2005 ജൂണിൽ ഇന്ത്യൻ ഫുട്ബാൾ ടീം അയൽരാജ്യമായ പാകിസ്താനിലേക്ക് പറക്കുമ്പോൾ കൂട്ടത്തിലൊരു 20 വയസ്സുകാരനുണ്ടായിരുന്നു; സംഘത്തിൽ ഏറ്റവും ജൂനിയറും പുതുമുഖവും. ഇന്ത്യയുടെ മുന്നേറ്റം നയിച്ചിരുന്ന ബൈച്യുങ് ബൂട്ടിയ പരിക്കുകാരണം ടീമിന് പുറത്തിരുന്ന നാളുകൾ. ജൂൺ 12ന് ക്വറ്റ അയ്യൂബ് സ്റ്റേഡിയത്തിൽ ആദ്യ മത്സരം. സുഖ് വീന്ദർ സിങ്ങായിരുന്നു അന്ന് ഇന്ത്യൻ പരിശീലകൻ. അതുവരെ ഒരു അന്താരാഷ്ട്ര മത്സരംപോലും കളിക്കാത്ത സുനിൽ ഛേത്രിയെ ആദ്യ ഇലവനിലിറക്കാൻ ധൈര്യം കാട്ടി സുഖ് വീന്ദർ. പയ്യൻ നിരാശപ്പെടുത്തിയില്ല. ഗോൾരഹിതമായ ആദ്യ ഒരു മണിക്കൂറിനുശേഷം 65ാം മിനിറ്റിൽ സമനിലപ്പൂട്ട് പൊട്ടിച്ച് ഛേത്രി പാക് വലയിൽ നിറയൊഴിച്ചു. പിന്നെ ഓടിച്ചെന്നത് ഗാലറിയിൽ പാകിസ്താൻ ആരാധകർ നിറഞ്ഞ ഭാഗത്തേക്ക്. അവർക്ക് മുന്നിലായിരുന്നു ഗോളാഘോഷം. ഇന്ത്യൻ ഫുട്ബാളിലൊരു ഇതിഹാസം പിറവിയെടുക്കുകയായിരുന്നു.
ഇരുപതാണ്ട് തികയുന്ന അന്താരാഷ്ട്ര കരിയറിന് ഫൈനൽ വിസിൽ മുഴക്കി ഛേത്രി നീലക്കുപ്പായമഴിക്കുകയാണ്. സംഭവബഹുലമായ കരിയറിന് ഇതോടെ അന്ത്യമാവുന്നു. നിലവിൽ സജീവമായ കളിക്കാരിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും കഴിഞ്ഞാൽ ഗോൾവേട്ടക്കാരിൽ മൂന്നാമതുള്ള താരമാണ്. ഇന്ത്യക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിക്കുകയും ടീമിനെ നയിക്കുകയും ഗോളടിക്കുകയും ചെയ്തയാൾ. ഡസനിലധികം കിരീടങ്ങളിലും മുത്തമിട്ടു. ക്ലബ് ഫുട്ബാളിലുമുണ്ട് അസാമാന്യ നേട്ടങ്ങൾ. കൻസാസ് സിറ്റി വിസാർഡ്സ് (അമേരിക്ക), സ്പോർട്ടിങ് ക്ലബ് പോർചുഗൽ എന്നീ വിദേശ ടീമുകൾക്കായി കളിച്ച ഏക ഇന്ത്യൻ താരവുമാണ് ഛേത്രി.
വരുന്ന ആഗസ്റ്റ് മൂന്നിന് 40 വയസ്സ് തികയുകയാണ് ഛേത്രിക്ക്. ലോകകപ്പ് യോഗ്യതയെന്ന സ്വപ്നം ഇനിയും അകലെയാണെങ്കിലും ഇന്ത്യക്കുവേണ്ടി ആവുന്നത്ര കളിക്കുകയും സാധ്യമാവുന്ന ഉയരങ്ങളിലെത്തിക്കുകയും ചെയ്തതിന്റെ ചാരിതാർഥ്യത്തിൽത്തന്നെയാണ് പടിയിറക്കം. ഗോളടിക്കാൻ പഠിക്കണമെന്ന് യുവതാരങ്ങളെ പരിശീലകർ ഉപദേശിച്ച് നിരാശപ്പെടുന്നകാലത്ത് ഛേത്രിയുടെ വിടവാങ്ങലുണ്ടാക്കുന്ന വിടവ് അടുത്തകാലത്തൊന്നും നികത്തപ്പെടില്ലെന്നുറപ്പാണ്. പകരക്കാരനുവേണ്ടിയുള്ള ഇന്ത്യൻ ഫുട്ബാളിന്റെ കാത്തിരിപ്പ് തുടരും.
ജനനം: 1984 ആഗസ്റ്റ് 3
ജന്മസ്ഥലം: സെക്കന്ദരാബാദ്, തെലങ്കാന
മാതാപിതാക്കൾ: സുശീല, കെ.ബി. ഛേത്രി
ഭാര്യ: സോനം ഭട്ടാചാര്യ
പൊസിഷൻ: ഫോർവേഡ്
അരങ്ങേറ്റം: 2005 ജൂൺ 12ന് പാകിസ്താനെതിരെ ക്വറ്റയിൽ
1. 2008 എ.എഫ്.സി ചലഞ്ച് കപ്പ് ഫൈനലിൽ തജികിസ്താനെതിരെ
2. 2010ലെ സൗഹൃദ മത്സരത്തിൽ വിയറ്റ്നാമിനെതിരെ
3. 2018 ഇൻറർകോണ്ടിനെൻറൽ കപ്പിൽ ചൈനീസ് തായ്പേയ്ക്കെതിരെ
4. 2023ലെ സാഫ് കപ്പിൽ പാകിസ്താനെതിരെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.