡോണയുടെ 'സുലൈ' ഉണ്ടായിരുന്നു. പാം ജുമൈറയിൽ ഡീഗോക്കൊപ്പമായിരുന്നു താമസം. ടി.വിയിൽ കളിയുള്ള ദിവസങ്ങളിൽ എത്ര ഉറക്കത്തിലാണെങ്കിലും വിളിച്ചുണർത്തണം. സ്പാനിഷ് ഭാഷയിലാണ് സംസാരം. അറിയാവുന്ന ഭാഷയിൽ സുലൈ മറുപടി നൽകും. അത്യാവശ്യഘട്ടങ്ങളിൽ ട്രാൻസ്ലേറ്ററുടെ സഹായം തേടും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്തബന്ധം ഇപ്പോഴുമുണ്ട്. ഒരിക്കൽ സുലൈമാൻ പോലുമറിയാതെ മലപ്പുറത്തുള്ള കുടുംബത്തെ ദുബൈയിലെത്തിക്കാൻ ടിക്കറ്റെടുത്തത് അദ്ദേഹം ഇപ്പോഴും ഓർമിക്കുന്നു. ഡീഗോയുടെ അഭിഭാഷകയെ വിമാനത്താവളത്തിൽ എത്തിക്കാൻ വൈകിയതിെൻറ പേരിൽ വിമാനം നഷ്ടപ്പെട്ടതും ജോലി പോകുമെന്ന് ഭയന്നതും 'സാരമില്ല' എന്ന് പറഞ്ഞ് മറഡോണ സമാധാനിപ്പിച്ചതും ഓർമയിൽ സൂക്ഷിക്കുന്നു. സുലൈമാെൻറ ഉമ്മാക്ക് സുഖമില്ലാതെ വന്നപ്പോൾ പത്ത് ദിവസം ലീവ് നൽകി നാട്ടിലേക്കയച്ചു. ആശുപത്രിയിലുള്ള ഉമ്മയെ വിഡിയോകാൾ ചെയ്ത് സമാധാനിപ്പിച്ചത് മറഡോണയിലെ നന്മയുള്ള മനുഷ്യെൻറ തെളിവായി സുലൈമാൻ ചൂണ്ടിക്കാണിക്കുന്നു. ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്.
മറഡോണ മാത്രമല്ല, അർജൻറീനൻ താരം സെർജിയോ അഗ്യൂറോയും കുടുംബവും ദുബൈയിലെത്തിയാലും ഡ്രൈവർ സീറ്റിൽ സുലൈമാൻ ഉണ്ടാവും. ദുബൈ ഇൻറർനാഷനൽ സിറ്റിയിൽ താമസിക്കുന്ന സുലൈമാൻ സ്വകാര്യസ്ഥാപനത്തിെൻറ മെഡിക്കൽ ഡിപ്പാർട്മെൻറിൽ ഡ്രൈവറാണ്. കഴിഞ്ഞതവണ മടങ്ങുേമ്പാൾ വിലകൂടിയ വാച്ച് സമ്മാനമായി നൽകിയത് ഇപ്പോഴും നിധിേപാലെ സൂക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.