ദോഹ: 13 വർഷം മുമ്പ് ഇതുപോലൊരു ജനുവരി മാസത്തിലെ കിടിലൻ തണുപ്പിനിടയിലായിരുന്നു ഏഷ്യൻ കപ്പിൽ ഇന്ത്യ ബൂട്ടുകെട്ടിയത്. 27 വർഷത്തെ കാത്തിരിപ്പിനു ശേഷമെത്തിയ ഏഷ്യൻ കപ്പ് ടിക്കറ്റിൽ കളിക്കാനിറങ്ങുേമ്പാൾ വേദി ഖത്തർ. ആദ്യ മത്സരത്തിലെ എതിരാളി ടിം കാഹിലിന്റെ ആസ്ട്രേലിയ. ബോബ് ഹൂട്ടനു കീഴിലിറങ്ങിയ ഇന്ത്യയുടെ ആക്രമണം നയിച്ചത് 26 കാരനായ സുനിൽ ഛേത്രിയായിരുന്നു.
ബൈച്ചൂങ് ബൂട്ടിയയും മുഹമ്മദ് റാഫിയും എൻ.പി പ്രദീപുമെല്ലാം കളിച്ച് ടീം ഗ്രൂപ് റൗണ്ടിൽ വലിയ തോൽവിയോടെ മടങ്ങിയത് ചരിത്രം. അതിനുശേഷം, വർഷങ്ങൾക്കിപ്പുറം അതേ ടൂർണമെൻറിൽ കാഹിലിന്റെ പിൻഗാമികൾക്കെതിരെ ഇന്ത്യ ബൂട്ടുകെട്ടുേമ്പാൾ നീലക്കടുവകളുടെ മുന്നേറ്റത്തിലെ കുന്തമുന അതേ ഛേത്രി തന്നെ. ഇപ്പോൾ പ്രായം 39. 145 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയ സമ്പത്തും 93 ഗോളുകളുടെ തിളക്കവുമുള്ള കരിയറുമായി വീണ്ടും ഛേത്രി തന്റെ മൂന്നാം ഏഷ്യൻ കപ്പിനായി ഖത്തറിലെത്തുേമ്പാൾ 24 ടീമുകളിൽ കാരണവരും ഈ ഇന്ത്യൻ നായകൻ തന്നെ. പ്രായത്തിൽ സുനിൽ ഛേത്രിക്കും മുന്നിൽ നൂറു ദിവസത്തെ വ്യത്യാസത്തിൽ തായ്ലൻഡ് ഗോൾകീപ്പർ സിവാറക് ടെസുങ്നോൻ ഉണ്ടെങ്കിലും മത്സരങ്ങളുടെ എണ്ണത്തിലും ഏഷ്യൻ കപ്പിലെ പരിചയത്തിലുമെല്ലാം ഛേത്രിതന്നെ ഖത്തറിലെ ഗോഡ്ഫാദർ.
ടൂർണമെൻറിന്റെ ഐക്കൺ താരങ്ങളിലൊന്നായാണ് ഇന്ത്യൻ നായകനെ സംഘാടകരും വിശേഷിപ്പിക്കുന്നത്. ഇത് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഏഷ്യൻ കപ്പ് സംഘാടക സമിതി സി.ഇ.ഒ കൂടിയായ ജാസിം അബ്ദുൽ അസീസ് അൽ ജാസിമിന്റെ വാക്കുകൾ. ‘ സുനിൽ ഛേത്രി ഈ ടൂർണമെൻറിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തെ കാണാൻ മാത്രം ഒരുപാട് ആരാധകർ മാച്ച് ടിക്കറ്റുകൾ വാങ്ങികൂട്ടിയെന്നത് സന്തോഷം നൽകുന്നു. ഇന്ത്യൻ ടീമിനെ വരവേറ്റുകൊണ്ട് നൂറുകണക്കിന് ആരാധകർ വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്നതും, അദ്ദേഹത്തിനുള്ള സ്വീകാര്യതയുടെ സാക്ഷ്യമാണ്’ -കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ജാസിം പറഞ്ഞു.
13 വർഷം മുമ്പ് ബോബ് ഹൂട്ടനും ഇപ്പോൾ ഇഗോർ സ്റ്റിമാകിനും സുനിൽ ഛേത്രി ഒഴിച്ചുനിർത്തിയൊരു ഗെയിം പ്ലാനില്ലെന്ന് ഖത്തറിലെ ഒരുക്കങ്ങൾ തെളിയിക്കുന്നു. മുന്നേറ്റത്തിൽ നിലയുറപ്പിച്ച് ടീമിന്റെ നീക്കങ്ങൾക്ക് വേഗം നൽകാനും എതിർ പ്രതിരോധ നിരയെ മറികടന്ന് ഗോളുകൾ അടിച്ചുകൂട്ടാനുമുള്ള സുനിൽ ഛേത്രിയുടെ മിടുക്കാണ് സൂപ്പർതാരത്തെ 39ാം വയസ്സിലും ഇന്ത്യൻ മുന്നേറ്റങ്ങളുടെ എൻജിനായി നിലനിർത്തുന്നത്. 2011ൽ ബഹ്റൈനും ദക്ഷിണ കൊറിയക്കുമെതിരെ ഓരോ ഗോൾ നേടിയ ഛേത്രി, 2019ൽ തായ്ലൻഡിനെതിരെ ഇരട്ട ഗോളുമായും ഇന്ത്യൻ ആക്രമണങ്ങൾക്ക് നായകത്വം നൽകി.
കോച്ച് സ്റ്റിമാക്കിന്റെ ഇഷ്ട ഗെയിം പ്ലാനുകളായി ,4-2-3-1, 4-1-2-3 ഫോർമേഷനുകളിൽ ഛേത്രിക്കാണ് ആക്രമണ ചുമതല. നൗറം സിങ്ങും ചാങ്തേയും വിങ്ങുകളെ ചടുലമാക്കുേമ്പാൾ അവസരങ്ങൾ ഗോളാക്കാൻ ഛേത്രിയെ തന്നെ ആശ്രയിക്കുന്നു. അല്ലെങ്കിൽ, എതിരാളികളെ ഛേത്രിയിലേക്ക് തളച്ച് സഹതാരങ്ങൾക്ക് ഗോളടിക്കാൻ അവസരമൊരുക്കുന്നു.
ഛേത്രിയുടെ വിരമിക്കലിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ദോഹയിൽ നൽകിയ അഭിമുഖത്തിൽ സ്റ്റിമാക് നേരിട്ട ഒരു ചോദ്യം. എന്നാൽ, നിലവിൽ അദ്ദേഹത്തിൽ അങ്ങനെയൊരു സമ്മർദമില്ലെന്നും, ഇതേ ഫിറ്റ്നസും കളി ആസ്വദിക്കാനുള്ള മനസ്സും നിലനിർത്തുന്ന കാലത്തോളം അദ്ദേഹത്തോടൊപ്പം ടീമും ഉണ്ട് എന്ന് സ്റ്റിമാക് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.